Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നയതന്ത്രത്തിലുലഞ്ഞ് ഓഹരി സൂചിക

നയതന്ത്ര ബന്ധത്തിലെ വിള്ളൽ ഓഹരി സൂചികയിൽ കനത്ത തകർച്ച സൃഷ്ടിച്ചു. കാനഡ വിഷയം കൂടുതൽ സങ്കീർണമാക്കുമെന്ന ആശങ്ക, വിദേശ ഫണ്ടുകളെ ഇന്ത്യയിലെ നിക്ഷേപം തിരിച്ചു പിടിക്കാൻ പ്രേരിപ്പിച്ചത് ബോംബെ സെൻസെക്‌സും നിഫ്റ്റിയും ആടി ഉലയാൻ ഇടയാക്കി. തകർച്ച അവസാനിച്ചുവെന്ന് വിലയിരുത്താനായിട്ടില്ല.  
എന്നാൽ സാങ്കേതിക വശങ്ങൾ വിലയിരുത്തിയാൽ ടെക്‌നിക്കൽ ഇൻഡിക്കേറ്ററുകൾ പലതും ഓവർ സോൾഡായത് തിരിച്ചുവരവിന് വഴിതെളിക്കാം. 15 മാസത്തെ ഏറ്റവും മോശം പ്രകടനത്തിനിടയിൽ പോയവാരം വിപണിക്ക് മൂന്ന് ശതമാനം ഇടിവ്. സെൻസെക്‌സ് 1829 പോയന്റും നിഫ്റ്റി 518 പോയന്റും കുറഞ്ഞു. 
സൂചികകൾ റെക്കോർഡ് തലത്തിൽ നീങ്ങവേ കാനഡയുമായുള്ള നയതന്ത്ര ബന്ധം വഷളായതോടെ നിക്ഷേപം തിരിച്ചു പിടിക്കാൻ അവർ മത്സരിച്ചു. മാസാരംഭം മുതലുള്ള  ബുൾ റാലിയിൽ സെൻസെക്‌സ് വാരിക്കൂട്ടിയ 2967 പോയന്റിൽ 1829 നഷ്ടപ്പെട്ടു. നിഫ്റ്റിക്ക് കിട്ടിയ 926 പോയന്റിൽ 518 പോയന്റ് കൈമോശം വന്നു. ഒരു പരിധി വരെ ഫണ്ടുകളുടെ ലാഭമെടുപ്പും തിരുത്തൽ ശക്തമാക്കി.
മുൻവാരം സൂചിപ്പിച്ചതാണ് ഇൻഡിക്കേറ്ററുകൾ പലതും ഓവർ ബ്രോട്ടാണെന്ന്. ഉയർന്ന തലത്തിൽ ലാഭമെടുപ്പിന് ഫണ്ടുകളെ പ്രേരിപ്പിച്ചതിന് പിന്നിലെ മുഖ്യ ഘടകവും ഇത് തന്നെ. സാങ്കേതികമായി പ്രതിവാര ചാർട്ടുകൾ കരടി വലയത്തിലാണ്. എന്നാൽ ഡെയ്‌ലി ചാർട്ടിൽ ഫാസ്റ്റ് സ്‌റ്റോക്കാസ്റ്റിക്, സ്ലോ സ്‌റ്റോക്കാസ്റ്റിക്, ഫുൾ സ്‌റ്റോക്കാസ്റ്റിക് തുടങ്ങിയവ ഓവർ സോൾഡായത് കണക്കിലെടുത്താൽ വാരമധ്യം ഉണർവിന് സാധ്യത. 
നിഫ്റ്റി 20,192 ൽനിന്നും കൂടുതൽ മികവ് കാഴ്ച വെക്കാനാവാതെ തുടക്കത്തിൽ തന്നെ ആടി ഉലഞ്ഞ് മുൻവാരം സൂചിപ്പിച്ച 19,734 ലെ സപ്പോർട്ട് തകർത്ത് 19,657 വരെ ഇടിഞ്ഞ ശേഷം ക്ലോസിങിൽ 19,674 പോയന്റിലാണ്. ഈവാരം 19,491 ലും 19,309 ലും താങ്ങുണ്ട്, സൂചികയുടെ പ്രതിരോധം 20,021 ലാണ്. ഇതിനിടയിൽ 21 ദിവസങ്ങളിലെ ശരാശരിക്ക് മുകളിൽ പിടിച്ചു നിൽക്കാനാവാഞ്ഞത് ദുർബലാവസ്ഥയാണ്. 
