Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ശ്രീനാഥ് ഭാസിയുടെ അംഗത്വ അപേക്ഷയില്‍ തീരുമാനം പിന്നീട്, അമ്മ യോഗദിവസം ഷൂട്ടിംഗ് നടത്തിയതില്‍ പ്രതിഷേധം

കൊച്ചി-നടന്‍ ശ്രീനാഥ് ഭാസിയുടെ അംഗത്വ അപേക്ഷയില്‍ തീരുമാനം മറ്റ് സിനിമാ സംഘടനകളില്‍ നിന്ന് സമ്മതം ലഭിച്ച ശേഷമെന്ന് 'അമ്മ' ജനറല്‍ ബോഡി യോഗം. ജനറല്‍ ബോഡി നടക്കുന്ന ദിവസം അഞ്ചില്‍ പരം സിനിമകളുടെ ഷൂട്ടിംഗ് നടത്തി അംഗങ്ങള്‍ക്ക് പങ്കെടുക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയ നടപടിയില്‍ യോഗം പ്രതിഷേധിച്ചു.

കഴിഞ്ഞ ദിവസം ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി  6 പേരുടെ അംഗത്വത്തിനുള്ള അപേക്ഷകള്‍ പരിഗണിച്ചു. ഇതില്‍ വിജയന്‍ കാരന്തൂര്‍, ബിനു പപ്പു, സലിം ബാവ, സഞ്ജു ശിവറാം, ശ്രീജ രവി, നിഖിലാ വിമല്‍ എന്നിവര്‍ക്ക് അംഗത്വം അനുവദിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ശ്രീനാഥ് ഭാസിയുടെ അപേക്ഷയില്‍ ഇതര സംഘടനയില്‍ നിന്നും സമ്മതപത്രം ലഭിക്കുന്ന മുറയ്ക്ക് അംഗത്വം നല്‍കുന്ന കാര്യം പരിഗണണക്കെടുക്കുവാനും തീരുമാനിച്ചതായി അമ്മ പത്രക്കുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ പൊതുയോഗത്തിനു ശേഷം 9 പേര്‍ക്കായിരുന്നു അംഗത്വം നല്‍കിയത്.

ഏറെ നാളുകള്‍ക്ക് മുന്‍പുതന്നെ വാര്‍ഷിക പൊതുയോഗ തിയ്യതി അറിയിച്ചിട്ടും  യോഗ ദിവസം കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭരണസമിതി അംഗത്തിന്റേതടക്കം 5 ല്‍ പരം ചിത്രങ്ങളുടെ ഷൂട്ടിംഗ് നടത്തി അംഗങ്ങള്‍ക്കു യോഗത്തില്‍ എത്തിച്ചേരുവാന്‍ സൗകര്യം ചെയ്തുകൊടുക്കാത്തതിലുള്ള പ്രതിഷേധം അമ്മ നേതൃത്വം പ്രൊഡ്യൂസഴ്‌സ് അസോസിഷന്‍ പ്രസിഡന്റ്‌നെയും ജനറല്‍ സെക്രട്ടറിയേയും ഫോണില്‍ വിളിച്ച് അറിയിച്ചു.

'അമ്മ'യുടെ 29ാമതു വാര്‍ഷിക പൊതുയോഗമാണ് ഇന്നലെ കൊച്ചിയിലെ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നത്.  ഒരു വര്‍ഷത്തിനുള്ളില്‍ മരണമടഞ്ഞ മുന്‍ പ്രസിഡണ്ട് ഇന്നസെന്റ് അടക്കം 9 പേര്‍ക്ക് യോഗം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.  പ്രേംകുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പ്രസിഡന്റ് മോഹന്‍ലാലിന്റെ അദ്ധ്യക്ഷതയില്‍  ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബു വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ സിദ്ധിക്ക് കണക്കുകള്‍ അവതരിപ്പിച്ചു. 'അമ്മ'യുടെ പുതിയ ഡിജിറ്റല്‍ ഐഡന്റിറ്റി കാര്‍ഡ് മോഹന്‍ലാല്‍ മമ്മൂട്ടിക്ക് നല്‍കി തുടക്കം കുറിച്ചു.

മഴവില്‍ മനോരമ  എന്റര്‍ടൈന്മെന്റ് അവാര്‍ഡ് - 2023 ആഗസ്റ്റ് 1 മുതല്‍ 4 വരെ നടത്തുവാനും യോഗം അംഗീകാരം നല്കി. 2024 ജൂണ്‍ 30ന് അടുത്ത വാര്‍ഷിക പൊതുയോഗം നടത്തുവാനും പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് നടത്തുവാനും യോഗം തീരുമാനമെടുത്തു. യോഗത്തില്‍ 290 അംഗങ്ങള്‍ പങ്കെടുത്തു. വനിതാ അംഗങ്ങളാണ് കൂടുതലായി പങ്കെടുത്തത്.  80 ല്‍ കൂടുതല്‍ അംഗങ്ങള്‍ കത്തുവഴി ലീവ് അപേക്ഷ നല്‍കി.
 

 

 

Latest News