ലഖ്‌നൗ - ഈയിടെ എ.ഐ.സി.സി ആസ്ഥാനത്തിന് പുറത്തുവെച്ച് ഏതാനും പ്രവർത്തകരാൽ മർദ്ദനത്തിന് ഇരയായ നടിയും മോഡലുമായ അർച്ചന ഗൗതമിനെ കോൺഗ്രസിൽനിന്ന് പുറത്താക്കി. ആറു വർഷത്തേക്കാണ് അച്ചടക്ക നടപടി.
നടിയുടെ സ്വഭാവദൂഷ്യത്തെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചതിനു പിന്നാലെയാണ് നടപടിയെന്നാണ് കോൺഗ്രസ് വിശദീകരണം. 2022-ലെ യു.പി നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു നടി. അന്ന് അഞ്ചാംസ്ഥാനത്തെത്തിയ ഇവർക്ക് വെറും 1500 വോട്ടുകൾ മാത്രം നേടി കെട്ടിവെച്ച പണം പോലും ലഭിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വാടകയ്‌ക്കെടുത്ത വാഹനങ്ങളുടെ വാടകയൊന്നും ഇതുവരെയും അടച്ചുതീർത്തിട്ടില്ലെന്നും ആക്ഷേപമുണ്ട്..
ജൂണിൽ തന്നെ നടിയെ പാർട്ടി പുറത്താക്കിയിരുന്നെങ്കിലും കഴിഞ്ഞ ദിവസത്തെ സംഭവങ്ങൾക്കു പിന്നാലെയാണ് ഇക്കാര്യം പരസ്യമായതെന്നാണ് വിവരം. മീററ്റിലെ കോൺഗ്രസ് നേതൃത്വത്തിന്റേതടക്കമുള്ള വിവിധ പരാതികൾ അർച്ചനയ്‌ക്കെതിരെ ലഭിച്ചിരുന്നുവെന്ന് യു.പി കോൺഗ്രസ് വക്താവ് അൻഷു അശ്വതി പറഞ്ഞു. മോശം പെരുമാറ്റത്തെക്കുറിച്ച് നിരവധി പ്രവർത്തകർ പരാതി നൽകിയിരുന്നു. രാഷ്ട്രീയ പശ്ചാത്തലമൊന്നും ഇല്ലാത്തയാളായിട്ടും നടിയെ പാർട്ടി വിശ്വസിക്കുകയായിരുന്നു. അവർക്കു വേണ്ടി പ്രവർത്തിച്ച പ്രവർത്തകരോട് പോലും മോശമായ പെരുമാറ്റമുണ്ടായി. ഇതേതുടർന്ന് അർച്ചനയെ പാർട്ടിയിൽനിന്നു പുറത്താക്കാൻ അച്ചടക്കസമിതി തീരുമാനിക്കുകയാണുണ്ടായതെന്ന് പാർട്ടി വക്താവ് വിശദീകരിച്ചു.
ഡൽഹിയിലെ കോൺഗ്രസ് ഓഫിസിന് പുറത്ത് ഗേറ്റിനകത്ത് കടക്കാൻ അനുവദിക്കാതെ അർച്ചനയെയും അവരുടെ പിതാവിനെയും പ്രവർത്തകർ തടഞ്ഞ് കൈയ്യേറ്റം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തന്റെ മുടി വലിച്ചിഴച്ചുവെന്നും റോഡ് ഓൺ റേപ്പിൽ കുറഞ്ഞ സംഭവമല്ലിതെന്നും നടി സംഭവത്തിൽ പ്രതികരിച്ചിരുന്നു. കോൺഗ്രസ് നേതാക്കളായ രാഹുൽഗാന്ധിയും പ്രിയങ്കാ ഗാന്ധിയും സംഭവത്തിൽ പ്രതികരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
ബിഗ് ബോസ് സീസൺ 16-ലൂടെയാണ് അർച്ചന ഗൗതം ദേശീയ ശ്രദ്ധ നേടിയത്. 2018-ൽ മിസ് ബികിനി ഇന്ത്യ, 2018ൽ മിസ് കോസ്‌മോസ് വേൾഡ് പട്ടങ്ങൾ നേടിയ നടി 2021-ലാണ് കോൺഗ്രസിലെത്തിയത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)