ഗുവാഹത്തി-ആള്‍ക്കൂട്ട കൊലപാതകം തടയുന്നതിനുള്ള സ്വകാര്യ ബില്‍ അസം നിയമസഭ ശബ്ദവോട്ടോടെ തള്ളി.കുറ്റവാളികളെ നിലവിലുള്ള ക്രിമിനല്‍ നിയമങ്ങളിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരമാണ് കൈകാര്യം ചെയ്യുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് ബില്‍ തള്ളിയത്.
എഐയുഡിഎഫ് നിയമസഭാംഗം അമീനുല്‍ ഇസ്‌ലാമാണ് സഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസം അസം ആള്‍ക്കൂട്ട ആക്രമണം തടയല്‍ ബില്‍ അവതരിപ്പിച്ചത്.
സമീപ വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് ആള്‍ക്കൂട്ട കൊലപാതക സംഭവങ്ങള്‍ വര്‍ധിച്ചതും ഓരോ സംഭവത്തിനു ശേഷവും നിയമത്തിനായി മുറവിളി ഉയരുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബില്ലില്‍ ആള്‍ക്കൂട്ടക്കൊലപാതകത്തില്‍ ഉള്‍പ്പെട്ട എല്ലാ വ്യക്തികള്‍ക്കും തടവുശിക്ഷയും അത് തടയുന്നതിനുള്ള മറ്റ് നടപടികളും ഉള്‍പ്പെടുത്തിയിരുന്നുവെന്ന് പ്രതിപക്ഷ എംഎല്‍എ പറഞ്ഞു.
ബില്‍ സുപ്രധാന വിഷയമാണ് കൈകാര്യം ചെയ്യുന്നതെന്ന് സമ്മതിച്ച
പാര്‍ലമെന്ററി കാര്യ മന്ത്രി പിജൂഷ് ഹസാരിക ആള്‍ക്കൂട്ട കൊലപാതകം ഒരു പരിഷ്‌കൃത വ്യക്തിക്കും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബില്ലിനോട് പ്രതികരിച്ചുകൊണ്ടു പറഞ്ഞു.
ആള്‍ക്കൂട്ടക്കൊലപാതകത്തില്‍ ഉള്‍പ്പെട്ട ഏതൊരു വ്യക്തിക്കെതിരെയും പ്രസക്തമായ നിയമങ്ങള്‍ക്കനുസരിച്ച് സര്‍ക്കാര്‍ ശക്തമായി ഇടപെടുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
ആള്‍ക്കൂട്ട ആക്രമണം നേരിടാന്‍ ഐപിസിയുടെയും സിആര്‍പിസിയുടെയും വിവിധ വിഭാഗങ്ങളുണ്ട്. അതിനാല്‍, ഇത് കൈകാര്യം ചെയ്യാന്‍ പ്രത്യേക ബില്ലിന്റെ ആവശ്യമില്ല-ഹസാരിക കൂട്ടിച്ചേര്‍ത്തു.
ചെയര്‍മാനായിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ നുമോള്‍ മോമിന്‍ വോട്ടെടുപ്പ് നടത്താന്‍ നിര്‍ദ്ദേശം നല്‍കിയതോടെ ശബ്ദവോട്ടോടെയാണ് ബില്‍ തള്ളിയത്.