Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കരുത്തറ്റ് രൂപ;  പ്രവാസികൾക്ക് ആഹ്ലാദം

വിനിമയ വിപണിയിൽ യു.എസ് ഡോളറിന് മുന്നിൽ രൂപക്ക് നേരിട്ട റെക്കോർഡ് തകർച്ച പ്രവാസികൾക്ക് അനുഗ്രഹമായി. വിദേശ ഫണ്ടുകൾ ഇന്ത്യയിലെ നിക്ഷേപം തിരിച്ചു പിടിക്കാൻ മത്സരിച്ചത് രൂപയെ ദുർബലമാക്കി. ഫോറെക്‌സ് മാർക്കറ്റിൽ ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം 68.53 ൽനിന്ന് എക്കാലത്തെയും താഴ്ന്ന നിലവാരമായ 69.22 വരെ നീങ്ങിയ ശേഷം വാരാന്ത്യം 68.73 ലാണ്. 
യു.എസ് ഡോളർ ഇൻഡക്‌സ് പ്രമുഖ കറൻസികൾക്ക് മുന്നിൽ മികവിലാണ്. ഡോളർ സൂചികയുടെ മുന്നേറ്റം വിലയിരുത്തിയാൽ രൂപക്ക് ഈ വാരം 69.35 നിർണായകമാവും. ഈ തടസ്സം മറികടന്നാൽ 70 ലേക്ക് വിനിമയ നിരക്ക് നീങ്ങാനുള്ള സാധ്യതകൾക്ക് ശക്തിയേറും. ഒരു വർഷത്തെ രൂപയുടെ ചലനങ്ങൾ പരിശോധിച്ചാൽ നിരക്ക് ശക്തി പ്രാപിച്ചാൽ 67.25 വരെ നീങ്ങാം. 
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ ഒരിക്കൽകൂടി കുതിപ്പിന് തുനിഞ്ഞാൽ അടുത്ത സാമ്പത്തിക വർഷം രൂപയുടെ നിരക്ക് 72 ലേക്ക് നീങ്ങാം. വർഷാന്ത്യം അടുക്കുന്നതോടെ വിദേശ ഫണ്ടുകൾ നിക്ഷേപം തിരിച്ചു പിടിക്കുന്നതിൽ കൂടുതൽ വ്യഗ്രത കാണിക്കാറുണ്ട്. അത്തരം ഒരു നീക്കം വീണ്ടും ആവർത്തിച്ചാൽ രൂപ 70-71 റേഞ്ചിൽ നീങ്ങാം. 
വിദേശ നാണയ കരുതൽ ശേഖരത്തിൽ വീണ്ടും ഇടിവ്. ജൂലൈ 13 ന് അവസാനിച്ച വാരത്തിൽ കരുതൽ ശേഷം 734.5 മില്യൻ ഡോളർ കുറഞ്ഞ് 405.07 ലേക്ക് താഴ്ന്നു. ഏപ്രിൽ 13 ന് രാജ്യത്തെ വിദേശ നാണയ കരുതൽ ശേഖരം 426.02 ബില്യൻ ഡോളറായിരുന്നു.  
ഗൾഫ് കറൻസികൾക്ക് മൂല്യം കൂടിയത് പ്രവാസികളെ പൊതുവെ ആഹ്ലാദവാൻമാരാക്കിയിട്ടുണ്ട്. വില സൂചിക ഉൾപ്പെടെയുള്ള ഘടകങ്ങളെ അടിസ്ഥാനമാക്കി ജീവിതനിലവാരം വിലയിരുത്തുന്ന നംബിയോ രാജ്യാന്തര വിവരശേഖര റിപ്പോർട്ടിൽ ഇക്കാര്യം സൂചിപ്പിക്കുന്നു.
മൊത്തത്തിൽ ജീവിത നിലവാരം ഉയർന്നുവെന്ന റിപ്പോർട്ട് മലയാളികൾ ഉൾപ്പെടെയുള്ളവർ ശരിവെക്കുന്നു. വാങ്ങൽ ശേഷി കൂടിയതിന്റെ പ്രതിഫലനം വിപണിയിലും ദൃശ്യം. രൂപയുമായുള്ള വിനിമയ നിരക്കിൽ ദിർഹവും റിയാലുമൊക്കെ കരുത്താർജിച്ചതിന്റെ ആവേശത്തിലാണ് പ്രവാസി ഇന്ത്യക്കാർ. ഇതിന്റെ ദുരന്തവശം എന്തുതന്നെയായാലും നാട്ടിൽ കൂടുതൽ പണമെത്തുന്നതിന്റെ സന്തോഷം ആരും മറച്ചുവെക്കുന്നില്ല. സൗദിയിലേക്കാൾ യു.എ.ഇയിലെ പ്രവാസികൾക്ക് കൂടുതൽ ആഹ്ലാദത്തിന് വകയുണ്ട്. പല ചട്ടങ്ങളുടേയും ലഘൂകരണമാണ് അതിന് കാരണം. ദുബായിലെ സ്വകാര്യ സ്‌കൂളുകളിൽ ഈ അധ്യയന വർഷം ഫീസ് വർധന ഉണ്ടാകില്ലെന്ന പ്രഖ്യാപനം സാധാരണക്കാരായ ഒട്ടേറെ പേർക്ക് ആശ്വാസം പകർന്നു. യു.എ.ഇയിൽ പൊതുസേവനങ്ങൾക്കുള്ള സർക്കാർ ഫീസ്  മൂന്നുവർഷത്തേക്കു വർധിപ്പിക്കില്ലെന്ന തീരുമാനമാണ് മറ്റൊന്ന്. അതേസമയം, ലെവിയും വൈദ്യുതി ചാർജ് വർധനയുമൊക്കെ സൗദിയിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
വാണിജ്യ വ്യവസായ മേഖലകളെ സഹായിക്കാനും കൂടുതൽ വിദേശ നിക്ഷേപങ്ങൾ ആകർഷിക്കാനും ലക്ഷ്യമിട്ടുള്ള യു.എ.ഇ പ്രഖ്യാപനം പരക്കെ സ്വാഗതം ചെയ്യപ്പെട്ടു. 2020 എക്‌സ്‌പോ മുൻനിർത്തി കൂടുതൽ പദ്ധതികൾക്കു തുടക്കം കുറിക്കാനും തൊഴിലവസരങ്ങൾ വർധിക്കാനും ഇതു സഹായകമാകും. ദുബായിൽ ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കുമുള്ള മുനിസിപ്പാലിറ്റി ഫീസിൽ ഏഴു മുതൽ പത്തു ശതമാനം വരെ കുറവുവരുത്തിയതാണ് മറ്റൊരു സുപ്രധാന തീരുമാനം. സാധാരണക്കാർ ഉൾപ്പെടെ ഏറ്റവും കൂടുതൽ പേർ ആശ്രയിക്കുന്ന ഹോട്ടലുകളുടെയും റസ്റ്ററന്റുകളുടെയും നടത്തിപ്പു ചെലവ് കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് ഈ തീരുമാനം. ഒട്ടേറെ മലയാളികൾ ഈ രംഗത്തു പ്രവർത്തിക്കുന്നുണ്ട്. ജീവനക്കാരിൽ വലിയൊരു വിഭാഗവും മലയാളികളാണ്.

Latest News