ന്യുദല്‍ഹി- വ്യാജവാര്‍ത്തകളും കിംവദന്തികളും വ്യാപകമായി പരക്കുന്നത് തടയാന്‍ മെസേജ് ഫോര്‍വേഡുകള്‍ക്ക് ജനപ്രിയ മെസേജിങ് അപ്ലിക്കേഷനായ വാട്‌സാപ്പ് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുന്നു. പരീക്ഷണാര്‍ത്ഥം ഇന്ത്യയില്‍ നടപ്പിലാക്കിയിരിക്കുന്ന പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം ഇനി ടെക്‌സ്റ്റ്, ചിത്രം, വീഡിയോ, വോയ്‌സ് സന്ദേശങ്ങള്‍ യഥേഷ്ടം ആര്‍ക്കും ഫോര്‍വേഡ് ചെയ്യാന്‍ കഴിയില്ല. ഒരേ സമയം ഒരു സന്ദേശം പരമാവധി അഞ്ചു പേര്‍ക്കു മാത്രമെ ഫോര്‍വേഡ് ചെയ്യാന്‍ കഴിയൂ. ഫോട്ടോ, വീഡിയോ, ജിഫ് മെസേജുകള്‍ക്കൊപ്പം കണ്ടിരുന്ന ക്വിക്ക് ഫോര്‍വേഡ് ബട്ടണും നീക്കം ചെയ്തിട്ടുണ്ട്.
പുതിയ പരീക്ഷണം ബ്ലോഗിലൂടെയാണ് വാട്്‌സാപ്പ് വെളിപ്പെടുത്തിയത്. വാട്‌സാപ്പിന്റെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയില്‍ 250 ദശലക്ഷം ആളുകളാണ് വാട്‌സാപ്പ് ഉപയോഗിക്കുന്നത്. ഏറ്റവും കൂടുതല്‍ മെസേജ് ഫോര്‍വേഡുകള്‍ നടക്കുന്നതും ഇന്ത്യയിലാണ്. വാട്‌സാപ്പിലൂടെ പരക്കുന്ന വ്യാജ വാര്‍ത്തകളും കിംവദന്തികളും രാജ്യത്ത് പലയിടത്തും ആള്‍ക്കൂട്ട മര്‍ദനങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും കാരണമായ പശ്ചാത്തലത്തില്‍ വാട്‌സാപ്പ് ഏര്‍പ്പെടുത്തി വരുന്ന നിയന്ത്രണങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണിത്. വ്യാജവും തെറ്റിദ്ധാരണ പരത്തുന്നതുമായ വാട്‌സാപ്പ് ഫോര്‍വേഡുകള്‍ പലയിടത്തും വര്‍ഗീയ കലാപങ്ങള്‍ക്കും ആള്‍കൂട്ടമര്‍ദ്ദനങ്ങള്‍ക്കും കാരണമായിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ വിവിധ കോണുകളില്‍ നിന്ന് വാട്‌സാപ്പിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. വ്യാജ വാര്‍ത്തകള്‍ നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കമ്പനിയോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.