ബെയ്ജിംഗ്- സ്മാര്‍ട്ട് ഫോണ്‍ വില്‍പനയില്‍ അമേരിക്കന്‍ കമ്പനിയായ ആപ്പിളിനെ പുറന്തള്ളി ചൈനീസ് കമ്പനി ഹുവാവെ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഒന്നാം സ്ഥാനത്ത് സംസങ് കമ്പനിയാണ്. ഹുവാവെയുടെ ചരിത്രത്തില്‍ പ്രധാന നാഴികക്കല്ലാണിത്. കഴിഞ്ഞ പാദവര്‍ഷത്തില്‍ 54 ദശലക്ഷം സ്മാര്‍ട്ട് ഫോണുകളാണ് ഹുവാവെ വിറ്റത്. പോയ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ചു നോക്കുമ്പോള്‍ 40 ശതമാനമാണ് വര്‍ധനയെന്ന് ഗവേഷണ സ്ഥാപനങ്ങളായ ഐ.ഡി.സി, കനാലിസ് എന്നിവ അറിയിച്ചു.
ആപ്പിളിനെ മലര്‍ത്തിയടിച്ചുവെന്ന് മാത്രമല്ല, വിപണിയില്‍ മുന്നിട്ട് നില്‍ക്കുന്ന കൊറിയന്‍ കമ്പനിയായ സാംസങിന്റെ തൊട്ടടുത്തെത്തിയിരിക്കയാണ് ഹുവാവെ. കഴിഞ്ഞ പാദത്തില്‍ 70 ദശലക്ഷം സ്മാര്‍ട്ട് ഫോണുകള്‍ സാംസങ് വില്‍പനയാക്കിയെങ്കിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പത്ത് ശതമാനം കുറവാണ്.
അടുത്ത കാലം വരെ വിപണിയില്‍ സുപരിചിതമല്ലാതിരുന്ന ഹുആവിയുടെ വളര്‍ച്ച അത്യാകര്‍ഷകമാണെന്ന് ഐ.ഡി.സി അനലിസ്റ്റ് റയാന്‍ റെയത്ത് പറഞ്ഞു. അമേരിക്കന്‍ വിപണിയിലെ അപ്രഖ്യാപിത വിലക്ക് കൂടി മറികടന്നാണ് ഹുവാവെ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. സ്മാര്‍ട്ട് ഫോണിലൂടെ ചൈന അമേരിക്കയിലെ രഹസ്യങ്ങള്‍ ചോര്‍ത്തുമെന്ന് സര്‍ക്കാര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതല്ലെന്ന് ഹുവാവെ ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു.