Sorry, you need to enable JavaScript to visit this website.

പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി, അടിപൊളിയായി തിരിച്ചുവരുമെന്ന് മഹേഷ് കുഞ്ഞുമോന്‍

കൊച്ചി- നടന്‍ കൊല്ലം സുധി മരിച്ച വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മിമിക്രി കലാകാരന്‍ മഹേഷ് കുഞ്ഞുമോന്‍ സുഖം പ്രാപിക്കുന്നു. സമൂഹമാധ്യമത്തില്‍ പങ്കുവച്ച വീഡിയോയില്‍ മഹേഷ് തന്റെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതിയേക്കുറിച്ച് വെളിപ്പെടുത്തി. തനിക്കുവേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവരോടും നന്ദി പറയുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞു സുഖം പ്രാപിച്ചു വരുന്ന മഹേഷ് ഇതാദ്യമായാണ് ക്യാമറയ്ക്ക് മുന്നിലെത്തിയത്.

കോഴിക്കോട് ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവേയായിരുന്നു കൊല്ലം സുധിയും മഹേഷ് കുഞ്ഞുമോനും ബിനു അടിമാലിയുമടങ്ങുന്ന സംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ജൂണ്‍ അഞ്ചിനു പുലര്‍ച്ചെ നാലരയോടെ ദേശീയപാത 66 ലെ പനമ്പിക്കുന്നില്‍ ഇവര്‍ സഞ്ചരിച്ച കാറും പിക്കപ് വാനും കൂട്ടിയിടിക്കുകയായിരുന്നു.
മുഖത്തെ പരിക്കുകള്‍ക്കായി ഒന്‍പതു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയാണ് മഹേഷിന് നടത്തിയത്. മഹേഷിന് മുഖത്തും പല്ലുകള്‍ക്കുാമ്  ഗുരുതരമായി പരിക്കേറ്റിരുന്നത്.
'എല്ലാവര്‍ക്കും അറിയാം, മിമിക്രി ആണ് എന്റെ ജീവിതം. മിമിക്രിയിലൂടെയാണ് നിങ്ങള്‍ എല്ലാവരും എന്നെ തിരിച്ചറിഞ്ഞതും എന്നെ ഇഷ്ടപ്പെട്ടതും. ഇനി കുറച്ചു നാളത്തേക്ക് വിശ്രമമാണ്. നിങ്ങള്‍ ആരും വിഷമിക്കണ്ട, പഴയതിനേക്കാള്‍ അടിപൊളി ആയി ഞാന്‍ തിരിച്ചു വരും. അപ്പോഴും നിങ്ങള്‍ എല്ലാവരും എന്റെ കൂടെ ഉണ്ടാകണം, എന്നെ പിന്തുണയ്ക്കണം എനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവരോടും ഞാന്‍ ഒരിക്കല്‍ കൂടി നന്ദി പറയുകയാണ്'-മഹേഷ് കുഞ്ഞുമോന്‍ പറഞ്ഞു.

കോവിഡ് കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രശസ്ത സിനിമാതാരങ്ങളുടെയും ശബ്ദം അനുകരിച്ച് ശ്രദ്ധേയനായ മിമിക്രി കലാകാരനാണ് മഹേഷ് കുഞ്ഞുമോന്‍. വിനീത് ശ്രീനിവാസന്‍, വിജയ് സേതുപതി, ബാബുരാജ് എന്നിങ്ങനെ പല താരങ്ങളുടെയും ശബ്ദം പൂര്‍ണതയോടെ മഹേഷ് അവതരിപ്പിക്കാറുണ്ട്. 'വിക്രം' സിനിമയുടെ മലയാളം പതിപ്പില്‍ ഏഴ് കഥാപാത്രങ്ങള്‍ക്കാണ് മഹേഷ് ശബ്ദം നല്‍കിയത്. അടുത്തിടെ വന്ന ഒരു പരസ്യത്തില്‍ തമിഴ്‌നടന്‍ കാര്‍ത്തിക്ക് ശബ്ദം നല്‍കിയത് മഹേഷാണ്.

 

Latest News