കൊച്ചി- ദുല്‍ഖര്‍ സല്‍മാന്റെ കിംഗ് ഓഫ് കൊത്തക്കെതിരെ വ്യാപക പെയ്ഡ് പ്രൊമോഷനുമായി ഒരു വിഭാഗം രംഗത്തെത്തിയെന്ന ആരോപണവുമായി അണിയറ പ്രവര്‍ത്തകര്‍. സിനിമ ഇറങ്ങുന്നതിനു മുന്‍പേ തന്നെ സിനിമ കാണാതെ റിവ്യൂകള്‍ വ്യാപകമാക്കി ഒരു കൂട്ടം ആളുകള്‍ രംഗത്തെത്തി.
കിംഗ് ഓഫ് കൊത്ത ലോകവ്യാപകമായി വന്‍ റിലീസായി തിയേറ്ററിലെത്തി ചരിത്രം സൃഷ്ടിച്ച ബുക്കിങ്ങും പ്രേക്ഷക അഭിപ്രായങ്ങളും നേടുമ്പോഴാണ് ഫേക്ക് അക്കൗണ്ടുകളില്‍ നിന്നും പേജുകളില്‍ നിന്നും വ്യാപകമായി
ഡിഗ്രേഡിങ് നടക്കുന്നതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ഒരു ചിത്രത്തിനും ഇതുവരെ കിട്ടാത്ത ബുക്കിങ്ങും കളക്ഷനും അഭിപ്രായവും നേടുമ്പോള്‍ ഒരു വിഭാഗം ചിത്രത്തിന്റെ വളര്‍ച്ചയില്‍ ഭയന്നാണ് വ്യാപകമായി പെയ്ഡ് ക്യാമ്പയ്നുമായി കടന്നുവന്നിരിക്കുന്നത്. മലയാള സിനിമയെത്തന്നെ നശിപ്പിക്കുന്ന രീതിയില്‍ ഉള്ള ഇത്തരം പ്രവണതകള്‍ നടത്തുന്നവരെ ജനങ്ങള്‍ തിരിച്ചറിഞ്ഞു നല്‍കുന്ന വരവേല്‍പ്പാണ് ടിക്കറ്റ് ബുക്കിങ്ങില്‍ അടുത്ത നാലു ദിവസങ്ങളില്‍ ഹൗസ്ഫുള്‍ ഷോകളുമായി കിംഗ് ഓഫ് കൊത്ത മുന്നേറുന്നതെന്നും അണിയറ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.
അഭിലാഷ് ജോഷിയുടെ സംവിധാനത്തില്‍ സീ സ്റ്റുഡിയോസും വേഫേറെര്‍ ഫിലിംസുമാണ് ചിത്രം നിര്‍മ്മിച്ചത്.
ഐശ്വര്യാ ലക്ഷ്മി, ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന്‍, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.