നിഫ്റ്റി ഫ്യൂച്ചറിൽ കഴിഞ്ഞ വാരം 125.9 ലക്ഷം കരാറുകളായിരുന്നത് വാരാന്ത്യം 118.6 ലക്ഷത്തിലേയ്ക്ക് ഇടിഞ്ഞു. ഒരേ സമയം സൂചികയുടെ മൂല്യത്തിലും വ്യാപ്തിയിലുമുണ്ടായ ഇടിവ് ദീർഘ അഴിച്ചു പണികൾക്ക് ഓപറേറ്റർമാരെ പ്രേരിപ്പിക്കാം. വ്യാഴാഴ്ച സെപ്റ്റംബർ സീരീസ് സെറ്റിൽമെന്റായതിനാൽ ബുധനാഴ്ചയോടെ ഷോട്ട് കവറിങിന് ഊഹക്കച്ചവടക്കാർ നീക്കം നടത്താം. 
സെൻസെക്‌സ് 67,786 പോയന്റിൽ നിന്നും വിൽപന തരംഗത്തിൽ 65,952 വരെ ഇടിഞ്ഞ ശേഷം വാരാന്ത്യം 66,009 ലാണ്. കഴിഞ്ഞ ദിവസങ്ങളിലെ സമ്മർദത്തിന്റെ തുടർച്ചയെന്നോണം വീണ്ടും ലാഭമെടുപ്പിന് നീക്കം നടന്നാൽ 65,378  64,748 പോയന്റ് വരെ തിരുത്തൽ തുടരാം. 
വിദേശ ഫണ്ടുകൾ 8682 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര ഫണ്ടുകൾ 2512 കോടി രൂപയുടെ ഓഹരി വാങ്ങുകയും 573 കോടി രൂപയുടെ വിൽപനയും നടത്തി. സെപ്റ്റംബർ 15 ന് അവസാനിച്ച വാരം രാജ്യത്തെ വിദേശനാണ്യ കരുതൽ ശേഖരം 867 മില്യൺ ഡോളർ കുറഞ്ഞ് 593.037 ബില്യൺ ഡോളറായി. 
ജെ പി  മോർഗൺ  ഗവൺമെന്റ്  ബോണ്ട് ഇൻഡക്‌സ്  എമേർജിങ്  മാർക്കറ്റിൽ കേന്ദ്ര  സർക്കാർ  ബോണ്ടുകൾ ഉൾപ്പെടുത്താൻ ഒരുങ്ങുന്നു. അടുത്ത വർഷം ജൂണിൽ ഇതിന് തുടക്കം കുറിക്കും. അന്താരാഷ്ട്ര തലത്തിൽ  ഇന്ത്യൻ സാമ്പത്തിക മുന്നേറ്റത്തിനുള്ള ഇത് വഴിതെളിക്കാം. കടപ്പത്രത്തിലെ വിദേശ പണപ്രവാഹം ഒറ്റ വർഷം വിദേശ പ്രത്യക്ഷ  നിക്ഷേപത്തിൽ 25 ബില്യൺ  ഡോളറിന്റെ അധിക വരവിന് സാധ്യത. 
പത്ത് വർഷം മുൻപ് കേവലം 274 ബില്യൺ  ഡോളറായിരുന്നത് കരുതൽ ധനം രണ്ട് വർഷം മുൻപ് റെക്കോർഡായ  645   ബില്യൺ  ഡോളറിലെത്തി. സ്ഥിതിഗതികൾ അനുകൂലമായാൽ വരുന്ന രണ്ട് വർഷങ്ങളിൽ 700 ബില്യൺ ഡോളറിന് മുകളിൽ ഇന്ത്യക്ക് ഇടം കണ്ടത്താനാവും. 
മുൻനിര ഓഹരികളായ എച്ച് ഡി എഫ് സി ബാങ്ക് ഓഹരി വില എട്ട് ശതമാനം ഇടിഞ്ഞ് 1529 രൂപയായി. ഇൻഫോസീസ്, വിപ്രോ, എച്ച് സി എൽ ടെക്, ഐ സി ഐ സി ഐ ബാങ്ക്, ടാറ്റാ സ്റ്റീൽ, സൺ ഫാർമ, ഐ റ്റി സി, എയർടെൽ, ടാറ്റാ മോട്ടേഴ്‌സ് തുടങ്ങിയവക്ക് തിരിച്ചടി നേരിട്ടു.    
കനേഡിയൻ നിക്ഷേപകർ ഇന്ത്യൻ മാർക്കറ്റിനെ സൗഹൃദ മനോഭാവത്തിലാണ് എക്കാലവും വീക്ഷിച്ചിരുന്നതെങ്കിലും ഇരു രാജ്യങ്ങൾക്കുമിടയിൽ  സംഭവ വികാസങ്ങൾ പെട്ടെന്ന് രൂക്ഷമായി. ദീർഘകാല നിക്ഷേപത്തിന് പേര് കേട്ടതാണ് പെൻഷൻ ഫണ്ട്. അതുകൊണ്ട് തന്നെ ഇത്തരം ഭൗമരാഷ്ട്രീയ വിഷയങ്ങളിൽ പെൻഷൻ ഫണ്ടുകൾ ഇത്ര തിടുക്കത്തിൽ പ്രതികരിക്കാറില്ല. 

Latest News