കോഴിക്കോട് - സി.ഐ.സിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ യോഗങ്ങളിൽ കൈക്കൊണ്ട തീരുമാനങ്ങളിൽ മാറ്റമില്ലെന്ന് കോഴിക്കോട് സമസ്ത കാര്യാലയത്തിൽ ചേർന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മുശാവറ യോഗം ആവർത്തിച്ചു പ്രഖ്യാപിച്ചു. സമസ്തയും സി.ഐ.സിയും തമ്മിലുള്ള ബന്ധം തുടരണമെന്നാവശ്യപ്പെട്ട് സി.ഐ.സി നൽകിയ കത്ത് തള്ളിയാണ് മുശാവറ യോഗം നിലപാട് ആവർത്തിച്ചത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
പൊതുസമൂഹത്തിന്റെ നന്മക്കും അഹ്‌ലുസ്സുന്നത്തി വൽജമാഅത്തിന്റെ വിശ്വാസ ആചാര അനുഷ്ഠാനങ്ങളുടെ സംരക്ഷണത്തിനും ബിദഈ കക്ഷികളുടെയും യുക്തിവാദികൾ തുടങ്ങി മറ്റും വഴിപിഴച്ച പ്രസ്ഥാനക്കാരുടെയും അബദ്ധങ്ങൾ തുറന്നുകാട്ടുന്നതിനും അത്തരം കാര്യങ്ങൾ നിയമത്തിനും ശരീഅത്തിനും അനുസൃതമായി പ്രതിരോധിക്കുന്നതിനും വേണ്ടി നിലനിന്നു പോരുന്ന പ്രസ്ഥാനമാണ് സമസ്ത. സമസ്തയുടെ ഏതു തീരുമാനങ്ങളും ആവശ്യമായ പഠനങ്ങളും ചർച്ചകളും നടത്തിയ ശേഷമാണ് എടുക്കാറുള്ളത്. ബിദ്ഈ പ്രസ്ഥാനക്കാരെ സംബന്ധിച്ചും പിഴച്ച ത്വരീഖത്തുകളെ സംബന്ധിച്ചും എല്ലാം ഇങ്ങനെ തന്നെയാണ് തീരുമാനങ്ങൾ എടുത്തത്.
അബ്ദുൽഹക്കീം ഫൈസി ആദൃശ്ശേരിയെ സംബന്ധിച്ച് അദ്ദേഹത്തിന്റെ ലേഖനങ്ങൾ, പ്രസംഗങ്ങൾ, ക്ലാസുകൾ, അദ്ദേഹം നേതൃത്വം നൽകുന്നതോ പങ്കാളിത്തം വഹിക്കുന്നതോ ആയ സ്ഥാപനങ്ങളിലെ ലൈബ്രറികൾ, സിലബസ് തുടങ്ങിയവ പരിശോധിച്ചപ്പോൾ അബ്ദുൽഹക്കീം ഫൈസിയുടെ ആദർശ നിലപാടുകളിൽ ബിദഈ ചിന്തകൾ കടന്നുകൂടിയിട്ടുണ്ടെന്ന് സമസ്തക്ക് ബോധ്യമായി. അക്കാരണത്താലാണ് 1.4.2023ന് ചേർന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ യോഗം അബ്ദുൽ ഹക്കീം ഫൈസി ആദൃശേരി നേതൃത്വം നൽകുന്നതോ അദ്ദേഹത്തിന് പങ്കാളിത്തമുള്ളതോ ആയ വിദ്യാഭ്യാസ സംവിധാനങ്ങളുമായി സമസ്തക്ക് ബന്ധമില്ലെന്ന് പ്രഖ്യാപിച്ചത്.
