Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പുഷ്പജാലവുമായി നൂർജഹാൻ

ഒറിജിനലിനെ വെല്ലുന്ന കൃത്രിമ പൂക്കളുമായി ഖത്തറിലെ മലയാളി വീട്ടമ്മ ശ്രദ്ധേയയാകുന്നു. മഞ്ചേരി സ്വദേശിനി നൂർജഹാനാണ് മനോഹരമായ ബിഗ് ഫ്ളവറുകൾ നിർമിച്ച് ജനശ്രദ്ധ നേടുന്നത്.
കരവിരുതും ഹോബിയും ഒഴിവുസമയവും ഒത്തുവന്നപ്പോൾ സൗന്ദര്യസങ്കൽപങ്ങൾ വിടർന്ന് പന്തലിക്കുകയായിരുന്നു. ചെറിയ പൂക്കളാണ് ആദ്യമൊക്കെ ഉണ്ടാക്കിയത്. പലർക്കും സമ്മാനിച്ചും വീട്ടിൽ അലങ്കരിച്ചും തന്റെ കലാനിർവഹണത്തിൽ സായൂജ്യമടഞ്ഞ നൂർ ഇടക്ക് സാമൂഹിക മാധ്യമങ്ങളിലും തന്റെ സൃഷ്ടികൾ പങ്കുവെക്കാൻ തുടങ്ങി. 
ഇതോടെ വിവിധ കോണുകളിൽ നിന്നും ലഭിച്ച പ്രശംസകളും അഭിനന്ദനങ്ങളും കൂടുതൽ പ്രോൽസാഹനമായി. കുറ്റമറ്റ രീതിയിലുള്ള ബിഗ് ഫ്ളവറുകളെ പരിചയപ്പെടുത്തി ഖത്തറിലെ പ്രമുഖ മലയാളി ഇൻഫ്ളവൻസറായ ലിജി അബ്ദുല്ല ചെയ്ത വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായതോടെ നൂർജഹാൻ കൂടുതൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു.


