Sorry, you need to enable JavaScript to visit this website.

ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന് തിരിച്ചടി: എം.പി സ്ഥാനം നഷ്ടമാവും; ശിക്ഷാവിധി നിലനിൽക്കുമെന്ന് ഹൈക്കോടതി

- ഹരജി ഹൈക്കോടതി തള്ളി. എന്നാൽ, അന്തിമ വിധിവരെ ജയിലിൽ പോകേണ്ട
    
കൊച്ചി -
ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന് കേരള ഹൈക്കോടതിയിൽ തിരിച്ചടി. വധശ്രമക്കേസിലെ കവരത്തി സെഷൻസ് കോടതിയുടെ ശിക്ഷാവിധിക്കെതിരേയുള്ള ഹരജി ഹൈക്കോടതി തള്ളി. 
 മുഹമ്മദ് ഫൈസലിനെ പത്തുവർഷം തടവിന് ശിക്ഷിച്ച കവരത്തി സെഷൻസ് കോടതി വിധി നിലനിൽക്കുമെന്ന് വിധിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച്, ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ചു. 
 ഹൈക്കോടതിയുടെ പുതിയ വിധിയോടെ മുഹമ്മദ് ഫൈസലിന് ലക്ഷദ്വീപിൽ നിന്നുള്ള ലോക്‌സഭാംഗത്വം നഷ്ടപ്പെടും. എന്നാൽ, അന്തിമ വിധി വരുംവരെ ജയിലിൽ പോകേണ്ടെന്ന് ജസ്റ്റിസ് എൻ നഗരേഷ് അധ്യക്ഷനായ ബെഞ്ചിന്റെ വിധിയിലുണ്ടെന്നാണ് റിപോർട്ട്.
 2009-ലെ പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രവർത്തകനായ മുഹമ്മദ് സാലിഹിനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടാം പ്രതിയാണ് ലക്ഷദ്വീപ് എം.പിയായ മുഹമ്മദ് ഫൈസൽ. കേസിൽ ഫൈസലടക്കം നാലു പ്രതികൾ കുറ്റക്കാരാണെന്നും പത്തുവർഷം തടവുശിക്ഷയും വിചാരണ കോടതി വിധിച്ചിരുന്നു. ഈ കേസിൽ തനിക്കെതിരായ പത്തുവർഷത്തെ ശിക്ഷ സ്റ്റേ ചെയ്ത് ജാമ്യം അനുവദിക്കണമെന്ന ഹരജിയിലാണ് ഹൈക്കോടതി ശിക്ഷാവിധി നിലനിൽക്കുമെന്ന് അറിയിച്ച് ശിക്ഷാ നടപടി മരവിപ്പിച്ചത്. 
 കേസിൽ എം.പി കുറ്റക്കാരനാണെന്ന വിധിയ്ക്ക് സ്റ്റേ ലഭിക്കാത്തതിനാൽ ഫൈസൽ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെടും. ജനപ്രാതിനിത്യ നിയമപ്രകാരം ഏതെങ്കിലും കുറ്റത്തിന് രണ്ടു വർഷത്തിനുമേൽ തടവിന് ശിക്ഷ വിധിക്കപ്പെട്ടാൽ ജനപ്രതിനിധി അയോഗ്യനാകുമെന്നാണ് നിയമം.
  വധശ്രമക്കേസിൽ മുഹമ്മദ് ഫൈസലിന്റെ ശിക്ഷാവിധി മുമ്പ് മരവിപ്പിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ഈയിടെ റദ്ദാക്കിയിരുന്നു. ഉപതെരഞ്ഞെടുപ്പ് പാഴ്‌ചെലവിന് കാരണമാകുമെന്ന ഹൈക്കോടതി ന്യായം യുക്തിപരമല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ഹരജി വീണ്ടും പരിഗണിച്ച് ഹൈക്കോടതി ആറാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്നായിരുന്നു ഹൈക്കോടതി വിധിക്കെതിരെ ലക്ഷദ്വീപ് ഭരണകൂടം നല്കിയ അപ്പീലിൽ സുപ്രീം കോടതി അന്ന് നിർദേശിച്ചിരുന്നത്. ഇതിലാണിന്ന് ഹൈക്കോടതിയുടെ പുതിയ വിധി വന്നിരിക്കുന്നത്.
 അതേസമയം, വിധിപ്പകർപ്പ് ലഭിച്ചിട്ടില്ലെന്നും അത് പരിശോധിച്ചശേഷം സുപ്രിംകോടതിയെ സമീപിക്കാനാണ് നീക്കമെന്ന് മുഹമ്മദ് ഫൈസലിനെ പിന്തുണക്കുന്ന കേന്ദ്രങ്ങൾ വ്യക്തമാക്കി.

Latest News