ഐഫോണിൽ രണ്ട് സിം വരുമെന്ന അഭ്യൂഹം ആരംഭിച്ചത് ഈ വർഷം ആദ്യത്തോടെ ആയിരുന്നു. ഇപ്പോൾ ഇതാ ആപ്പിളിന്റെ ഐഒഎസ് 12 ആ റിപ്പോർട്ടുകൾ ശരിവെക്കുന്നു.
പുതിയ ഐഫോൺ എക്‌സ് പ്ലസിൽ 6.5 ഇഞ്ച് ഓലൈഡ് ഡിസ്‌പ്ലേക്ക് പുറമെ, ഇരട്ട സിം സൗകര്യവും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ആഗോള വ്യാപകമായി ഇല്ലെങ്കിലും ചില മേഖലകളിലെങ്കിലും ഈ വർഷം തന്നെ ഇരട്ട സിം ഐഫോൺ ഇറക്കുമെന്നാണ് സൂചന. ഐഒസ് 12 ബീറ്റാ പതിപ്പ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഇരട്ട സിം സംവിധാനമുണ്ടാകുന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ രണ്ടാമത്തെ സിമ്മിന് പ്രത്യേക ട്രേ തന്നെ ഉണ്ടാകുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ഡ്യുവൽ സിം സപ്പോർട്ടോടെ ഇറങ്ങാനിരിക്കുന്ന ഐഫോണിൽ സിംഗിൾ ട്രേയും ഇ-സിം സപ്പോർട്ടുമായിരിക്കുമെന്ന നേരത്തെയുള്ള റിപ്പോർട്ടുകൾക്ക് വിരുദ്ധമാണിത്.
ഭാവിയിൽ വരാനിരിക്കുന്ന സംവിധാനങ്ങൾ കൂടി ഐഒസ് ബിറ്റാ പതിപ്പുകളിൽ ഉൾപ്പെടുത്തിയതിൽ ആപ്പിളിനെ സംബന്ധിച്ചിടത്തോളം പുതുമയില്ല. വളരെ കൃത്യതയോടെയുള്ളതാണ് ഐഒസ് 12 ബീറ്റാ പതിപ്പ്. പുതിയ എയർപോഡ്‌സ് വയർലെസ് ചാർജിംഗ് കെയ്‌സും ഉടൻ പുറത്തിറക്കുമെന്ന സൂചന ഐഒഎസ് 12 ബീറ്റയിലുണ്ട്.
വാർഷിക ഐഫോൺ ഇവന്റ് സെപ്റ്റംബറിലാണ് നടക്കുക. മൂന്ന് പുതിയ ഐഫോണുകൾ സെപ്റ്റംബറിൽ പുറത്തിറക്കുമെന്ന് നേരത്തെ തന്നെ അഭ്യൂഹമുണ്ട്.