Sorry, you need to enable JavaScript to visit this website.

ഫലസ്തീന്‍ ജനതക്ക് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് സൗദി, സംഘര്‍ഷം അവസാനിപ്പിക്കാന്‍ ശ്രമിക്കുമെന്ന് കിരീടാവകാശി

ജിദ്ദ - ഫലസ്തീന്‍ ജനതയുടെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാനും അവരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും സാക്ഷാല്‍ക്കരിക്കാനും നീതിപൂര്‍വകവും ശാശ്വതവുമായ സമാധാനം കൈവരിക്കാനും സൗദി അറേബ്യ ഫലസ്തീനികള്‍ക്കൊപ്പം നിലയുറപ്പിക്കുമെന്നും നിലവിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ സൗദി അറേബ്യ ശ്രമങ്ങള്‍ നടത്തുമെന്നും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.
ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഫലസ്തീന്‍ ജനതക്കുള്ള ഉറച്ച പിന്തുണ സൗദി കിരീടാവകാശി വ്യക്തമാക്കിയത്. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി ഫലസ്തീന്‍ പ്രസിഡന്റ് ഫോണില്‍ ബന്ധപ്പെടുകയായിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

ഗാസയിലും പരിസര പ്രദേശങ്ങളിലും നടക്കുന്ന സൈനിക ആക്രമണങ്ങളെയും, സാധാരണക്കാരുടെ ജീവനും മേഖലയുടെ സുരക്ഷാ ഭദ്രതക്കും ഭീഷണി സൃഷ്ടിക്കും വിധത്തില്‍ സ്ഥിതിഗതികള്‍ വഷളാകുന്നതിനെയും കുറിച്ച് ഇരുവരും വിശകലനം ചെയ്തു. നിലവിലെ ആക്രമണങ്ങള്‍ അവസാനിപ്പിക്കാനും സംഘര്‍ഷം മേഖലയില്‍ വ്യാപിക്കുന്നത് തടയാനും മുഴുവന്‍ അന്താരാഷ്ട്ര, പ്രാദേശിക കക്ഷികളുമായും ആശയവിനിമയത്തിന് സൗദി അറേബ്യ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. അന്താരാഷ്ട്ര നിയമങ്ങള്‍ എല്ലാവരും പാലിക്കണമെന്നും സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തരുതെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. സൗദി ഭരണാധികാരികളുടെ ഉറച്ച നിലപാടുകളെയും ഫലസ്തീന്‍ ജനതക്കൊപ്പം നില്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങളെയും ഫലസ്തീന്‍ പ്രസിഡന്റ് അഭിനന്ദിക്കുകയും ഇതിന് നന്ദി പ്രകടിപ്പിക്കുകയും ചെയ്തു.
ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസിയുമായും ജോര്‍ദാന്‍ ഭരണാധികാരി അബ്ദുല്ല രണ്ടാമന്‍ രാജാവുമായും സൗദി കിരീടാവകാശി ഫോണില്‍ ബന്ധപ്പെട്ട് പശ്ചിമേഷ്യന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശകലനം ചെയ്തു. ഗാസയിലും പരിസര പ്രദേശങ്ങളിലും ആക്രമണം അവസാനിപ്പിക്കാനും മേഖലയിലേക്ക് ഇത് വ്യാപിക്കുന്നത് തടയാനും അന്താരാഷ്ട്ര, പ്രാദേശിക തലങ്ങളില്‍ ശ്രമങ്ങള്‍ ഊര്‍ജിതമാക്കാന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റുമായും ജോര്‍ദാന്‍ രാജാവുമായും സൗദി കിരീടാവകാശി നടത്തിയ ചര്‍ച്ചകളില്‍ ധാരണയായി.

 

Latest News