വിദേശ ഭക്ഷ്യ എണ്ണ പ്രവാഹം, ഇറക്കുമതി നിയന്ത്രണത്തിന് വാണിജ്യ മന്ത്രാലയം തയാറാവണം. നാളികേര കർഷകർ പ്രതിസന്ധിയിൽ. രാജ്യം ഉത്സവ സീസണിന് ഒരുങ്ങുന്നത് കണ്ട് ഇന്തോനേഷ്യയും മലേഷ്യയും ഉയർന്ന തോതിൽ പാം ഓയിൽ കയറ്റിവിട്ടു.
വിദേശ എണ്ണ വരവിന് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ കൊച്ചിയിൽ പാം ഓയിൽ 8400 രൂപയിലേക്ക് ഇടിഞ്ഞു. വിപണിയിലെ പ്രതിസന്ധികൾക്ക് ഇടയിൽ കൊപ്രയാട്ട് മില്ലുകാർ ചരക്ക് സംഭരണത്തിൽ നിന്നും അകന്നതോടെ നിരക്ക് 8150 ൽ നിന്നും 8000 രൂപയായി. കോഴിക്കോട്ട് 8500 ലും കാങ്കയത്ത് വില 7750 രൂപയുമാണ്. വെളിച്ചെണ്ണ വിപണിയിലെ മാന്ദ്യം മൂലം വൻകിട ചെറുകിട മില്ലുകാർ കൊപ്ര സംഭരണം കുറച്ചത് നാളികേരോൽപന്നങ്ങളെ മൊത്തത്തിൽ തളർത്തി.
വെളിച്ചെണ്ണ വില 200 രൂപ കുറഞ്ഞ് 12,300 രൂപയായി. ഓഗസ്റ്റിൽ വിവിധ തുറമുഖങ്ങളിലായി 18.52 ലക്ഷം ടൺ പാചകയെണ്ണ ഇറക്കുമതി നടത്തി. മുൻവർഷം ഇതേ കാലയളവിൽ ഇറക്കുമതി 13.75 ലക്ഷം ടണ്ണായിരുന്നു. ഇതിന് പുറമെ ശുദ്ധീകരിക്കാത്ത എണ്ണകളും വൻതോതിൽ ഇറക്കുമതി നടത്തുന്നുണ്ട്. എണ്ണക്കുരു ഉൽപാദനം ഉയർന്ന് നിൽക്കുന്ന സന്ദർഭത്തിൽ കർഷക താൽപര്യങ്ങൾ മറന്ന് കേന്ദ്രം പാം ഓയിൽ, സോയാബീൻ, സൂര്യകാന്തി എണ്ണ ഇറക്കുമതി ലോബിക്ക് പച്ചക്കൊടി ഉയർത്തി.
ടയർ നിർമാതാക്കളും ഉത്തേരേന്ത്യൻ വ്യവസായികളും റബർ ഉൽപാദകരെ പിഴിയുകയാണ്. രാജ്യാന്തര മാർക്കറ്റിലെ മാന്ദ്യം മറയാക്കി അവർ കേരളത്തിൽ വില ഇടിച്ചു. സംസ്ഥാനത്ത് ടാപ്പിങ് പീക്ക് സീസണിലായതിനാൽ മാസത്തിന്റെ രണ്ടാം പകുതിയിൽ കൊച്ചിയിലും കോട്ടയത്തും കൂടുതൽ ചരക്ക് വിൽപനക്ക് ഇറങ്ങും. ഇത് മനസ്സിലാക്കി വ്യവസായികൾ അവസരം മുതലാക്കാനുള്ള ശ്രമത്തിലാണ്. രാത്രി മഴക്ക് ഇടയിലും പല ഭാഗങ്ങളിലും പുലർച്ചെ ടാപ്പിങിന് കർഷകർ ഉത്സാഹിച്ചെങ്കിലും ഷീറ്റ് വിൽപനക്ക് തിടുക്കം കാണിച്ചില്ല.
വിപണിയിൽ ലഭ്യത കുറഞ്ഞിട്ടും വാങ്ങലുകാർ ഷീറ്റ് വില താഴ്ത്തി. അവധി വ്യാപാരത്തിലെ വിൽപന സമ്മർദം തായ് മാർക്കറ്റായ ബാങ്കോക്കിൽ ഷീറ്റ് 131 രൂപയിലേക്ക് ഇടിച്ചു. കോട്ടയത്ത് കിലോ 146 രൂപയിലാണ്.
ലേല കേന്ദ്രങ്ങളിൽ ഏലക്ക മികവിലാണ്. പല അവസരങ്ങളിലും ചരക്ക് വരവ് അര ലക്ഷം കിലോയിൽ ഒതുങ്ങിയത് വാങ്ങലുകാരെ അസ്വസ്ഥരാക്കി. കറിമസാല വ്യവസായികൾക്ക് കനത്ത തോതിൽ ചരക്ക് ആവശ്യമുള്ള സന്ദർഭമാണ്. ഉത്സവകാല ആവശ്യങ്ങൾ മുന്നിൽ കണ്ടുള്ള ഏലക്ക സംഭരണവും കണക്കിലെടുത്താൽ നിരക്ക് കൂടുതൽ ഉയരാം. കയറ്റുമതിക്കാരിൽ നിന്നും ഏലത്തിന് ശക്തമായ പിന്തുണയുണ്ട്. വാരാന്ത്യം നടന്ന ലേലത്തിൽ മികച്ചയിനങ്ങൾ കിലോ 2590 രൂപയിലും ശരാശരി ഇനങ്ങൾ 1766 രൂപയിലും കൈമാറി.
കുരുമുളകിന് ആവശ്യക്കാരുള്ളതിനാൽ ഉൽപന്ന വില മാസത്തിന്റെ ആദ്യ പകുതിയിൽ ഒരു രൂപ പോലും കുറയാതെ വിപണി കരുത്ത് നിലനിർത്തി. സെപ്റ്റംബർ ആദ്യം മുതൽ അൺഗാർബിൾഡ് മുളക് കിലോ 635 രൂപയിലാണ്. ജൂലൈയിൽ ഇത്തരത്തിൽ വില സ്‌റ്റെഡിയായി നീങ്ങിയ ശേഷമാണ് ഓഗസ്റ്റിൽ കുതിച്ചു കയറിയത്. അത്തരം ഒരു മുന്നേറ്റം വിപണി വീണ്ടും ആവർത്തിക്കുമെന്ന വിലയിരുത്തലാണ് കാർഷിക മേഖലയിൽ നിന്നും ലഭ്യമാവുന്നത്. കൊച്ചിയിൽ ഗാർബിൾഡ് മുളക് വില 65,400 രൂപ. ഇന്ത്യൻ മുളകിന്റെ അന്താരാഷ്ട്ര നിരക്ക് 8025 ഡോളർ.
ആഭരണ കേന്ദ്രങ്ങളിൽ സ്വർണം പവന് 43,880 രൂപയിൽ നിന്നും 43,600 ലേക്ക് താഴ്ന്ന ശേഷം വാരാന്ത്യം 43,920 രൂപയിലാണ്. വിനിമയ വിപണിയിൽ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് പവന്റെ വില ഉയർത്തി. ന്യൂയോർക്കിൽ സ്വർണ വില ഔൺസിന് 1924 ഡോളർ.