- മൊബൈൽ ഡിസൈനുമായി ഡെസ്‌ക്‌ടോപ്പ് ആപ്പ്
വിഡിയോകോൾ, വോയ്‌സ്‌കോൾ ആപ്ലിക്കേഷനായ സ്‌കൈപ്പിന്റെ ഡെസ്‌ക് ടോപ്പ് പതിപ്പിന് പുതിയ മുഖം വരുന്നു. സ്‌കൈപ്പിന്റെ ക്ലാസിക് 7.0 ആപ്പിന് പകരമായാണ് പുതിയ ഡെസ്‌ക് ടോപ്പ് പതിപ്പ് അവതരിപ്പിക്കുന്നത്. എച്ച്ഡി വിഡിയോകോൾ, 24 പേരുമായി ഒരേസമയം ആശയവിനിമയത്തിനു സാധിക്കുന്ന ഗ്രൂപ്പ് കോൾ തുടങ്ങിയ സൗകര്യങ്ങളാണ് പുതിയ ഡെസ്‌ക് ടോപ്പ് പതിപ്പിലുള്ളത്. ഐപാഡുകളിലും സ്‌കൈപ്പ് 8.0 പതിപ്പ് ലഭ്യമാവും. വ്യക്തിപരമായ ആവശ്യങ്ങളേക്കാൾ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഏറെ പ്രയോജനപ്പെടുത്തുന്ന ആശയവിനിമയ സേവനമാണ് സ്‌കൈപ്പ്. വിഡിയോ കോൺഫറൻസുകൾക്കും ക്ലാസുകൾക്കും മറ്റുമായി സ്‌കൈപ്പ് പ്രയോജനപ്പെടുത്തുന്ന നിരവധി സ്ഥാപനങ്ങളുണ്ട്.
ഈ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടാണ് 24 പേർക്ക് വരെ ആശയവിനിമയത്തിനു സാധിക്കുന്ന വിഡിയോ കോളിങ് സംവിധാനവും അതുമായി ബന്ധപ്പെട്ട മറ്റ് ഫീച്ചറുകളും സ്‌കൈപ്പ് കൊണ്ടുവരുന്നത്. സെപ്റ്റംബർ ഒന്നു മുതൽ പുതിയ അപ്‌ഡേറ്റ് ലഭിക്കും.സ്‌കൈപ്പ് കമ്മ്യൂണിറ്റിയുടെ ആവശ്യപ്രകാരമാണ് സ്‌കൈപ്പിന്റെ 8.0 പതിപ്പ് പുറത്തിറക്കുന്നതെന്ന് സ്‌കൈപ്പ് ബ്ലോഗ്‌പോസ്റ്റിൽ പറഞ്ഞു. സ്‌കൈപ്പ് 7.0 പതിപ്പിൽ പരിചിതമായ അതേ രീതിയിൽ തന്നെയാണ് പുതിയ പതിപ്പും ഉപയോഗിക്കുകയെന്നും മൈക്രോസോഫ്റ്റ് പറയുന്നു. സ്‌കൈപ്പ് 8.0യിൽ മെസേജ് റിയാക്ഷനുകൾ, ഗ്രൂപ്പ് ചാറ്റിൽ ഒരോ വ്യക്തിക്കും പ്രത്യേകം നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനായുള്ള @ മെൻഷനുകൾ, ചാറ്റ് മീഡിയാ ഗാലറി, ഒരുസമയം 300 ചിത്രങ്ങളും വിഡിയോകളും വരെ അയക്കുക തുടങ്ങിയ സൗകര്യങ്ങൾ സ്‌കൈപ്പിൽ ലഭ്യമാവും.
ഇത് കൂടാതെ റീഡ് റസീറ്റുകൾ, എന്റ് റ്റു എന്റ് എൻക്രിപ്ഷൻ, ക്ലൗഡ് അടിസ്ഥാനമാക്കിയുള്ള വിഡിയോകോൾ റെക്കോഡിങ്, പ്രൊഫൈൽ ഇൻവൈറ്റ്‌സ് പോലുള്ള കൂടുതൽ ഫീച്ചറുകൾ താമസിയാതെ അവതരിപ്പിക്കുമെന്നും പരിപാടിയുണ്ട്.