Sorry, you need to enable JavaScript to visit this website.

നിക്ഷേപത്തിന്റെ വസന്ത കാലത്തിന് വിരാമം

കൊച്ചി - ഇന്ത്യൻ ഓഹരി ഇൻഡക്‌സുകൾ റെക്കോർഡുകളുടെ പൂക്കാലും സൃഷ്ടിക്കാനുള്ള ശ്രമം പുർണതയിലെത്തും മുന്നേ നിക്ഷേപത്തിന്റെ വസന്തകാലത്തിന് വിരാമം. നിഫ്റ്റിക്ക് നിർണായക നാഴികക്കല്ല് മറികടക്കാനായില്ല. സൂചിക സർവകാല റെക്കോർഡിനെ തൊട്ടുതൊട്ടില്ലെന്ന ഭാവത്തിൽ നാണിച്ചു നിന്നതോടെ ഊഹക്കച്ചവടക്കാർ വിൽപന സമ്മർദത്തലൂടെ വിപണിയുടെ ദിശ തിരിച്ചു. 
നിഫ്റ്റി 18,887 റെക്കോർഡ് തകർക്കുമെന്ന ഘട്ടത്തിൽ ഫണ്ടുകൾ സൃഷ്ടിച്ച വിൽപന തരംഗത്തിൽ 18,886.30 ൽ സൂചികയുടെ കാലിടറിയതോടെ നാലാഴ്ച നീണ്ട ബുൾ റാലിക്ക് അന്ത്യമായി. നിഫ്റ്റി 160 പോയന്റും സെൻസെക്‌സ് 405 പോയന്റും പ്രതിവാര നഷ്ടത്തിലാണ്. 
18,826 ഓപൺ ചെയ്ത മാർക്കറ്റ് റെക്കോർഡിലേക്കുള്ള ദൂരം പടിപടിയായി കുറച്ചു. ഓരോ തവണയും സൂചിക മുന്നേറിയ സന്ദർഭങ്ങളിൽ വിൽപന സമ്മർദത്തിലുടെ റെക്കോർഡ് തകർക്കാനുള്ള നീക്കത്തിന് ഊഹക്കച്ചവടക്കാർ തടയിട്ടു. വാരമധ്യം 18,874 വരെ ഉയർന്ന നിഫ്റ്റി തൊട്ട് അടുത്ത ദിവസം 17,886 വരെ കയറി. 
മാർക്കറ്റ് ക്ലോസിങിൽ 18,655 പോയന്റിലുളള നിഫ്റ്റിക്ക് 18,818 ൽ പുതിയ പ്രതിരോധം തല ഉയർത്തുന്നു. അതായത് മുന്നേറാൻ ശ്രമിച്ചാൽ വിൽപന സമ്മർദത്തിലുടെ സൂചികയെ 18,579 - 18,493 പോയന്റിലേയ്ക്ക് തളർത്താൻ സാധ്യത. ഈ റേഞ്ചിൽ പിടിച്ചു നിൽക്കാനായില്ലെങ്കിൽ 18,254 വരെ പരീക്ഷണം തുടരാം. 
പ്രതിദിന ചാർട്ടിൽ നിഫ്റ്റി സൂപ്പർ ട്രെന്റ് ബുള്ളിഷാണ്. അതേ സമയം പാരാബോളിക് എസ്എ ആർ സെല്ലർമാർക്ക് അനുകൂലമായി. എം.എ.സി.ഡി ബുള്ളിഷെങ്കിലും തൽക്കാലം തളർച്ചയ്ക്ക് മുൻതൂക്കം നൽകുന്നു. മറ്റു ഇൻഡിക്കേറ്ററുകളായ ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്‌സ്, സ്ലോ സ്റ്റോക്കാസ്റ്റിക്‌സ്, ഫുൾ സ്റ്റോക്കാസ്റ്റിക്‌സ്, ആർ.എസ്.ഐ എന്നിവ വീക്കിലി ചാർട്ടിൽ ഓവർ ബ്രോട്ടായത് തിരുത്തൽ സാധ്യതക്ക് ശക്തി പകരും. 
