ആദിവാസി മൂപ്പന്റെ വേഷത്തിൽ വിനായകൻ വരുന്നു. വയനാട് ചുരത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന കരിന്തണ്ടൻ മൂപ്പന്റെ കഥ പറയുന്ന ചിത്രത്തിലാണ് കരിന്തണ്ടനായി വിനായകൻ എത്തുന്നത്. വിനായകന്റെ മാസ്റ്റർപീസായിരിക്കും കരിന്തണ്ടനിലെ വേഷമെന്നാണ് പറയപ്പെടുന്നത്.
ആഷിഖ് അബു, രാജീവ് രവി തുടങ്ങിയവർ രൂപം നൽകിയ കളക്ടീവ് ഫേസ് വൺ നിർമിക്കുന്ന ചിത്രത്തിന്റെ സംവിധാനം ആദിവാസി വനിതയായ ലീലയാണെന്നതും ശ്രദ്ധേയം. മലയാള സിനിമയിലെ ആദ്യത്തെ ആദിവാസി സംവിധായികയാണ് ലീല.
പോയകാലത്തിന്റെ പഴങ്കഥകൾക്കുള്ളിൽ നിന്ന് ഹീറോയിസത്തിന്റെയും വഞ്ചനയുടെയും പ്രണയത്തിന്റെയും എതിർപ്പിന്റെയും പ്രതികാരത്തിന്റെയും ഒരു അദ്ധ്യായം എന്ന ടാഗ് ലൈനോടെയാണ് ചിത്രം ഇറങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, നടി ഗീതു മോഹൻദാസ് ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. 'ബ്രിട്ടീഷുകാർ വയനാട്ടിലിക്കു വന്ത കാലത്തു അവരക്കു മലെമ്പെകേറുവുള എളുപ്പവയി കാട്ടി കൊടുത്ത കരിന്തണ്ടന വഞ്ചകെത' എന്നാണ് പോസ്റ്ററിലെ വിവരണം. ആദിവാസികളിലെ പണിയ വിഭാഗത്തിൽ പ്രചാരത്തിലുള്ള പണിയ ഭാഷയാണിത്. ബ്രിട്ടീഷുകാർ വയനാട്ടിലേയ്ക്ക് വന്ന സമയത്ത് അവർക്ക് മലമുകളിലേക്ക് കയറാനുള്ള എളുപ്പവഴി കാണിച്ചുകൊടുത്ത കരിന്തണ്ടനെ വഞ്ചിച്ച കഥ എന്നാണ് അതിനർത്ഥം.
വിനായകനടക്കം ചിത്രത്തിലെ ആദിവാസി കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിൽ പണിയ ഭാഷയുടെ സ്വാധീനമുണ്ടെന്ന് സംവിധായിക പറഞ്ഞു. എന്നാൽ സംഭാഷണങ്ങൾ പൂർണ്ണമായും പണിയ ഭാഷയിലാവില്ല. സിനിമ കാണുന്ന എല്ലാ മലയാളികൾക്കും വലിയ ബുദ്ധിമുട്ടില്ലാതെ മനസ്സിലാക്കാൻ പറ്റുംവിധമാണ് സംഭാഷണം തയാറാക്കിയിരിക്കുന്നത്. സംവിധായിക ലീലയും പണിയ വിഭാഗക്കാരിയാണ്.
ചരിത്രത്തിലെ കരിന്തണ്ടന്റെ ആത്മാവിനെ തളച്ചിരിക്കുന്നത് ആണിയിലല്ല, വലിയ ചങ്ങലകളിലാണ്. യഥാർത്ഥത്തിൽ ജീവിച്ചിരുന്നപ്പോൾ കരിന്തണ്ടൻ ആരായിരുന്നു എന്ന് പറയുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നും ലീല പറയുന്നു.
