മംഗളൂരു- കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ മുസ്ലീം പള്ളിയിൽ അതിക്രമിച്ച് കയറി 'ജയ് ശ്രീറാം' മുദ്രാവാക്യം വിളിച്ച രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബിലൈനെലെ സോഡ്‌ലു സ്വദേശി കീർത്തൻ,. കൈകമ്പ നെട്ടോട്ടയിൽ താമസിക്കുന്ന സച്ചിൻ എന്നിവരാണ് അറസ്റ്റിലായത്. രണ്ടു പേർക്കും 20 വയസ്സാണ് പ്രായം. ഞായറാഴ്ച രാത്രി കഡബ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
ബൈക്കിൽ എത്തിയ പ്രതികൾ മസ്ജിദ് വളപ്പിൽ അതിക്രമിച്ച് കയറി ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിക്കുകയായിരുന്നു. പള്ളിയിലെ ഇമാം പുറത്തിറങ്ങിയപ്പോൾ യുവാക്കൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.പള്ളിയിലെ സിസിടിവി ക്യാമറയിൽ പ്രതികളുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതിയെ തുടർന്ന് പോലീസ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.
മസ്ജിദിൽ അതിക്രമിച്ച് കയറിയ യുവാക്കൾ ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിക്കുകയും ‘ബിയാരി’കളെ (മുസ്ലിംകളെ) ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ ഇമാം വിശദീകരിച്ചു.
സംഭവം സംഘർഷാവസ്ഥ സൃഷ്ടിച്ചതോടെ പ്രതികളെ പിടികൂടാൻ പോലീസ് രണ്ട് സംഘങ്ങളെ രൂപീകരിച്ചിരുന്നു.