സെൻസെക്‌സ് മുൻവാരത്തിലെ 63,384 പോയന്റിൽ നിന്നും ഡിസംബറിൽ രേഖപ്പെടുത്തിയ എക്കാലത്തെയും ഉയർന്ന നിലവാരമായ 63,583 പോയന്റിലെ റെക്കോർഡ് തകർക്കും മുന്നേ പ്രോഫിറ്റ് ബുക്കിംഗിൽ 62,801 ലേയ്ക്ക് താഴ്ന്നു. ഈ അവസരത്തിൽ കൈവരിച്ച കരുത്തുമായി സെൻസെക്‌സ് 63,588.31 വരെ ഉയർന്ന് പുതിയ റെക്കോർഡ് സ്ഥാപിച്ചു. മുൻനിര ഓഹരികളിൽ ഓപറേറ്റർമാർ വിൽപനക്കാരായതോടെ സൂചിക വാരാന്ത്യം 62,979 ലാണ്.
ടാറ്റാ സ്റ്റീൽ ഓഹരി വില നാല് ശതമാനം ഇടിഞ്ഞ് 109 രൂപയായി. എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ആർ.ഐ.എൽ, എച്ച്.യു.എൽ, എം ആന്റ് എം, മാരുതി ഓഹരി വിലകൾ താഴ്ന്നപ്പോൾ നിക്ഷേകരുടെ വരവ് എയർടെൽ, ടെക് മഹീന്ദ്ര, എച്ച്.സി.എൽ, റ്റി.സി.എസ്, എച്ച്.ഡി.എഫ് സി, എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരി വിലകൾ ഉയർത്തി. 
രൂപയുടെ മൂല്യം 81.89 ൽ നിന്നും 82.03 ലേക്ക് ദുർബലമായി. ഈ വാരം രൂപ 81.82  82.31 റേഞ്ചിൽ നിലകൊള്ളാം. ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരത്തിൽ 2.350 ബില്യൺ ഡോളർ ഉയർന്ന് കരുതൽ ധനം 596.1 ബില്യൺ ഡോളറിലെത്തി. 
സാമ്പത്തിക മേഖലയിൽ പുതിയ ചലനങ്ങൾ ആഗോള വിപണിയിൽ ക്രൂഡ് ഓയിലിനെ തളർത്തി. ബാരലിന് 72.50 ഡോളറിൽ നിന്നും 67.40 ലേക്ക് ഇടിഞ്ഞ ശേഷം 69.52 ഡോളറിലാണ്. ചൈനീസ് കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറച്ച പ്രഖ്യാപനമാണ് എണ്ണയ്ക്ക് തിരിച്ചടിയായത്. കോവിഡ് ആഘാതത്തിൽ നിന്നും തിരിച്ചുവരവിന് കാലതാമസം നേരിടുമെന്ന സൂചനയാണ് പീപ്പിൾസ് ബാങ്കിനെ പലിശ കുറക്കാൻ പ്രേരിപ്പിച്ചത്. യൂറോപ്യൻ കേന്ദ്ര ബാങ്ക് നീക്കം കണ്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ 15 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ അഞ്ച് ശതമാനമാക്കി. നോർവേയും സ്വിസ് നാഷണൽ ബാങ്കും പലിശ വർധിപ്പിച്ചു. ഇതിനിടയിൽ തുർക്കി വ്യാഴാഴ്ച പലിശ 650 ബേസിസ് പോയന്റ് ഉയർത്തി പതിനഞ്ച് ശതമാനമാക്കി. 
സാമ്പത്തിക രംഗത്തെ പുതിയ മാറ്റങ്ങൾ ഡോളറിനെ ശക്തമാക്കുമെന്ന ചിന്തഗതിയിൽ ഫണ്ടുകൾ സ്വർണ വിൽപനക്ക് മത്സരിച്ചതോടെ ട്രോയ് ഔൺസിന് 1958 ഡോളറിൽ നിന്നും 1910 ലേക്ക് ഇടിഞ്ഞു, ക്ലോസിങിൽ വില 1920 ഡോളറിലാണ്. 

Latest News