ജിദ്ദ - കിഴക്കന്‍ ജറൂസലമില്‍ സൗദി കോണ്‍സുലേറ്റ് തുറക്കുമെന്ന് ഫലസ്തീനിലെ സൗദി അംബാസഡറും ജറൂസലമിലെ സൗദി കോണ്‍സല്‍ ജനറലുമായ നായിഫ് അല്‍സുദൈരി പറഞ്ഞു. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ റാമല്ലയില്‍ ഫലസ്തീന്‍ വിദേശ മന്ത്രി രിയാദ് അല്‍മാലിക്കിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു നായിഫ് അല്‍സുദൈരി. ഫലസ്തീന്‍ പ്രശ്‌നപരിഹാരത്തിനുള്ള അടിസ്ഥാനമായി അറബ് സമാധാന പദ്ധതി സൗദി അറേബ്യ മുറുകെ പിടിക്കുന്നു. ഭാവിയില്‍ ഇസ്രായിലുമായി ഒപ്പുവെക്കുന്ന ഏതു കരാറിനും ഇതായിരിക്കും അടിസ്ഥാനം.
ഫലസ്തീനിലെത്തിയതിലും ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തുന്നതിലും ആഹ്ലാദമുണ്ട്. ഫലസ്തീനിലെ സൗദി അംബാസഡറും ജറൂസലമിലെ സൗദി കോണ്‍സല്‍ ജനറലുമായും നിയോഗിക്കപ്പെട്ട അധികാരപത്രം ഫലസ്തീന്‍ വിദേശ മന്ത്രിക്ക് കൈമാറിയിട്ടുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഫലസ്തീന്‍ പ്രശ്‌നത്തിനും ഫലസ്തീന്‍ ജനതക്കും അതീവ ശ്രദ്ധ നല്‍കുന്നതായി കഴിഞ്ഞയാഴ്ച ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സൗദി കിരീടാവകാശി വ്യക്തമാക്കിയിട്ടുണ്ട്. ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്ന നിലക്ക് ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിസ്ഥാനത്തില്‍ ഫലസ്തീന്‍ പ്രശ്‌നത്തിന് പരിഹാരം കാണേണ്ടതിന്റെ പ്രാധാന്യം സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും വ്യക്തമാക്കിയിട്ടുണ്ട്. കിഴക്കന്‍ ജറൂസലം തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്ര സ്ഥാപനത്തിന് സൗദി അറേബ്യ പ്രവര്‍ത്തിക്കുന്നതായും നായിഫ് അല്‍സുദൈരി പറഞ്ഞു.
തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും പ്രതിനിധിയെന്ന നിലയില്‍ സൗദി അംബാസഡര്‍ നടത്തുന്ന ഫലസ്തീന്‍ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലെ ബന്ധങ്ങളിലെ ചരിത്ര നിമിഷമാണെന്ന് ഫലസ്തീന്‍ വിദേശ മന്ത്രി രിയാദ് അല്‍മാലികി പറഞ്ഞു. സൗദി അറേബ്യയും ഫലസ്തീനും തമ്മിലുള്ള ബന്ധങ്ങള്‍ ശക്തമാക്കാന്‍ സൗദി അംബാസഡറുടെ സന്ദര്‍ശനം സഹായിക്കുമെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു.
സൗദി അറേബ്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഫലസ്തീനില്‍ അംബാസഡറെ നിയമിക്കുന്നത്. സൗദി അംബാസഡറുടെ സന്ദര്‍ശനത്തെ ഫലസ്തീന്‍ വിദേശ മന്ത്രാലയം സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും വികസിപ്പിക്കാനും എല്ലാ മേഖലകളിലും സംയുക്ത സഹകരണത്തിന് കൂടുതല്‍ ചക്രവാളങ്ങള്‍ തുറക്കാനുമുള്ള പ്രധാന ചരിത്ര നാഴികക്കല്ലാണ് സൗദി അംബാസഡറുടെ വെസ്റ്റ് ബാങ്ക് സന്ദര്‍ശനം. ഫലസ്തീനികളുടെ നീതിപൂര്‍വവും നിയമാനുസൃതവമായ അവകാശങ്ങളെ എല്ലാ വേദികളിലും പിന്തുണക്കുന്ന സൗദി അറേബ്യയുടെ നിലപാടിനെ ഒരിക്കല്‍ കൂടി പ്രശംസിക്കുന്നതായും ഫലസ്തീന്‍ വിദേശ മന്ത്രാലയം പറഞ്ഞു.
ഫലസ്തീനില്‍ നോണ്‍-റെസിഡന്റ് അംബാസഡറെയും ജറൂസലിമില്‍ കോണ്‍സല്‍ ജനറലിനെയും നിയമിക്കാനുള്ള സൗദി പ്രഖ്യാപനത്തിനു ശേഷം സൗദി ഉന്നതോദ്യോഗസ്ഥന്‍ നടത്തുന്ന ആദ്യ ഫലസ്തീന്‍ സന്ദര്‍ശനമാണിത്. ജോര്‍ദാനിലെ സൗദി അംബാസഡറെയാണ് ഫലസ്തീനിലെ അംബാസഡറും ജറൂസലമിലെ കോണ്‍സല്‍ ജനറലുമായി നിയമിച്ചിരിക്കുന്നത്. നയതന്ത്രകാര്യങ്ങള്‍ക്കുള്ള ഫലസ്തീന്‍ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് മജ്ദി അല്‍ഖാലിദിക്ക് ജോര്‍ദാനിലെ ഫലസ്തീന്‍ എംബസി ആസ്ഥാനത്തു വെച്ച് ഓഗസ്റ്റ് 12 ന് നായിഫ് അല്‍സുദൈരി അധികാരപത്രം കൈമാറിയിരുന്നു.
ജോര്‍ദാനില്‍ നിന്ന് കര മാര്‍ഗമാണ് നായിഫ് അല്‍സുദൈരിയുടെ നേതൃത്വത്തിലുള്ള സൗദി സംഘം വെസ്റ്റ് ബാങ്കിലെത്തിയത്. മൂന്നു ദശകത്തിനിടെ ആദ്യമായാണ് വെസ്റ്റ് ബാങ്കിലേക്ക് സൗദി അറേബ്യ പ്രതിനിധി സംഘത്തെ അയക്കുന്നത്. 1993 ല്‍ ഓസ്‌ലോ കരാര്‍ ഒപ്പുവെച്ച ശേഷം വെസ്റ്റ് ബാങ്കില്‍ സന്ദര്‍ശനം നടത്തുന്ന ആദ്യ ഔദ്യോഗിക സൗദി സംഘമാണിത്. ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി നായിഫ് അല്‍സുദൈരി കൂടിക്കാഴ്ച നടത്തുന്നുണ്ട്.