Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഓഹരി വിപണിയിൽ അഞ്ചാം വാരത്തിലും കരടിക്കൂട്ട ആധിപത്യം

ചിങ്ങമാണ്, ഓണക്കാലമായി. വടംവലി മത്സരം ഓഹരി വിപണിയിൽ അരങ്ങേറി. ഒരു വശത്ത് വിദേശ ഫണ്ടുകൾ ഓഹരി സൂചികയെ പിന്നോക്കം വലിച്ചപ്പോൾ സർവ ശക്തിയുമായി ആഭ്യന്തര ഫണ്ടുകൾ വിപണിയെ ഉയർത്താൻ എല്ലാ ശ്രമവും കാഴ്ചവെച്ചു. സെൻസെക്‌സ് 62 പോയന്റും നിഫ്റ്റി 44 പോയന്റും പ്രതിവാര നഷ്ടത്തിൽ. അഞ്ചാം വാരമാണ് ഇന്ത്യൻ മാർക്കറ്റിൽ കരടിക്കൂട്ടം  ആധിപത്യം നിലനിർത്തുന്നത്. 
നിഫ്റ്റിക്ക് നേരത്തെ സൂചിപ്പിച്ച 19,265 ലെ സപ്പോർട്ട് നിർണായകമായി. 19,310 ൽ നിന്നും 19,577 ലെ പ്രതിരോധം തകർത്ത് സൂചിക 19,584 വരെ കയറിയതിനിടയിലാണ് വിൽപനക്കാർ വിപണിയെ ആക്രമിച്ചത്. ഇതോടെ തളർന്ന സൂചിക 19,229 വരെ പരീക്ഷണങ്ങൾ നടത്തിയ ശേഷം വ്യാപാരാന്ത്യം 19,265 നെ തേടിയെത്തി. ഈ വാരം 19,134 ലെ സപ്പോർട്ട് നഷ്ടമായാൽ 19,004 ൽ പിടിച്ചുനിൽക്കാം. വിപണിയുടെ 55 ഡേ മൂവിങ് ആവറേജ്  19,265 പോയന്റാണ്. 
എൽനിനോ പ്രതിഭാസ ഫലമായുള്ള  കാലാവസ്ഥ മാറ്റം കാർഷികോൽപാദനം കുറച്ചാൽ പണപ്പെരുപ്പത്തിന് ഇടയാക്കും. അത് പലിശ വർധനക്ക് കേന്ദ്ര ബാങ്കിനെ പ്രേരിപ്പിക്കാം. ഇതിനിടയിൽ ഓഗസ്റ്റ് സീരീസ് സെറ്റിൽമെന്റിന് വിപണി ഒരുങ്ങുന്നു. ഓപറേറ്റർമാർ ഷോട്ട് കവറിങിന് ഇറങ്ങിയാൽ വിപണി 19,489 പോയന്റ് ലക്ഷ്യമാക്കും. ഈ പ്രതിരോധം ഭേദിച്ചാൽ സെപ്റ്റംബർ ആദ്യവാരം നിഫ്റ്റി 19,714 നെ മുന്നിൽ കാണും. 
ബോംബെ സെൻസെക്‌സ് 64,948 ൽ നിന്നും 65,915 ലേക്ക് കയറിയതതോടെ ഫണ്ടുകൾ വിൽപനക്കാരായി. ഇതോടെ സമ്മർദത്തിലായ മാർക്കറ്റ് 64,600 ലെ സപ്പോർട്ട് തകർത്ത് 64,332 വരെ ഇടിഞ്ഞ ശേഷം 64,886 പോയന്റിലാണ്. വിപണി സാങ്കേതികമായി ദുർബലമായത് ബാധ്യതകൾ വിറ്റുമാറാൻ ഓപറേറ്റർമാരെ പ്രേരിപ്പിച്ചു. മുന്നിലുള്ള ദിവസങ്ങളിൽ 64,440 ലെ താങ്ങ് നിലനിർത്തിയാൽ 65,623 ലേക്ക് ഉയരാം. ആദ്യ സപ്പോർട്ട് നഷ്ടപ്പെട്ടാൽ സെൻസെക്‌സ് 63,994 വരെ തിരുത്തൽ കാഴ്ചവെക്കാം. പാരാബോളിക് എസ്.എ.ആർ പച്ചക്കൊടി ഉയർത്തിയത് സെല്ലർമാർക്ക് അനുകൂലമാണ്. 