സമസ്ത ഈ തീരുമാനം പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് സി.ഐ.സിയുമായി ബന്ധപ്പെട്ട പല സ്ഥാപന മാനേജ്‌മെന്റുകളും അബ്ദുൽ ഹക്കീം ഫൈസിയുടെ നേതൃത്വത്തിൽ നിന്ന് പിന്മാറുകയും സമസ്തയെ സമീപിക്കുകയും അവർക്ക് ബദൽ സംവിധാനം ഏർപ്പെടുത്തി കൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്തത്.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക പദ്ധതിയിൽപ്പെട്ട ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സമസ്ത നാഷണൽ എജുക്കേഷൻ കൗൺസിലിന് രൂപം നൽകുകയും സംഘടന ഉയർത്തിപ്പിടിക്കുന്ന ആശയാദർശങ്ങൾ മുറുകെപ്പിടിച്ച് ഏറ്റവും നല്ല നിലവാരത്തിൽ മത ഭൗതിക വിദ്യാഭ്യാസ സംവിധാനം ഏർപ്പെടുത്തിയത് സ്ഥാപനങ്ങൾക്കും രക്ഷിതാക്കൾക്കും തണലേകുകയും ചെയ്തിട്ടുണ്ട്. ഇതിനിടയിൽ സമൂഹത്തിൽ പലവിധ തെറ്റിദ്ധാരണകളും പരത്തി പലതരത്തിലുള്ള ഭിന്നിപ്പുകളും ഉണ്ടാക്കാൻ ചിലരുടെ ഭാഗത്തുനിന്നും ശ്രമങ്ങൾ തുടങ്ങി. ചില വാർത്താമാധ്യമങ്ങളും ചില ചാനലുകളും അതിൽ പങ്കുചേരുകയും സോഷ്യൽ മീഡിയ അതിനു വേണ്ടി ചിലർ ദുരുപയോഗം ചെയ്യുകയും ഉണ്ടായി. ഈ സാഹചര്യത്തിൽ സമസ്തയുടെയും മുസ്‌ലിംലീഗിന്റെയും നേതാക്കൾ പല പ്രാവശ്യം യോഗം ചേർന്ന് പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ഏതാനും തീരുമാനങ്ങൾ കൈകൊള്ളുകയുണ്ടായി.
സമസ്തയെ സംബന്ധിച്ചിടത്തോളം മേൽ തീരുമാനങ്ങളിൽ സമസ്ത ഉറച്ചു നിൽക്കുകയാണ്. സമസ്തയുടെ നിലപാടുകൾക്കോ തീരുമാനങ്ങൾക്കോ യാതൊരുവിധ മാറ്റവും വരുത്താതെ സമൂഹത്തെ പരമാവധി ഒന്നിച്ചു നിർത്താൻ സമസ്ത പരിശ്രമിക്കുന്നതാണ്. സമസ്തയുടെ പ്രവർത്തകരോ പ്രസ്ഥാനബന്ധുക്കളോ ആയ അനാവശ്യ ചർച്ചകളിലോ തെറ്റിദ്ധാരണകളിലോ അകപ്പെട്ടു പോകരുതെന്ന് പ്രത്യേകം ഉണർത്തുന്നതായും യോഗം അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റ്് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ, എം.ടി അബ്ദുല്ല മുസ്‌ലിയാർ, പി.പി ഉമർ മുസ് ലിയാർ കൊയ്യോട്, യു.എം അബ്ദുറഹിമാൻ മുസ്‌ലിയാർ, കോട്ടുമല മൊയ്തീൻകുട്ടി മുസ്‌ലിയാർ, എം.പി കുഞ്ഞുമുഹമ്മദ് മുസ്‌ലിയാർ, കെ ഉമർ ഫൈസി മുക്കം, എ.വി അബ്ദുറഹ്മാൻ മുസ്‌ലിയാർ, വി മൂസക്കോയ മുസ്‌ലിയാർ, പി.കെ മൂസക്കുട്ടി ഹസ്രത്ത്, കെ ഹൈദർ ഫൈസി പനങ്ങാങ്ങര, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, എം മൊയ്തീൻകുട്ടി മുസ്‌ലിയാർ വാക്കോട്, കെ.കെ.പി അബ്ദുല്ല മുസ്‌ലിയാർ, ഇ.എസ് ഹസ്സൻ ഫൈസി, പി.കെ ഹംസക്കുട്ടി മുസ്‌ലിയാർ ആദൃശേരി, ഐ.ബി ഉസ്മാൻ ഫൈസി, എം.എം അബ്ദുല്ല ഫൈസി, എം.പി മുസ്തഫൽ ഫൈസി, ബി.കെ അബ്ദുൽ ഖാദർ മുസ്‌ലിയാർ ബംബ്രാണ, മാഹിൻ മുസ്‌ലിയാർ തൊട്ടി, പി.എം അബ്ദുസ്സലാം ബാഖവി, എം.പി അബ്ദുൽ ഖാദർ മുസ്‌ലിയാർ പൈങ്കണ്ണിയൂർ, സി കെ സൈദാലിക്കുട്ടി ഫൈസി, അസ്‌കർ അലി ഫൈസി പട്ടിക്കാട്, സി.കെ അബ്ദുറഹ്മാൻ ഫൈസി അരിപ്ര, കെ.എം ഉസ്മാൻ ഫൈസി തോടാർ, അബൂബക്കർ ദാരിമി ഒളവണ്ണ, എൻ അബ്ദുല്ല മുസ്‌ലിയാർ, അബ്ദുസ്സലാം ദാരിമി ആലംപാടി ചർച്ചയിൽ പങ്കെടുത്തു.