കൊച്ചി-പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിലീസുകളില്‍ ഒന്നാണ് അടുജീവിതം. ബെന്യാമിന്റെ വന്‍ ജനപ്രീതി നേടിയ നോവലിന് ചലച്ചിത്രരൂപം ഒരുക്കുന്നത് ബ്ലെസിയാണ്. കഴിഞ്ഞ പത്ത് വര്‍ഷമായി ബ്ലെസി ഈ ചിത്രത്തിന് പിറകെയാണ്. കളിമണ്ണിന് ശേഷം അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ചിത്രങ്ങളൊന്നും പുറത്തെത്തിയിട്ടില്ല. വിദേശ രാജ്യങ്ങളിലടക്കം ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. ഇപ്പോഴിതാ ബെന്യാമിന് ആടുജീവിതത്തെക്കുറിച്ച് പറഞ്ഞ കാര്യം പ്രേക്ഷകശ്രദ്ധ ആകര്‍ഷിക്കുകയാണ്. ബ്ലെസിയെ കൂടാതെ മറ്റ് രണ്ട് സംവിധായകരും ആടുജീവിതം സിനിമയാക്കാന്‍ തന്നെ സമീപിച്ചിരുന്നുവെന്നാണ് അദ്ദേഹം ഒരഭിമുഖത്തില്‍ പറയുന്നത്.
ബ്ലെസി വരുന്നതിന് മുന്‍പ് ലാല്‍ജോസ് ഒരിക്കല്‍ സമീപിച്ചിരുന്നു. അദ്ദേഹമാണ് ആദ്യം സമീപിച്ചത്. അന്ന് അദ്ദേഹത്തിന്റെ അറബിക്കഥ വന്ന സമയമാണ്. കുറച്ചുകൂടെ കഴിഞ്ഞിട്ട് ചെയ്യാമെന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നെ ബ്ലെസിയും ലാല്‍ജോസും തമ്മില്‍ സംസാരിച്ചിട്ടാണ് എന്നാല്‍ ബ്ലെസി ചെയ്യട്ടെയെന്ന് ലാല്‍ജോസ് തീരുമാനിക്കുന്നത്. അടൂര്‍ ഗോപാലകൃഷ്ണന് സാറും സമീപിച്ചിരുന്നു. അപ്പോഴേക്ക് ഞാന്‍ ബ്ലെസി സാറുമായി ഒരു കരാറില്‍ എത്തിയിരുന്നു. അടൂര്‍ സാര്‍ ഇടയ്ക്ക് കാണുമ്പോഴൊക്കെ പറയും, നമ്മള് ആയിരുന്നെങ്കില്‍ ഇത് എന്നേ ചെയ്ത് തീര്‍ത്തേനെ എന്ന്'', ബെന്യാമിന് പറയുന്നു. 160 ന് മുകളില്‍ ദിവസങ്ങളാണ് ചിത്രീകരണത്തിനായി വേണ്ടിവന്നത്. എന്നാല്‍ നാലര വര്‍ഷം കൊണ്ടാണ് ബ്ലെസിയും സംഘവും ഇത് സാധിച്ചെടുത്തത്. മരുഭൂമിയിലെ ചിത്രീകരണവും ഇടയ്ക്ക് വിലങ്ങുതടിയായി വന്ന കോവിഡ് മാരിയുമൊക്കെയായിരുന്നു ഇതിന് പ്രധാന കാരണങ്ങള്‍. ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കാനായി പൃഥ്വിരാജിന് ശരീരഭാരം കുറച്ച് വലിയ മേക്കോവറും നടത്തേണ്ടിവന്നിരുന്നു.