Sorry, you need to enable JavaScript to visit this website.

ന്യൂസ് ക്ലിക്ക് ഡൽഹി ഓഫീസ് സീൽ ചെയ്തു; അഞ്ചു പേർ കസ്റ്റഡിയിൽ, ന്യായീകരിച്ച് കേന്ദ്രം

Read More

ന്യൂഡൽഹി - ചൈനീസ് ബന്ധം ആരോപിച്ച് എഡിറ്റർ ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തതിനു പിന്നാലെ വാർത്താ പോർട്ടലായ ന്യൂസ് ക്ലിക്കിന്റെ ഡൽഹി ഓഫീസ് പോലീസ് സീൽ ചെയ്തു. ന്യൂസ്‌ക്ലിക്ക് എഡിറ്റർ ഇൻ ചീഫ് പ്രബിർ പുരകയസ്തയെ അടക്കം അഞ്ചു പേരെ ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ ഉദ്യോഗസ്ഥരാണ് കസ്റ്റഡിയിലെടുത്തത്. എന്നാൽ, ആരുടെയും അറസ്റ്റ് ഇതുവരെയും രേഖപ്പെടുത്തിയിട്ടില്ല.
മാധ്യമപ്രവർത്തകരായ അഭിസാർ ശർമ, ഭാഷാസിങ്, ഊർമിളേഷ് എന്നിവരുടെ വസതികളിലും, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സാമൂഹ്യ പ്രവർത്തക ടീസ്ത സെതൽവാദ്, എഴുത്തുകാരി ഗീത ഹരിഹരൻ, ചരിത്രകാരൻ സൊഹൈല് ഹാഷ്മി, ഡൽഹി സയൻസ് ഫോറത്തിലെ ഡോക്ടർ രഘുനന്ദൻ തുടങ്ങിവരുടെ വീടുകളിൽ റെയ്ഡ് നടത്തിയതിന് ശേഷമാണ് പോലീസ് നടപടി.
മാധ്യമപ്രവർത്തകരുടെ ലാപ്പ്‌ടോപ്പുകളും മൊബൈൽ ഫോണുകളും മററു രേഖകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. മാധ്യമ സ്ഥാപനത്തിന് എതിരെ യു.എ.പി.എയും ചുമത്തിയിട്ടുണ്ട്. ചൈനയുടെ താൽപര്യങ്ങൾക്കനുസരിച്ച് വാർത്ത നൽകാൻ പണം വാങ്ങിയെന്നാണ് വാർത്താ പോർട്ടലിന് എതിരായ ആരോപണം. ചൈനീസ് ഭരണകൂടത്തിന് അനുകൂലമായി വാർത്തകൾ നൽകാൻ സ്ഥാപനം 38 കോടി രൂപ കൈപ്പറ്റിയെന്ന് ഇ.ഡി നേരത്തെ ആരോപിച്ചിരുന്നു. ചൈനീസ് താൽപര്യം സംരക്ഷിക്കാൻ അമേരിക്കൻ വ്യവസായിയും കോടീശ്വരനുമായ നെവിലെ റോയ് സിംഘം ന്യൂസ് ക്ലിക്കിൽ നിക്ഷേപം നടത്തിയെന്ന് ന്യൂയോർക്ക് ടൈംസ് റിപോർട്ട് ചെയ്തിരുന്നു. ഇതിന്റെ മറപിടിച്ചായിരുന്നു കേന്ദ്ര സർക്കാറിന്റെ നടപടികളെല്ലാം. 
 മുതിർന്ന സി.പി.എം നേതാവും പൊളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ട് നെവിലെ റോയ് സിംഘവുമായി ഇ മെയിൽ ഇടപാടുകൾ നടത്തിയതും അന്വേഷണ പരിധിയിൽ ഉള്ളതായാണ് വിവരം. എഴുത്തുകാരി ഗീതാ ഹരിഹരൻ, ചരിത്രകാരൻ സൊഹൈൽ ഹാഷ്മി, സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദ് തുടങ്ങിയവരെല്ലാം പോലീസ് കസ്റ്റഡിയിലാണിപ്പോൾ. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അനുവദിച്ച ഔദ്യോഗിക വസതിയുടെ ഭാഗമായ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന എ.കെ.ജി ഭവനിലെ ജീവനക്കാരന്റെ വസതിയിലും ഇന്ന് ഡൽഹി പോലീസ് റെയ്ഡ് നടത്തിയിരുന്നു. എ.കെ.ജി ഭവനിലെ ജീവനക്കാരന്റെ മകൻ ന്യൂസ് ക്ലിക്കിൽ ജോലി ചെയ്യുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു പോലീസ് നടപടി.
 പോലീസ് നടപടിയിൽ പ്രസ്‌ക്ലബ് ഓഫ് ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ഇന്ത്യ മുന്നണിയുടെ നേതാക്കളും സർക്കാർ നടപടിയെ വിമർശിച്ചു. സർക്കാറിന്റെ സ്തുതിപാഠകർ അല്ലാത്തവരെ വേട്ടയാടുന്ന രാഷ്ട്രീയ പകപോക്കൽ അംഗീകരിക്കില്ലെന്ന് നേതാക്കൾ പ്രതികരിച്ചു. എന്നാൽ, അന്വേഷണ ഏജൻസികൾ സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നതെന്ന് കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രി അനുരാഗ് സിങ് ഠാക്കൂർ അവകാശപ്പെട്ടു. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

Latest News