മഞ്ചേരി തുറക്കൽ മുഹമ്മദാലി- സൈനബ ദമ്പതികളുടെ നാലാമത്തെ മകളായ നൂർജഹാന് ചെറുപ്പത്തിലേ ശിൽപകലയിൽ കരവിരുതും അഭിരുചിയുമുണ്ടായിരുന്നു. എൽ.പി. സ്‌കൂൾ മുതലേ സയൻസ് എക്ബിഷനുകളിൽ പങ്കെടുക്കുമായിരുന്നു. ഫ്ളവറുകൾ, കളറുകൾ, പെയിന്റിംഗുകൾ, ടോയ് മേക്കിംഗ്, സ്റ്റിച്ചിംഗ് തുടങ്ങിയ രംഗങ്ങളിലൊക്കെ താൽപര്യപൂർവം പങ്കെടുക്കുമായിരുന്നു. ഭാവനയും സങ്കൽപവും കരവിരുതും സമ്മേളിക്കുന്ന ക്രിയാത്മക മനസ്സും ചിന്തയും ജീവിതത്തെ നിറം പിടിപ്പിക്കുമ്പോൾ വിസ്മയങ്ങൾ സംഭവിക്കുകയായിരുന്നു.ഒരു പക്ഷേ കുടുംബ ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ, കുട്ടികളേയും കുടുംബത്തേയും പരിചരിക്കുന്നതിന് മുൻഗണന നൽകിയതിനാൽ പലപ്പോഴും കലാപ്രവർത്തനങ്ങൾ വേണ്ട പോലെ തുടരാനായില്ലെങ്കിലും കുട്ടികളൊക്കെ വളർന്ന് വലുതാവുകയും ആവശ്യത്തിന് ഒഴിവ് സമയം ലഭിക്കുകയും ചെയ്തതോടെ നൂറിലെ കലാകാരി പൂർവാധികം ശക്തിയിൽ ഉയർത്തെഴുന്നേറ്റു. മാറ്റിവെച്ചിരുന്ന സർഗസിദ്ധികളും കലാവാസനകളും പൊടിതട്ടിയെടുക്കുകയും യു ട്യൂബിൽ നിന്നും മറ്റും ലഭിച്ച പുതിയ ആശയങ്ങളെ സംയോജിപ്പിച്ച് മനോഹരമായ പൂക്കൾ നിർമിക്കുകയും ചെയ്യുകയായിരുന്നു.
വ്യത്യസ്ത തരം പൂക്കളെ സൂക്ഷ്മമായി നിരീക്ഷിച്ച് കുറ്റമറ്റ രീതിയിൽ നിർമിക്കുന്നുവെന്നതാണ് നൂറിന്റെ വർക്കുകളുടെ പ്രത്യേകത. 
പൂക്കൾ നിർമിക്കുന്നതിന്റെ ഓരോ ഘട്ടത്തിലും പൂർണത തേടുന്ന ഒരു കലാകാരിയെയാണ് നൂറിൽ നമുക്ക് കാണാനാവുക. പരിപൂർണതയും സൗന്ദര്യ തികവും മനോഹരമാക്കുമ്പോൾ അക്ഷരാർഥത്തിൽ തന്നെ ഒറിജിനലിനെ വെല്ലുന്നവയാണ് നൂറിന്റെ കൃത്രിമ പൂക്കളെന്ന് കാണാനാകും. മൂന്ന് കുട്ടികളുടെ അമ്മയായ നൂർ തന്റെ സൃഷ്ടികളൊക്കെ ആദ്യം പങ്കുവെക്കുക മക്കളുമായും ഭർത്താവുമായുമാണ്. മക്കൾ അവരുടെ വാട്സ് ആപ്പ് ഗ്രൂപ്പുകളിലും മറ്റും ഷെയർ ചെയ്ത പൂക്കൾക്ക് ലഭിച്ച അപ്രീസിയേഷനുകൾ നൂറിലെ കലാകാരിയെ കൂടുതൽ സജീവമാക്കി. മക്കളുടെ കൂട്ടുകാരും രക്ഷിതാക്കളുമൊക്കെ നിറഞ്ഞ കയ്യടികളോടെയാണ് നൂറിന്റെ ഓരോ സൃഷ്ടികളേയും സ്വീകരിച്ചത്.
ഖത്തറിൽ ബിസിനസ് കാരനായ ഭർത്താവ് കുട്ടി മുഹമ്മദ് പൂക്കൾ നിർമിക്കാനാവശ്യമായ എല്ലാ സാധനങ്ങളും സംവിധാനങ്ങളുമൊരുക്കികൊടുത്താണ് തന്റെ പ്രിയതമയുടെ കലാസപര്യയെ പ്രോൽസാഹിപ്പിച്ചത്.
ഖത്തറിലെ ക്രിയേറ്റീവ് ലേഡീസ് ഗ്രൂപ്പായ ആർട്ട് എസ്സൻസുമായി ബന്ധപ്പെടാനായത് നൂറിന്റെ കലാപ്രവർത്തനങ്ങൾ കൂടുതൽ വിശാലമാക്കി. വിപുലമായ രീതിയിൽ വലിയ പൂക്കളും ചെറിയ പൂക്കളും നിർമിച്ച് നൂർജഹാൻ ഗ്രൂപ്പിലെ ശ്രദ്ധേയ സാന്നിധ്യമായി മാറാൻ അധികസമയം വേണ്ടി വന്നില്ല.
ഓരോ പൂക്കളും സൂക്ഷ്മമായി നിരീക്ഷിച്ച് മനോഹരമായ പൂക്കൾ നിർമിക്കുന്ന നൂർ ഫ്ളവർ മേക്കിംഗ് സ്വന്തമായി വികസിപ്പിച്ചെടുത്തതാണ്. ക്രേപ്പ് പേപ്പറും ഫോമും ക്ളോത്തുമൊക്കെ പൂക്കൾ നിർമാണത്തിന് ഉപയോഗിക്കാറുണ്ട്. പൂക്കളുടെ ദളങ്ങളും തണ്ടും ബേസുമൊക്കെ വളരെ പൂർണതയിൽ നിർമിച്ചാണ് നൂർജഹാൻ വലിയ പൂക്കൾ നിർമിക്കുന്നത്. ഇതിനാവശ്യമായ വിവിധ വലുപ്പത്തിലുള്ള ഫോം ഷീറ്റുകൾ ഓൺലൈനിലും നാട്ടിൽ നിന്നുമൊക്കെ സംഘടിപ്പിക്കും. തണ്ടിനാവശ്യമായ കോപ്പർ പൈപ്പുകൾ വിലപിടിപ്പുള്ളതാണ്. അവ പലപ്പോഴും ഭർത്താവിന്റെ കച്ചവടസ്ഥാപനത്തിൽ നിന്നാണ് ലഭിക്കാറുള്ളത്.
കുടുംബത്തോടൊപ്പം ഖത്തറിലെത്തിയ നൂർജഹാൻ കുട്ടികളുടെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുന്നതിനാണ് ആദ്യം പ്രാമുഖ്യം നൽകിയത്. താമസിയാതെ
ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കിയ നൂർ ജീവിതത്തിന്റെ അർഥതലങ്ങൾ തിരിച്ചറിയുകയും കൂടുതൽ സജീവമാവുകയും ചെയ്തു. കുട്ടികളൊക്കെ വളർന്നു വലുതായപ്പോഴാണ് ബിഗ് ഫ്ളവർ മേക്കിംഗിലേക്കും ഹോം ഗാർഡനിലേക്കുമൊക്കെ തിരിഞ്ഞത്. അവ നൽകുന്ന അനുഭൂതിയും ആവേശവും വിവരണാതീതമാണ്. അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് ഫ്രന്റ്സ് കൾചറൽ സെന്റർ സംഘടിപ്പിച്ച ഫ്ളവർ മേക്കിംഗ് മൽസരത്തിൽ ഒന്നാം സമ്മാനം ലഭിച്ച നൂർ തന്റെ ഹോബിയെ വാണിജ്യാടിസ്ഥാനത്തിൽ പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ചും ആലോചിക്കുന്നുണ്ട്.
ഒഴിവ് സമയം ക്രിയാത്മകമായി പ്രയോജനപ്പെടുത്തി ജീവിതം മനോഹരമാക്കുന്ന ഈ വീട്ടമ്മയുടെ കരവിരുതും സൗന്ദര്യ സങ്കൽപങ്ങളും ബഹുമുഖ തലങ്ങളിൽ സ്ത്രീകളെ പ്രചോദിപ്പിക്കുകയാണ്. ചുറ്റും പരിമളം പരത്തുന്ന പൂക്കളുടെ സൗന്ദര്യം വീടകങ്ങളെ അലങ്കരിക്കുമ്പോൾ കാണുന്നവരിലും അത് കൗതുകമുണർത്തുമെന്നതിൽ സംശയമില്ല. 
ഓരോ വീട്ടമ്മമാരും വീട്ടിലെ തിരക്കുകൾക്കിടയിലും അവരുടെ പാഷനും ഹോബിയും പിന്തുടരുകയും മനസിന് കൂടുതൽ സന്തോഷം നൽകുന്ന കാര്യങ്ങൾക്ക് സമയം കണ്ടെത്തുകയും വേണമെന്നാണ് ഈ വീട്ടമ്മക്ക് സമൂഹത്തോട് പറയാനുള്ളത്.

Latest News