കൊച്ചി - ഇതരസംസ്ഥാനക്കാരുടെ കുറ്റകൃത്യങ്ങള്‍ വ്യാപകമായ ആലുവ നഗരത്തില്‍ പോലീസ് നടത്തിയ രാത്രികാല മിന്നല്‍ പരിശോധനയില്‍ മുപ്പതിലേറെ അതിഥിതൊഴിലാളികള്‍ അറസ്റ്റിലായി. നാല് സ്ത്രീകളടക്കം 31 അതിഥി തൊഴിലാളികളും നാല് മലയാളികളുമടക്കം 35 പേരാണ് വിവിധ കുറ്റകൃത്യങ്ങള്‍ക്ക് പിടിയിലായത്. ഇരുപത്തഞ്ചോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നിരവധി പായ്ക്കറ്റ് നിരോധിത പുകയില ഉല്‍പ്പനങ്ങള്‍ പിടികൂടി.
ക്രിമനലുകള്‍, വിവിധ കേസുകളില്‍ ഉള്‍പ്പെട്ടവര്‍, നിരോധിത പുകയില ഉല്‍പനങ്ങള്‍ വിറ്റവര്‍, പരസ്യമായി മദ്യപിച്ചവര്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരാണ് ഒരു രാത്രി മുഴുവന്‍ നീണ്ടു നിന്ന റെയ്ഡില്‍ പിടിയിലായത്. വിവിധ സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. റെയില്‍വേ സ്റ്റേഷന്‍, ബസ്സ്റ്റാന്‍ഡുകള്‍, ബാറുകള്‍, ലോഡ്ജുകള്‍, ഇടവഴികള്‍, ഒറ്റപ്പെട്ട പ്രദേശങ്ങള്‍, അതിഥി ത്തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങള്‍, വാഹനങ്ങള്‍, മാര്‍ക്കറ്റ്, മേല്‍പ്പാലത്തിന് താഴെയുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പുലര്‍ച്ചെവരെ പരിശോധന നടത്തി. അതിഥിത്തൊഴിലാളികളുടെ രേഖകളും പരിശോധിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ആലുവ മണപ്പുറത്ത് നടന്ന പരിശോധനയില്‍ പത്തിലേറെ കേസുകളില്‍ പ്രതിയായ കൊല്ലം കരിമ്പിന്‍ പുഴ സ്വദേശി അഭിജിത്ത് എന്നയാളെ ജില്ലാ പോലീസ് മേധാവി വിവേക് കുമാര്‍ നേരിട്ടു പിടികൂടി. അടിപിടി ഉള്‍പ്പെടെയുള്ള കേസുകളില്‍ ഉള്‍പ്പെട്ട ഇയാളെ സംശയാസ്പദമായ സാഹചര്യത്തിലാണ് കാണപെട്ടത്. അഭിജിത്തിനെ പോലീസ് ചോദ്യം ചെയ്തു വരുന്നു.
ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തില്‍ എ.ഡി.എസ്.പികെ.ബിജുമോന്‍,ഡി വൈ എസ് പി മാര്‍, ഇന്‍സ്‌പെക്ടര്‍മാര്‍ തുടങ്ങി മുന്നൂറ്റി അമ്പതോളം പോലീസുദ്യോഗസ്ഥരാണ് പരിശോധനയില്‍ പങ്കാളികളായത്. ദ്രുതകര്‍മ്മ സേനയും, ഡോഗ് സ്‌ക്വാഡും റെയ്ഡിലുണ്ടായിരുന്നു. പരിശോധനകള്‍ തുടരുമെന്ന് എസ്.പി. പറഞ്ഞു.