കൊച്ചി-ചെറുപ്പത്തില്‍ തനിക്കുണ്ടായ ചില തിക്താനുഭവങ്ങള്‍ കാരണം സിനിമയും ഉദയ പിക്‌ചേഴ്‌സും ഇനി വേണ്ടെന്ന് അപ്പനോട് പറഞ്ഞിട്ടുണ്ടെന്ന് കുഞ്ചാക്കോ ബോബന്‍. തനിക്കുണ്ടായ അനുഭവങ്ങള്‍ക്ക് സിനിമയാണ് കാരണം എന്ന തോന്നലിലാണ് ആണ് അങ്ങനെ പറഞ്ഞതെന്ന് താരം വ്യക്തമാക്കി.
എന്റെ ജീവിതത്തിലെ ചില തിക്താനുഭവങ്ങള്‍ സിനിമ മൂലം ഉണ്ടായതാണെന്ന ഒരു തോന്നല്‍ കുട്ടിക്കാലത്ത് ഉണ്ടായിരുന്നു. ആ സമയത്ത് സിനിമയോടുള്ള വൈരാഗ്യം മൂലമാവാം, ഉദയ ഇനി വേണ്ട, എല്ലാം കള, സിനിമയേ വേണ്ട എന്ന് അപ്പനോട് പറഞ്ഞു. പക്ഷേ സിനിമയിലേക്ക് തന്നെ ഞാന്‍ വന്നു. കുറച്ച് കാലം മാറി നിന്ന് വീണ്ടും തിരിച്ചുവന്നു. ഉദയ ബാനര്‍ റിവൈവ് ചെയ്തു. കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ് എന്നൊരു ബാനറും കൂടെ തുടങ്ങി.' കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
കുട്ടിക്കാലത്ത് അറിവില്ലായ്മയുടെയും എടുത്തുചാട്ടത്തിന്റെയും പുറത്തായിരിക്കാം അന്ന് അപ്പനോട് അങ്ങനെ പറഞ്ഞതെന്നും സിനിമ എത്രത്തോളം തന്റെ ജീവിതത്തിന്റെ ഭാഗവും, അവിഭാജ്യ ഘടകവുമാണെന്ന് ഇപ്പോള്‍ താന്‍ തിരിച്ചറിയുന്നുണ്ടെന്നും മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
ഉദയയെ തിരിച്ചുകൊണ്ടുവരുമ്പോള്‍ നല്ല സിനിമകള്‍ ചെയ്യണമെന്നുള്ള ഒരു ഉത്തരവാദിത്വ ബോധമുണ്ടായയിരുന്നു, അത്തരമൊരു ബോധത്തിലാണ് കുട്ടികളുടെ സിനിമയായ 'കൊച്ചവ പൗലോയും അയ്യപ്പ കൊയ്‌ലോ'യും, മഹേഷ് നാരായണന്റെ 'അറിയിപ്പും' പോലെയുള്ള നല്ല സിനിമകളുടെ ഭാഗമാവാന്‍ സാധിച്ചത്.' കുഞ്ചാക്കോ ബോബന്‍ കൂട്ടിച്ചേര്‍ത്തു.
ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന 'ചാവേറാ'ണ് കുഞ്ചാക്കോ ബോബന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. കുഞ്ചാക്കോയെ കൂടാതെ അര്‍ജുന്‍ അശോകന്‍, ആന്റണി വര്‍ഗീസ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജോയ് മാത്യു ആണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്.