Sorry, you need to enable JavaScript to visit this website.

എച്ച്.ടി.സി മറ്റൊരു സമാര്‍ട്‌ഫോണ്‍ ദുരന്തമാകുമോ? 

ഗുണമേന്മയിലും കരുത്തിലും സല്‍പ്പേരുള്ള സ്മാര്‍ട്‌ഫോണുകള്‍ നിര്‍മ്മിക്കുന്ന എച്ച്.ടി.സി വിപണിയില്‍ നിന്ന് അപ്രത്യക്ഷമാകുന്നു. ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്ന കമ്പനിയുടെ അസാന്നിധ്യം എച്ച്.ടി.സിയെ മറ്റൊരു നോക്കിയയും ബ്ലാക്ക്‌ബെറിയും ആക്കിമാറ്റുമോ എന്ന ആശങ്കയിലാണ് ഗുണമേന്മയ്ക്ക് പേരെടുത്ത ഈ തായ്‌വാന്‍ ബ്രാന്‍ഡിന്റെ ആരാധകര്‍. ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്‌ഫോണ് വിപണികളിലൊന്നായ ഇന്ത്യയില്‍ നിന്ന് എച്ച്.ടി.സി പിന്‍വാങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനിയുടെ ഇന്ത്യ മേധാവി ഫൈസല്‍ സിദ്ധീഖി, സെയില്‍സ് തലവന്‍ വിജയ് ബാലചന്ദ്രന്‍, പ്രൊഡക്ട് മേധാവി ആര്‍ നയാര്‍ എന്നിവര്‍ ഇതിനകം വിട്ടതായാണ് റിപ്പോര്‍ട്ട്. രാജ്യത്തുടനീളമുള്ള വിതരണ ബന്ധങ്ങളും ഇന്ത്യയിലെ ഉല്‍പ്പാദനവും കമ്പനി അവസാനിപ്പിച്ചതോടെ എച്ച്.ടി.സിയുടെ നില പരുങ്ങലിലാണെന്നു വ്യക്തമായിരിക്കുകയാണ്.

ഒരു കാലത്ത് ഏറ്റവും മികച്ച സ്മാര്‍ട് ഫോണ്‍ നിര്‍മ്മാതാക്കളെന്നു പേരെടുത്ത എച്ച്.ടി.സിക്ക് എല്ലാ വിലകളിലുമുള്ള സ്മാര്‍ട്‌ഫോണുകളുടെ ശ്രേണി തന്നെ ഉണ്ടായിരുന്നു. മെറ്റല്‍ ബോഡിയിലുള്ള പ്രീമിയം ഫോണുകളായിരുന്നു എച്ച്.ടി.സിയുടെ മുഖമുദ്ര. പ്രീമിയം സെഗ്മെന്റിലേക്ക് ആപ്പിളും സാംസങും ഇരച്ചു കയറിയതോടെ ആ വിപണി നഷ്ടമായി. ബജറ്റ് ശ്രേണിയില്‍ ഷവോമി പോലുള്ള കമ്പനികള്‍ വിപണി പിടിച്ചടക്കിയപ്പോള്‍ അവിടെയും എച്ച്.ടി.സി പിറകോട്ടു പോകുകയായിരുന്നു. സ്വന്തം ആരാധകരെ പോലും പിടിച്ചു നിര്‍ത്തുന്നതിലും കമ്പനി പരാജയപ്പെട്ടതോടെ പതനം ആസന്നമാകുകയായിരുന്നു.

ചൈനീസ് ബജറ്റ് ബ്രാന്‍ഡുകളുടെ തള്ളിക്കയറ്റത്തെ പ്രതിരോധിക്കാന്‍ എച്ച്.ടി.സിക്ക് കഴിഞ്ഞില്ല. ഡിസയര്‍ എന്ന പേരില്‍ ഇടത്തരം സ്മാര്‍ട്‌ഫോണുകളുടെ മികച്ച ശ്രേണി ഉണ്ടായിരുന്നിട്ടും ചൈനീസ് ബ്രാന്‍ഡുകളുടെ വിലയുമായും സ്‌പെസിഫിക്കേഷന്‍സുമായും ഏറ്റുമുട്ടാന്‍ എച്ച്.ടി.സിക്കു കഴിഞ്ഞില്ല. സ്വന്തം നാട്ടിലും യുഎസിലും നേരിട്ട വന്‍ തിരിച്ചടിയുടെ തുടര്‍ച്ചയാണ് എച്ച്.ടി.സി ഇപ്പോള്‍ ഇന്ത്യയിലും നേരിടുന്നത്. 2011-ല്‍ ആഗോള തലത്തില്‍ എച്ച്.ടി.സിക്ക് 10.7 ശതമാനം വിപണി വിഹിതം ഉണ്ടായിരുന്നു. ഇതേ വര്‍ഷം മൂന്നാം പാദത്തില്‍ അപ്പഌനേയും സാംസങിനേയും പിന്തള്ളി യുഎസിലെ ഏറ്റവും വലിയ സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാതാക്കളാകും എച്ച്.ടി.സിക്കു കഴിഞ്ഞിരുന്നു. ഏഴു വര്‍ഷത്തിനു ശേഷം ഇന്ന് എച്ച്.ടി.സിയുടെ ആഗോള വിപണി വിഹിതം വെറും ഒരു ശതമാനം മാത്രമാണ്. 

വ്യത്യസ്ത വിപണി തന്ത്രങ്ങളിലൂടെ ആപ്പ്‌ളും സാംസങും വലിയൊരു ശതമാനം ഉപഭോക്താക്കളെ തങ്ങളിലേക്ക് ആകര്‍ഷിച്ചപ്പോള്‍ വലിയ നഷ്ടം നേരിട്ടവരില്‍ മുന്‍നരയില്‍ എച്ച്.ടി.സിയുമുണ്ടായിരുന്നു. നവീനമായ ഫോണ്‍നിര്‍മ്മാതാക്കളെന്ന ഖ്യാതിയോ ആദ്യമായി ആന്‍ഡ്രോയ്ഡ്, ടച് എനേബ്ള്‍ഡ് ഇന്റര്‍ഫേസ് എന്നിവ അവതരിപ്പിച്ച സ്മാര്‍ട്‌ഫോണെ ചരിത്രമോ എച്ച്.ടി.സിയെ രക്ഷിച്ചില്ല. ജി-1 എന്ന പേരില്‍ ലോകത്ത് ആദ്യമായി ആന്‍ഡ്രോയ്ഡ് ഫോണ്‍ അവതരിപ്പിച്ചത് എച്ച്.ടി.സിയാണ്. 2008ല്‍. രണ്ടു വര്‍ഷത്തിനു ശേഷം നക്‌സസ് ഫോണുകളും അവതരിപ്പിച്ചു. 2018ലെത്തിയപ്പോഴേക്കും എച്ച്.ടി.സിയുടെ നില പരുങ്ങലിലായിരിക്കുകയാണ്. കമ്പനിയുടെ ഭാവി അനിശ്ചിതത്വത്തിലാണ്. നോക്കിയക്കും ബ്ലാക്ക്‌ബെറിക്കും സംഭവിച്ചത് എച്ച്.ടി.സിക്ക് സംഭവിക്കരുതെ എന്ന പ്രാര്‍ത്ഥനയിലാണ് ആരാധകര്‍.
 

Latest News