ഇന്ദിരാ ഗാന്ധിയുടെ ജീവിത കഥ പറയുന്ന  കങ്കണയുടെ 'എമര്‍ജന്‍സി'  വരുന്നു

മുംബൈ-മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി നടി കങ്കണ റാണട്ട് ഒരുക്കുന്ന 'എമര്‍ജന്‍സി' ചിത്രം റിലീസിന് ഒരുങ്ങുന്നു. നവംബര്‍ 24ന് ആണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ചിത്രത്തില്‍ ഇന്ദിര ഗാന്ധി ആയാണ് കങ്കണ വേഷമിടുന്നത്.
നടന്‍ അനുപം ഖേറിന്റെ ശബ്ദ പശ്ചാത്തലത്തിലുളള ഒരു ടീസറിനൊപ്പമാണ് റിലീസ് തീയതി പങ്കുവച്ചിരിക്കുന്നത്. കങ്കണ സ്വതന്ത്രമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. അടിയന്തരാവസ്ഥ നടപ്പാക്കിയ 1975 ജൂണ്‍ 25 മുതല്‍ 1977 മാര്‍ച്ച് 21 വരെയുള്ള കാലഘട്ടങ്ങളിലെ സംഭവങ്ങള്‍ ദൃശ്യവത്ക്കരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നതും കങ്കണ തന്നെയാണ്.ഗാന്ധിയുടെ രൂപത്തിലുള്ള കങ്കണയുടെ പോസ്റ്ററുകള്‍ നേരത്തെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ കഥയും കങ്കണയാണ് എഴുതിയിരിക്കുന്നത്. റിതേഷ് ഷാ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജി.വി പ്രകാശ് കുമാറാണ് സംഗീതം.
അനുപം ഖേര്‍, മഹിമ ചൗധരി, സതീഷ് കൗശിക്, മിലിന്ദ് സോമന്‍, ശ്രേയസ് താല്‍പഡെ, വിശാഖ് നായര്‍ എന്നിവരാണ് മറ്റു പ്രധാനകഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജീവ് ഗാന്ധിയെയാണ് മലയാളി താരം വിശാഖ് നായര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

Latest News