ന്യൂഡൽഹി - രാജ്യതലസ്ഥാനത്തെ മാധ്യമപ്രവർത്തകരുടെ വിടുകളിലെയും ഓഫീസിലെയും റെയ്ഡിന് പിന്നാലെ കസ്റ്റഡി നടപടിയുമായി പോലീസ്. ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുർകായസ്ഥയെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഗുജറാത്ത് കലാപത്തിലെ ഇരകൾക്കും മറ്റുമായി ശക്തമായി രംഗത്തുള്ള സാമൂഹ്യപ്രവർത്തകയും സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് അധ്യക്ഷയുമായ ടീസ്ത സെതൽവാദിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിന് പിന്നാലെ എഴുത്തുകാരിയും ഇന്ത്യൻ റൈറ്റേഴ്‌സ് ഫോറം സഹസ്ഥാപകയുമായ ഗീത ഹരിഹരനെയും കസ്റ്റഡിയിൽ എടുത്തതായാണ് വിവരം.
മാധ്യമപ്രവർത്തകരെയും മറ്റും മൂന്നായി തിരിച്ചാണ് ഇന്ന് പോലീസ് ഡൽഹിയിൽ റെയ്ഡ് നടത്തിയത്. ഇതിൽ ആദ്യ പട്ടികയിൽ ഉൾപ്പെട്ടവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തുകൊണ്ടിരിക്കുന്നതെന്നാണ് അറിയുന്നത്.
റെയ്ഡുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ പോലീസ് പങ്കുവച്ചിട്ടില്ലെങ്കിലും ചൈനീസ് ഫണ്ടുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. 2021 മുതൽ ന്യൂസ് ക്ലിക്കിനെതിരെ ഡൽഹി പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. പോലീസ് വേട്ടക്കെതിരെ വിവിധ മാധ്യമ കൂട്ടായ്മകളും പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ നേതാക്കളും രംഗത്തുവന്നിട്ടുണ്ട്.