കേരളത്തിൽ നിന്നുള്ള രാജ്യത്തെ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ ഇൻഡെൽമണി സാമ്പത്തിക വർഷം ആദ്യ പാദത്തിൽ 21 കോടി രൂപയുടെ റെക്കോർഡ് ലാഭം കൈവരിച്ചു. മുൻ പാദ ഫലത്തെയപേക്ഷിച്ച് 63 ശതമാനം വളർച്ച. വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 74 ശതമാനം വളർന്നു.
കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തികൾ ഇതേ പാദത്തിൽ മുൻ വർഷത്തെയപേക്ഷിച്ച് 61 ശതമാനം വർധിച്ച് 1294.44 കോടി രൂപയുടേതായി. പ്രതിവർഷ വായ്പാ വിതരണ നിരക്കിൽ 40 ശതമാനം വളർച്ച രേഖപ്പെടുത്തി. . 2024 സാമ്പത്തിക വർഷം ഒന്നാം പാദത്തിൽ 850.64 കോടി രൂപയുടെ വായ്പകളാണ് നൽകിയത്. ഇതിൽ 92 ശതമാനവും സ്വർണ വായ്പയായിരുന്നു. വളർച്ചയിലുള്ള പ്രതിബദ്ധതയും മാറുന്ന വിപണി സാഹചര്യങ്ങൾ ഉൾക്കൊള്ളാനുള്ള കെൽപുമാണ് അഭിമാനകരമായ നേട്ടത്തിനിടയാക്കിയതെന്ന് ഇൻഡെൽ എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഉമേഷ് മോഹൻ പറഞ്ഞു. 2024 സാമ്പത്തിക വർഷം നാലു സംസ്ഥാനങ്ങളിലായി 100 ലേറെ പുതിയ ശാഖകൾ തുടങ്ങാൻ പദ്ധതിയുണ്ട്.