ബാര്‍മര്‍- സനാതന ധര്‍മ്മത്തിനെതിരെ സംസാരിക്കുന്നവരുടെ നാവ് പിഴുതെറിയുമെന്നും കണ്ണ് ചൂഴ്‌ന്നെടുക്കുമെന്നും ഭീഷണിപ്പെടുത്തി കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്.
ബിജെപിയുടെ പരിവര്‍ത്തന്‍ സങ്കല്‍പ് യാത്രയ്ക്കിടെ രാജസ്ഥാനിലെ ബാര്‍മറില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ചിലര്‍ നമ്മുടെ പൂര്‍വ്വികര്‍ ജീവന്‍ പണയം വച്ച് സംരക്ഷിച്ച സനാതന ധര്‍മ്മം അവസാനിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
വീര്‍ ദുര്‍ഗ ദാസ്, റാണ സംഗ, മഹാറാണാ പ്രതാപ് എന്നിവരെ പ്രകീര്‍ത്തിച്ച് അദ്ദേഹം ഇവരുടെ ധീരത ഇല്ലായിരുന്നുവെങ്കില്‍ ഹിന്ദുക്കളുടെ പേര് ഇല്ലാതാകുമായിരുന്നുവെന്നും പറഞ്ഞു.
രാഷ്ട്രത്തെ കൊള്ളയടിക്കാന്‍ വന്ന മുഗളന്മാര്‍ ഉള്‍പ്പെടെയുള്ള രാജ്യത്ത് നിന്ന് സനാതന ധര്‍മ്മം അവസാനിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഔറംഗസീബിന്റെ മുന്നില്‍ നമ്മള്‍ തലകുനിച്ചില്ല. ഖില്‍ജിക്ക് കീഴടങ്ങുന്നതിന് പകരം നമ്മള്‍ മരണം തിരഞ്ഞെടുത്തു.
സനാതന ധര്‍മ്മത്തെ പരിഹസിക്കുന്ന ആരായാലും അവരുടെ നാവ് ഛേദിക്കുകയും കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുമെന്നും മന്ത്രി പറഞ്ഞു. സനാതന ധര്‍മ്മത്തിനെതിരെ സംസാരിക്കുന്നവര്‍ക്ക് രാഷ്ട്രത്തില്‍ തങ്ങളുടെ രാഷ്ട്രീയ ശക്തിയും പദവിയും ഉറപ്പിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിക്കുന്ന പ്രസ്താവനയ്‌ക്കൊപ്പം മന്ത്രിയുടെ വീഡിയോ പങ്കുവെച്ചു. ജി 20 അവസാനിച്ചതിനാല്‍ പ്രഖ്യാപനത്തിലെ പോയിന്റ് 78 ന് പ്രസക്തിയില്ല, നരേന്ദ്ര മോഡിയുടെ ക്യാബിനറ്റിലെ മന്ത്രി അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണ്- ഉവൈസി പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)