ഹൈദരാബാദ്- സൂപ്പര്‍ യുവ താരം ജൂനിയര്‍ എന്‍ടിആര്‍ നായകനായി ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന തെലുഗ് ചിത്രം 'ദേവര'യില്‍ നടി സായ് പല്ലവി ഉണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം.
ജനപ്രിയ നടി സായ് പല്ലവി ദേവരയില്‍ അഭിനയിക്കുമെന്ന് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ ചിത്രീകരണം ആരംഭിച്ചതു മുതല്‍ അഭ്യൂഹം പ്രചരിച്ചിരുന്നു. ഇത് ചിത്രത്തില്‍ ആരാധകരുടെ താല്പര്യം വര്‍ധിപ്പിക്കുകയും ചെയ്തു. ജൂനിയര്‍ എന്‍.ടി.ആര്, സായ്പല്ലവി ഓണ്‍സ്ക്രീന്‍ ജോഡിക്കായി കാത്തിരിക്കുന്ന ആരാധകരെ നിരാശരാക്കി കൊണ്ടാണ് അഭ്യൂഹങ്ങള്‍ സിനിമാ സംഘം ഇപ്പോള്‍ ഔദ്യോഗികമായി നിഷേധിച്ചിരിക്കുന്നത്.
വൈറലായ വാര്‍ത്തകള്‍ക്കും സോഷ്യല്‍ മീഡിയ ഊഹാപോഹങ്ങള്‍ക്കും പിന്നാലെ സായി പല്ലവി പ്രൊജക്റ്റിന്റെ ഭാഗമാകില്ലെന്ന് ദേവര ഫിലിം ടീം വ്യക്തമാക്കി.
സായി പല്ലവിയും ജൂനിയര്‍ എന്‍ടിആറും തമ്മിലുള്ള അവിശ്വസനീയമായ കെമിസ്ട്രി കാണുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. മികച്ച അഭിനയത്തിനും നൃത്തങ്ങള്‍ക്കും പേരുകേട്ട ഇരുവരും സിനിമയില്‍ ഒരുമിക്കാത്തത് ആരാധാകരെ നിരാശരാക്കിയിരിക്കയാണ്.
സായ് പല്ലവിക്കു പകരം താരകിന്റെ ഭാര്യയായി ജാന്‍വി കപൂര്‍ അഭിനയിക്കാനാണ് സാധ്യത. ദേവരയില്‍ ജാന്‍വി കപൂര്‍ അഭിനയിക്കുമെന്ന സ്ഥിരീകരണമുണ്ട്. ജാന്‍വിയുടെ കഥാപാത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ജൂനിയര്‍ എന്‍ടിആറിനൊപ്പം ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാന്, ജാന്‍വി കപൂര്‍ എന്നിവര്‍ അഭിനയിക്കുമെന്നതും ആരാധകരെ ആഹ്ലാദിപ്പിക്കുന്നുണ്ട്. സായ് പല്ലവിയില്ലെങ്കിലും ജാന്വിയുണ്ടല്ലോ എന്നാണ് അവരുടെ കമന്റ്.