സാൻഫ്രാൻസിസ്‌കോ- സോഷ്യൽ മീഡിയ ആപ്പുകളിൽ ഓരോ മൂന്ന് കൗമാരക്കാരിലും രണ്ടു പേർ ലൈംഗികതയുടെ പേരിലുള്ള ചൂഷണത്തിന് ലക്ഷ്യമാക്കപ്പെടുന്നതായി പഠനം. സ്നാപ് ചാറ്റിന്റെ മാതൃസ്ഥാപനമായ സ്നാപാണ് പഠനം നടത്തിയത്. സ്നാപ്ചാറ്റ്, ഇൻസ്റ്റഗ്രാം, ടംബ്ലർ, ട്വിറ്റർ, ഫേസ് ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ ആപ്പുകളിൽ തട്ടിപ്പുകാർ പണത്തിനുവേണ്ടി പ്രധാനമായും ലക്ഷ്യമിടുന്നത് യുവാക്കളേയും കൗമാരക്കാരേയുമാണ്. വീഡിയോകൾക്കും ഫോട്ടോകൾക്കും വേണ്ടി പെൺകുട്ടികളേയും ലക്ഷ്യമിടന്നുവെന്ന് ഫോക്സ് ബിസിനസ് (Fox Business) റിപ്പോർട്ട് ചെയ്യുന്നു.
ലൈംഗികാതിക്രമ സംഭവങ്ങൾക്ക് ഇരയാകുമ്പോൾ വിവരം യഥാസമയം മാതാപിതാക്കളെ അറിയിക്കുമ്പോഴാണ് ആശ്വാസം ലഭിക്കുന്നതെന്ന് ഇരകളാക്കപ്പെട്ട കൗമാരക്കാർ പറയുന്നു. ഹോട്ട്‌ലൈനുകളിലേക്കും ഹെൽപ്പ്‌ലൈനുകളിലേക്കും റിപ്പോർട്ടുചെയ്യാനും പ്ലാറ്റ്‌ഫോമുകളിൽ റിപ്പോർട്ട് ചെയ്യാനുമായി മാതാപിതാക്കളെയോ വിശ്വസ്തരായ മുതിർന്നവരെയോ അറിയിക്കാനാണ് ഞങ്ങൾ ഉപദേശിക്കുന്നതെന്ന് EOKM എന്നറിയപ്പെട്ടിരുന്ന ഡച്ച് ചൈൽഡ് ദുരുപയോഗ ഹോട്ട്‌ലൈനായ ഓഫ്‌ലിമിറ്റിന്റെ പ്രസിഡന്റ് അർദ ഗെർക്കൻസ് പറയുന്നു.
യുഎസിലെ 760 കൗമാരക്കാരെയാണ് പുതിയ സർവേയിൽ ഉൾപ്പെടുത്തിയത്. പഠനമനുസരിച്ച്, സ്‌നാപ്ചാറ്റിലെയും മറ്റ് ആപ്പുകളിലെയും 65 ശതമാനം കൗമാരക്കാരും തങ്ങളോ അവരുടെ സുഹൃത്തുക്കളോ ലൈംഗിക ചൂഷണത്തിന്റെ ഇരകളാണെന്ന് പറഞ്ഞു.ഓൺലൈനിൽ തങ്ങളുടെ യഥാർഥ ഐഡന്റിറ്റി മറച്ചുവെച്ച് കബളിപ്പിക്കുന്ന ക്യാറ്റ്ഫിഷിംഗിനാണ് കൂടതൽ പേരും ഇരകളാകുന്നത്. സ്വകാര്യ വിവരങ്ങൾക്കായി ഹാക്ക് ചെയ്യപ്പെടുകയും ഫോട്ടോകൾ ഉപയോഗിച്ച് ബ്ലാക്കമെയിൽ ചെയ്യുകയുമാണ് രീതി.
51 ശതമാനം പേർ തങ്ങളോ സുഹൃത്തുക്കളോ ക്യാറ്റ്ഫിഷിംഗിന് ഇരയായതായും 47 ശതമാനം പേർ ഹാക്കിംഗിന് ഇരയായതായും പറഞ്ഞു.
തട്ടിപ്പുകാരുടെ ടാർഗെറ്റുകളായി മാറിയ കൗമാരക്കാരിൽ മൂന്നിൽ ഒരാൾ സ്വകാര്യ ചിത്രങ്ങൾ പങ്കിട്ടതായും പഠനം പറയുന്നു.
ഓൺലൈനിൽ ഭീഷണിപ്പെടുത്തിയതിന് ശേഷം സഹായത്തിനായി സുഹൃത്തുക്കളെയോ മാതാപിതാക്കളെയോ മറ്റ് വിശ്വസ്തരായ മുതിർന്നവരെയോ സമീപിച്ചത് 56 ശതമാനം പേരാണ്. അതേസമയം 50 ശതമാനം പേർ സംഭവം അവർ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമിൽ റിപ്പോർട്ട് ചെയ്തു.
40 ശതമാനം പേർ കുറ്റവാളിയെ തടയുകയും 30 ശതമാനം പേർ തങ്ങളുടെ അക്കൗണ്ടിൽ സുരക്ഷാ ക്രമീകരണങ്ങൾ അപ്‌ഡേറ്റ് ചെയ്യുകയും ചെയ്തു.