മുൻനിര ഓഹരിയായ ആർ.ഐ.എൽ, എം ആന്റ് എം, സൺ ഫാർമ, എച്ച്.ഡി.എഫ്.സി ബാങ്ക്, ജെ.എസ്.ഡബ്ല്യൂ സ്റ്റീൽ, ടാറ്റാ മോട്ടോഴ്‌സ്, എസ്.ബി.ഐ, എൽ ആന്റ് റ്റി, വിപ്രോ, ടെക് മഹീന്ദ്ര തുടങ്ങിയവ വിൽപന സമ്മർദത്തിൽ തളർന്നു. വാങ്ങൽ താൽപര്യം ഇൻഫോസീസ്, ഇൻഡസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, എയർ ടെൽ, ടാറ്റാ സ്റ്റീൽ, എച്ച്.യു.എൽ, മാരുതി, ഐ.റ്റി.സി, റ്റി.സി.എസ് ഓഹരികൾ നേട്ടമാക്കി. 
ആഭ്യന്തര ഫണ്ടുകൾ 8496 കോടി രൂപയുടെ ഓഹരികൾ വാരിക്കൂട്ടിയപ്പോൾ വിദേശ ഫണ്ടുകൾ 7034 കോടി രൂപയുടെ  ഓഹരികൾ വിറ്റു. 
രൂപയുടെ മൂല്യം ഡോളറിന് മുന്നിൽ 83.10 ൽ നിന്നും 82.33 ലേക്ക് മികവ് കാണിച്ച ശേഷം ക്ലോസിങിൽ 82.65 ലാണ്. ഈ വാരം 82.94 ലെ പ്രതിരോധം നഷ്ടമായാൽ രൂപ 83.15 ലേക്ക് ദുർബലമാകാം. മാസാന്ത്യമായതിനാൽ എണ്ണ ഇറക്കുമതിക്കാർ ഡോളറിൽ പിടിമുറുക്കുമെന്നത് രൂപക്ക് തിരിച്ചടിയാകാം.  വിദേശനാണ്യ കുരുതൽ ശേഖരം ഇടിഞ്ഞു. കരുതൽ ധനം 594.89 ബില്യൺ ഡോളറായി. തൊട്ട് മുൻവാരം ഇത് 601.45 ബില്യൺ ഡോളറായിരുന്നു.  
ന്യൂയോർക്കിൽ സ്വർണവില ട്രോയ് ഔൺസിന് 1889 ഡോളറിൽ നിന്നും ഉയർന്നു. കഴിഞ്ഞ ലക്കം സൂചിപ്പിച്ചതാണ്, ഷോട്ട് കവറിങിന് ഓപറേറ്റർമാർ രംഗത്ത് ഇറങ്ങിയതോടെ 1900 ലെ പ്രതിരോധം തകർത്ത് 1924 നെ ലക്ഷ്യമാക്കുമെന്നത്.
പ്രതീക്ഷിച്ചത് പോലെ തന്നെ കുതിച്ചു ചാട്ടത്തിൽ പക്ഷേ 1923.31 ഡോളർ വരെയേ കയറാനായുള്ളൂ. ഫണ്ടുകൾക്ക് 1924 ന് മുകളിൽ സ്വർണത്തെ തൽക്കാലം കടത്താൻ താൽപര്യമില്ലാത്ത സാഹചര്യത്തിൽ പുതിയ ഷോട്ട് സെല്ലിങ് 1,88,51,880 ഡോളറിലേയ്ക്ക് സ്വർണത്തെ തളർത്താം.

Latest News