കൊച്ചി- കുരുമുളക് സാങ്കേതിക തിരുത്തലുകൾ പൂർത്തിയാക്കി വീണ്ടും മുന്നേറ്റത്തിന് ഒരുങ്ങുന്നു. കുരുമുളകിന്റെ കുതിപ്പിനെ തടയാൻ ഉത്തരേന്ത്യക്കാർ നടത്തിയ നീക്കം പാളി. അവർ സംഘടിതരായി രംഗത്ത് നിന്നും അകന്ന് വില ഇടിക്കാൻ നടത്തിയ നീക്കം വിജയിച്ചില്ല. തൊട്ട് മുൻവാരത്തിലെ സാങ്കേതിക തിരുത്തൽ മറയാക്കി വില കൂടുതൽ ഇടിക്കാനായിരുന്നു വാങ്ങലുകാരുടെ പദ്ധതി. എന്നാൽ ഇടുക്കി, വയനാട്, കോഴിക്കോട് മേഖലകളിൽനിന്നും നാമമാത്രം ചരക്കാണ് വിൽപ്പനയ്ക്ക് വന്നത്. ഇതോടെ രംഗത്ത് നിന്ന് വിട്ടുനിന്നവർ വാരാവസാനം ചെറിയതോതിൽ കുരുമുളക് ശേഖരിക്കാൻ തിരിച്ചെത്തി. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് 61,800 രൂപ. സിംഗപ്പുർ, ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കുരുമുളക് റീസെല്ലർമാർ രംഗത്ത് സജീവമാകുന്നു. ക്രിസ്തുമസ്- പുതുവത്സരം വരെ വേണ്ട കുരുമുളക് ഷിപ്പ്മെന്റ് നടത്താമെന്ന വാഗ്ദാനവുമായാണ് യൂറോപ്യൻ രാജ്യങ്ങളെ സമീപിച്ചത്.
മുംബൈ ആസ്ഥാനമായ ബഹുരാഷ്ട്ര കമ്പനിക്ക് ഒപ്പം തമിഴ്നാട്ടിലെ വൻകിട കൊപ്രയാട്ട് വ്യവസായികൾ സ്റ്റോക്കുമായി കേരളത്തിലേയ്ക്ക്. വൻകിടക്കാരുടെ വരവിന് മുന്നിൽ പിടിച്ച് നിൽക്കാനാവാതെ ചെറുകിട കൊപ്രയാട്ട് മില്ലുകാർ പതറുകയാണ്. കൊച്ചിയിൽ ഉൽപ്പന്ന വിലകൾ ക്വിന്റലിന് 100 രൂപ താഴ്ന്നു. കൊപ്ര 8150 രൂപയായും വെളിച്ചെണ്ണ 12,500 രൂപയായും കുറഞ്ഞു.
ടയർ ലോബി റബർ മേഖലയെ വെട്ടി നിരത്തുകയാണ്. പ്രാണരക്ഷാർത്ഥം ഷീറ്റും ലാറ്റക്സും കിട്ടുന്ന വിലയ്ക്ക് വിറ്റുമാറാൻ ചെറുകിട കർഷകർ നിർബന്ധിതരായി. ടയർ നിർമാതാക്കൾ നാലാം ഗ്രേഡ് 15,200 ൽ നിന്നും 14,200 ലേയ്ക്ക് ഇടിച്ചു. അഞ്ചാം ഗ്രേഡ് റബറിന് 500 രൂപ കുറഞ്ഞ് 13,200-13,800 രൂപയായി.
മഴ കുറഞ്ഞതോടെ ഏലക്ക ഉൽപാദനം ചുരുങ്ങുമെന്ന സൂചനയാണ് ഹൈറേഞ്ചിൽ നിന്നും ലഭ്യമാവുന്ന വിവരം. പിന്നിട്ടവാരം നടന്ന പത്ത് ലേലങ്ങളിലെത്തിയ ചരക്കിൽ ഭൂരിഭാഗവും കൊത്തി പെറുക്കാൻ ഇടപാടുകാർ മത്സരിച്ചു. കയറ്റുമതിക്കാരും രംഗത്ത് നിലയുറപ്പിച്ചിരുന്നു. വാരാന്ത്യം വണ്ടൻമേട് നടന്ന ലേലത്തിൽ മികച്ചയിനങ്ങൾ 3047 രൂപയിലും ശരാശരി ഇനങ്ങൾ 2198 രൂപയിലും കൈമാറ്റം നടന്നു.
ആഭരണ കേന്ദ്രങ്ങളിൽ തിരക്ക്. ചിങ്ങം പിറന്നതും വിവാഹ സീസണിന് തുടക്കം കുറിച്ചതും സ്വർണത്തിന് തിളക്കം പകർന്നു. 43,720 രൂപയിൽ വിൽപ്പനയ്ക്ക് തുടക്കം കുറിച്ച പവൻ വാരമധ്യം പിന്നിട്ടതോടെ 43,280 ലേയ്ക്ക് താഴ്ന്ന് ഇതേ നിരക്കിൽ മൂന്ന് ദിവസം ഇടപാടുകൾ നടന്നു. ഗ്രാമിന് വില 5410 രൂപ.