തിരുവനന്തപുരം / കണ്ണൂർ - യൂത്ത് കോൺഗ്രസ് നേതാവ് കണ്ണൂർ ജില്ലയിലെ മട്ടന്നൂർ ശുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയ്ക്കതിരെ കാപ്പ ചുമത്തിയ നടപടി റദ്ദാക്കി. വിയ്യൂർ ജയിലിൽ ജയിലറെ ആക്രമിച്ചത് കാപ്പ ചുമത്താൻ പര്യാപ്തമല്ലെന്ന് കാപ്പ ഉപദേശക സമിതി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ആകാശിനെതിരെ കാപ്പ ചുമത്തിയ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കുടുംബം പരാതി നല്കിയിരുന്നു. വിയ്യൂർ സെൻട്രൽ ജയിലിൽ ജയിലറെ മർദ്ദിച്ചുവെന്ന കേസിലും പ്രതിയായതോടെയാണ് ആകാശിനെതിരെ കാപ്പ ചുമത്തിയത്.
സി.പി.എമ്മിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് ആകാശ് തില്ലങ്കേരി കുറച്ചുമുമ്പ് ഫെയ്‌സ്ബുക്കിൽ വെളിപ്പെടുത്തിയത് വലിയ വിവാദമായിരുന്നു. പാർട്ടിയുടെ സംരക്ഷണം ലഭിക്കാതായതോടെയാണ് ക്വട്ടേഷൻ സംഘങ്ങളിലേക്കു വഴി മാറിപ്പോയതെന്നും തെറ്റുതിരുത്തിക്കാൻ ആരും ശ്രമിച്ചില്ലെന്നും ആകാശ് വ്യക്തമാക്കിയിരുന്നു. കൊലപാതകത്തിന് ആഹ്വാനം ചെയ്തവർക്ക് സഹകരണ സ്ഥാപനങ്ങളിൽ ജോലി കിട്ടിയെന്നും നടപ്പാക്കിയവർക്ക് പട്ടിണിയും പടിയടച്ച് പിണ്ഡംവെക്കലുമാണ് പ്രതിഫലമെന്നും ആകാശ് കുറ്റപ്പെടുത്തിയത് സി.പി.എമ്മിനെ ഏറെ പ്രതിരോധത്തിലാക്കിയിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
എന്നാൽ, ശുഹൈബ് വധത്തിൽ സി.പി.എമ്മിന് പങ്കില്ലെന്നും കേസിലെ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരി നടത്തുന്നത് മാപ്പ് സാക്ഷിയാകാനുളള ശ്രമമാണെന്നും ഈ കേസിൽ ഒരു അന്വേഷണത്തെയും പാർട്ടി ഭയക്കുന്നില്ലെന്നുമായിരുന്നു സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പ്രതികരിച്ചിരുന്നത്.
2018 ഫെബ്രുവരി 12ന് രാത്രിയാണ് യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരിക്കെ ശുഹൈബ് ആക്രമിക്കപ്പെട്ടത്. സുഹൃത്തിനൊപ്പം തട്ടുകയിൽ ഇരിക്കുമ്പോൾ ശുഹൈബിനെ കാറിലെത്തിയ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷമുണ്ടാക്കിയ ശേഷമായിരുന്നു അക്രമികൾ ഈ ചെറുപ്പക്കാരനെ അരുംകൊല ചെയ്തത്.