Sorry, you need to enable JavaScript to visit this website.

ആര്‍ എസ് വിമല്‍ ചിത്രത്തില്‍ തമിഴ് സൂപ്പര്‍താരം  വിക്രം പ്രധാന കഥാപാത്രമായെത്തുന്നു 

ചെന്നൈ-അഞ്ച് വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച കര്‍ണന്‍ സിനിമയുടെ ആദ്യ അപ്‌ഡേറ്റ് സംവിധായകന്‍ ആര്‍ എസ് വിമല്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. കര്‍ണ്ണന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹം അറിയിച്ചത്.ഒരു യുദ്ധരംഗമാണ് ടീസറില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. കര്‍ണനായി എത്തുന്ന വിക്രമിനെയും ടീസറില്‍ കാണാം. 
'സൂര്യപുത്ര മഹാവീര്‍ കര്‍ണ' എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്. കര്‍ണനിലൂടെ മഹാഭാരത കഥ അവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. 2018 ല്‍ പൃഥ്വിരാജിനെ നായകനാക്കി ആര്‍ എസ് വിമല്‍ പ്രഖ്യാപിച്ച ചിത്രമാണ് കര്‍ണന്‍. എന്നാല്‍ പിന്നീട് വിക്രം പ്രധാനകഥാപാത്രതമായി എത്തുമെന്നും മലയാളത്തിലും തമിഴിലും ഹിന്ദിയിലും കര്‍ണന്‍ ഒരുക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പിന്നീട് കോവിഡും ലോക്ഡൗണുമായതോടെ ചിത്രീകരണം മുടങ്ങി.
പിന്നീട് അഞ്ച് വര്‍ഷത്തോളം ചിത്രത്തെ സംബന്ധിച്ച് അപ്‌ഡേറ്റുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. കര്‍ണനില്‍ നിന്ന് വിക്രം പിന്മാറിയെന്നും ചിത്രം സംവിധായകന്‍ ഉപേക്ഷിച്ചുവെന്നുമെല്ലാം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റില്‍ ടീസറില്‍ വിക്രമിന്റെ പേര് ഉള്‍പ്പെടുത്താത്തതായിരുന്നു ഇതിന് കാരണം. എന്നാല്‍ ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് സംവിധായകന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചത്. വിക്രമിന്റെ ചിത്രത്തോടൊപ്പം 'സൂര്യപുത്രന്‍ കര്‍ണന്‍ റോളിങ് സൂണ്‍' എന്ന അടിക്കുറിപ്പോടെയായിരുന്നു വിമലിന്റെ പോസ്റ്റ്. നേരത്തെ ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്നും ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും വിക്രമും പ്രതികരിച്ചിരുന്നു. എന്ന് നിന്റെ മൊയ്തീന്‍, ശശിയും ശകുന്തളയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കര്‍ണന്‍. യുണൈറ്റഡ് ഫിലിം അവതരിപ്പിക്കുന്ന ചിത്രം 300 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം എത്തുക.

Latest News