മുംബൈ - പണമിടപാടുകള്‍ക്ക് ഗൂഗിള്‍ പേ ഉപയോഗിക്കുന്നവരുടെ എണ്ണം വളരെയധികമാണ്. എന്തിനും ഏതിനും ഇന്ന് ഗൂഗിള്‍ പേ വഴിയാണ് പണമിടപാടുകള്‍ നടത്തുന്നത്. എന്നാല്‍ പണത്തിന് ബുദ്ധിമുട്ടുള്ള അവസരത്തില്‍ ഗൂഗിള്‍ പേ വഴി ഒരു വായ്പ കിട്ടിയാലോ? ആരും വേണ്ടെന്ന് പറയാന്‍ സാധ്യതയില്ല. ഉപഭോക്താക്കള്‍ക്ക് ഒരു ലക്ഷം രൂപ വരെ ഗൂഗിള്‍ പേ വഴി വായ്പ എടുക്കാനുള്ള സൗകര്യം കൈവന്നിരിക്കുകയാണ്. ഗൂഗിള്‍ പേ വഴി സ്വകാര്യ പണമിടപാട് സ്ഥാപനമായ ഡി.എം.ഐ. ഫിനാന്‍സാണ് വായ്പ വാഗ്ദാനം ചെയ്യുന്നത്.
വായ്പ എടുക്കാനുള്ള നടപടി ക്രമങ്ങള്‍ വളരെ എളുപ്പമാണ്. മൊബൈല്‍ ഫോണ്‍ വഴി ഗൂഗിള്‍ പേയില്‍ തന്നെ എളുപ്പത്തില്‍ വായ്പയ്ക്ക് അപേക്ഷ പൂര്‍ത്തിയാക്കാം. പരമാവധി ഒരു ലക്ഷം രൂപ വരെയാകും പദ്ധതിക്കു കീഴില്‍ അര്‍ഹതയുള്ള ഉപഭോക്താക്കള്‍ക്കു വായ്പയായി ലഭിക്കുക. എല്ലാവര്‍ക്കും വായ്പ കിട്ടില്ല. അപക്ഷകന്റെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ പണം നല്‍കുകയുള്ളൂ. അപേക്ഷകന് അര്‍ഹതയുണ്ടെങ്കില്‍ ഗൂഗിള്‍ പേയുമായി ലിങ്ക് ചെയ്തിട്ടുള്ള അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ആകും. 36 മാസം കൊണ്ട് വായ്പ തിരിച്ചടയ്ക്കണം.