ചെന്നൈ- ചന്ദ്രയാന്‍ ദൗത്യത്തെ പരിഹസിച്ചെന്ന് പറഞ്ഞ് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന് പ്രകാശ് രാജ്. എക്സിലൂടെയാണ് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പ്രകാശ് രാജ് മറുപടി നല്‍കിയത്. വിക്രം ലാന്‍ഡറിന്റെ ചന്ദ്രനില്‍നിന്നുള്ള ആദ്യ ചിത്രം' എന്ന തലക്കെട്ടോടെ നടന് ട്വീറ്റ് ചെയ്ത ചായ വില്പനക്കാരന്റെ ചിത്രമാണ് വിമര്‍ശനങ്ങള്‍ക്കിടയാക്കിയത്.
ചന്ദ്രനില്‍ പോയാലും അവിടെയൊരു മലയാളിയുടെ ചായക്കട കാണുമെന്ന പണ്ടേയുള്ള ഫലിതമായിരുന്നു പ്രകാശ് രാജിന്റെ പോസ്റ്റിന് അടിസ്ഥാനം. എന്നാല്‍ സംഘ് പ്രൊഫൈലുകള്‍ അതിനെ ചന്ദ്രയാനെ പരിഹസിക്കുന്നു എന്ന രീതിയില്‍ വ്യാഖ്യാനിക്കുകയായിരുന്നു.
തന്റെ ട്വീറ്റ് ഒരു തമാശ മാത്രമായിരുന്നുവെന്നാണ് പ്രകാശ് രാജ് എക്സിലൂടെ വിശദീകരിച്ചിരിക്കുന്നത്. നേരത്തേ പോസ്റ്റ് ചെയ്ത ചിത്രം റീ പോസ്റ്റ് ചെയ്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വെറുപ്പ് വെറുപ്പിനെ മാത്രമേ കാണൂ. ആംസ്ട്രോങ്ങിന്റെ കാലത്തുള്ള തമാശയാണ് പറഞ്ഞത്. കേരളത്തിലെ ചായവില്പനക്കാരനെയാണ് ആഘോഷിച്ചത്. ട്രോളുകള്‍ ഏത് ചായ വില്പനക്കാരനെയാണ് കണ്ടതെന്നും അദ്ദേഹം ചോദിച്ചു.
ഒരു കാര്യം പറഞ്ഞതിലെ തമാശയെന്താണെന്ന് മനസിലാക്കിയില്ലെങ്കില്‍ ആ തമാശ നിങ്ങളേക്കുറിച്ചാണ്. വളരൂ എന്നും പ്രകാശ് രാജ് തന്റെ വിശദീകരണ കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.. ജസ്റ്റ് ആസ്കിങ് എന്നാണ് കുറിപ്പിന് അദ്ദേഹം നല്‍കിയിരിക്കുന്ന ഹാഷ് ടാഗ്.