കരിന്തണ്ടനെക്കുറിച്ച് എഴുതപ്പെട്ട ചരിത്രമോ രേഖകളോ ഇല്ല. ആകെയുള്ളത് കുറച്ച് വായ്മൊഴിക്കഥകളും ഈ പറഞ്ഞ ചങ്ങലമരവും അതിലുറങ്ങുന്ന കരിന്തണ്ടന്റെ ആത്മാവെന്ന സങ്കൽപ്പവും മാത്രം. വായ്മൊഴി കഥകളുടെ അടിസ്ഥാനത്തിൽ 1750 മുതൽ 1799 വരെയുള്ള കാലഘട്ടത്തിലാണ് കരിന്തണ്ടൻ ജീവിച്ചിരുന്നതായി കരുതപ്പെടുന്നത്. വയനാടൻ അടിവാരത്തുള്ള ചിപ്പിലിത്തോട് ഭാഗത്ത് പണിയയെന്ന ആദിവാസി വിഭാഗത്തിന്റെ തലവനായിരുന്നു കരിന്തണ്ടൻ. കോഴിക്കോട് തമ്പടിച്ചിരുന്ന ബ്രിട്ടീഷുകാർക്ക് അതുവരെ അനന്യമായ ഒന്നായിരുന്നു വയനാട് വഴി മൈസൂരിലേക്കുള്ള മാർഗം. സുഗന്ധവ്യഞ്ജനങ്ങളും മറ്റും സുലഭമായിരുന്ന വയനാടൻ കാടുകൾ സ്വന്തമാക്കുക, അതിലുപരി ശ്രീരംഗപട്ടണത്തെ ടിപ്പു സുൽത്താന്റെ സാമ്രാജ്യം കീഴടക്കുക എന്നീ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ ഒരു എളുപ്പവഴി തേടുകയായിരുന്നു ബ്രിട്ടീഷുകാർ. പക്ഷേ പാതയ്ക്കു വേണ്ടി ഇറങ്ങിത്തിരിച്ച പല ഇംഗ്ലീഷുകാരും വന്യമൃഗങ്ങളുടെ ആക്രമണത്തിനിരയായതോടെ അവർക്ക് ഉദ്യമത്തിൽനിന്ന് പിന്മാറേണ്ടിവന്നു.
അതിനിടെ വയനാടൻ കുന്നുകളുടെ അടിവാരത്ത് ആടുമേച്ചു നടക്കുന്ന ആജാനുബാഹുവായ കരിന്തണ്ടനെ കണ്ടതോടെ ബ്രിട്ടീഷുകാരുടെ സ്വപ്നങ്ങൾക്ക് വീണ്ടും ചിറകുമുളച്ചു. കാടിന്റെ മുക്കും മൂലയും അറിയാമായിരുന്ന കരിന്തണ്ടന്റെ സഹായത്തോടെ ഇംഗ്ലണ്ടിൽ നിന്നെത്തിയ എൻജിനീയറുടെ നേതൃത്വത്തിൽ പാത നിർമിക്കാനുള്ള ശ്രമം ആരംഭിച്ചു. അടിവാരത്തിൽ നിന്നും ലക്കിടിയിലേക്കുള്ള ആ എളുപ്പവഴി കണ്ടെത്തിയപ്പോൾ ബ്രിട്ടീഷുകാർക്ക് അദ്ഭുതവും അതിലേറെ ആഹ്ലാദവുമായിരുന്നു. എന്നാൽ തങ്ങളെ സഹായിച്ച കരിന്തണ്ടനോട് നന്ദി കാണിക്കുന്നതിനുപകരം ചതിക്കുകയായിരുന്നു വെള്ളക്കാർ.
ലോകം ഭരിക്കുന്ന ബ്രിട്ടീഷുകാർക്ക് കഴിയാത്തത് അപരിഷ്കൃതനായ ആദിവാസിക്ക് കഴിഞ്ഞുവെന്ന് അംഗീകരിക്കാനുള്ള മടി, പാതയെക്കുറിച്ച് കരിന്തണ്ടൻ മറ്റാരോടെങ്കിലും പറഞ്ഞാലോ എന്ന സംശയം... അങ്ങനെ കരിന്തണ്ടനെ ഇല്ലാതാക്കാൻ അവർ തീരുമാനിച്ചു. ചതിച്ച് കൊല്ലുകയായിരുന്നു ആദിവാസികളുടെ ആ അതികായനെ.