മുംബൈ- വിദ്യഭ്യാസത്തെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചുമാണ് പറഞ്ഞതെന്നും ഏതെങ്കിലും രാഷ്ട്രീയ നേതാക്കളെ ഉദ്ദേശിച്ചിട്ടില്ലെന്നും നടി കജോള്‍. വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കളാണ് ഇവിടെ ഭരിക്കുന്നതെന്ന പരാമര്‍ശത്തില്‍ കജോളിനെതിരെ വിദ്വേഷ പ്രചാരണം രൂക്ഷമായ പശ്ചാത്തലത്തിലാണ് നടിയുടെ വിശദീകരണം.
കജോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ലക്ഷ്യമിട്ടാണ് വിവാദ പരാമര്‍ശം നടത്തിയതെന്നായിരുന്നു പ്രധാന ആക്ഷേപം.
വിദ്യാഭ്യാസത്തേക്കുറിച്ചും അതിന്റെ പ്രാധാന്യത്തേക്കുറിച്ചും ചൂണ്ടിക്കാണിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് കജോള്‍ ഔദ്യോഗിക ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. ഏതെങ്കിലും രാഷ്ട്രീയ നേതാക്കളെ നിന്ദിക്കുകയായിരുന്നില്ല ഉദ്ദേശിച്ചത്. രാജ്യത്തെ നേര്‍വഴിക്ക് നയിക്കുന്ന വലിയ നേതാക്കള്‍ നമുക്കുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു.
ദ ക്വിന്റിന് നല്‍കിയ അഭിമുഖത്തില്‍ കാജോള്‍ നടത്തിയ പരാമര്‍ശമാണ് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വിവാദത്തിനും കാരണമായത്. ഇന്ത്യയെ പോലൊരു രാജ്യത്ത് മാറ്റങ്ങള്‍ വളരെ പതുക്കെയാണ് നടക്കുന്നത്. നാം നമ്മുടെ പാരമ്പര്യത്തില്‍ മുഴുകിയിരിക്കുകയാണ്. മാറ്റങ്ങള്‍ സംഭവിക്കുന്നതില്‍ വിദ്യാഭ്യാസത്തിന് വലിയ പങ്കുണ്ട്. എന്നാല്‍ വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കളാണ് ഇവിടെ ഭരിക്കുന്നത്. ഇത് പറയുന്നതില്‍ വിഷമമുണ്ട്. പക്ഷേ അത് പറയാതെ വയ്യ, അതാണ് യാഥാര്‍ഥ്യം- ഇതായിരുന്നു കജോളിന്റെ വാക്കുകള്‍.
ഭരിക്കുന്നവരില്‍ പലരും വിദ്യാഭ്യാസത്തേക്കുറിച്ചുള്ള വീക്ഷണം ഇല്ലാത്തവരാണ്. കുറഞ്ഞപക്ഷം കാര്യങ്ങള്‍ മറ്റൊരു വീക്ഷണകോണിലൂടെ കാണാനുള്ള അവസരമെങ്കിലും വിദ്യാഭ്യാസം നിങ്ങള്‍ക്ക് നല്‍കുമെന്ന് താന്‍ കരുതുന്നുവെന്നും കജോള്‍ പറഞ്ഞിരുന്നു.
രേവതി സംവിധാനം ചെയ്ത സലാം വെങ്കി, ലസ്റ്റ് സ്‌റ്റോറീസ് 2 എന്നിവയാണ് കജോളിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍. കരണ്‍ ജോഹര്‍ നിര്‍മിക്കുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ കജോള്‍ നായികയായി വേഷമിടുന്നു. പൃഥ്വിരാജ് സുകുമാരന്‍, ഇബ്രാഹീം അലി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.