കൊച്ചി - സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് ആശ്വാസം. കേസിലെ തുടർ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്ന നടന്റെ ഹർജിയിലാണ് ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചിന്റെ നടപടി. പരാതിക്കാരിയുമായി ഒത്തുതീർപ്പായെന്ന് ഉണ്ണി മുകുന്ദൻ കോടതിയെ അറിയിക്കുകയായിരുന്നു.
2017-ൽസിനിമാ ചർച്ചയ്ക്ക് ഫഌറ്റിലേക്ക് വിളിച്ചുവരുത്തി ഉണ്ണി മുകുന്ദൻ ലൈംഗികമായി ആക്രമിച്ചു, സ്ത്രീത്വത്തെ അപമാനിക്കുംവിധം മോശമായി പെരുമാറി എന്നിങ്ങനെയാണ് നടനെതിരെ കോട്ടയം സ്വദേശിനിയായ യുവതി പരാതിപ്പെട്ടത്. കേസിൽ എറണാകുളം ജുഡീഷ്യൽ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. വിചാരണ പുരോഗമിക്കുന്നതിനിടെയാണു കേസ് റദ്ദാക്കാൻ ഉണ്ണി മുകുന്ദൻ ഹൈക്കോടതിയെ സമീപിച്ചത്.
കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്നു പരാതിക്കാരി അറിയിച്ചിട്ടുണ്ടെന്നു നടന്റെ അഭിഭാഷകൻ വിശദീകരിച്ചതിനെത്തുടർന്ന് ഹൈക്കോടതി 2021 മേയ് ഏഴിന് വിചാരണ നടപടി രണ്ടുമാസത്തേക്കു സ്റ്റേ ചെയ്തിരുന്നു. പിന്നീട് 2022 ഓഗസ്റ്റ് 22ന് കേസ് ഒത്തുതീര്പ്പായെന്നു നടന്റെ അഭിഭാഷകൻ അറിയിച്ചു. തുടരന്ന് സ്റ്റേ പലതവണ നീട്ടിയിരുന്നു.
ഈ വർഷം ഫെബ്രുവരിയിൽ വീണ്ടും കേസ് പരിഗണിച്ചപ്പോൾ താൻ ഒത്തുതീർപ്പ് കരാറിൽ ഒപ്പിട്ടിട്ടില്ലെന്നും രേഖ വ്യാജമാണെന്നും പരാതിക്കാരി അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കേസ് റദ്ദാക്കണമെന്ന നടന്റെ ഹരജി കഴിഞ്ഞ മാസം കോടതി തള്ളിയിരുന്നു. ഇപ്പോൾ വീണ്ടും പരാതിക്കാരിയുമായി ഒത്തുതീർപ്പായെന്ന് നടന്റെ അഭിഭാഷകൻ അറിയിച്ചതോടെയാണ് കേസിന്റെ തുടർ നടപടികൾ ഹൈക്കോടതി വീണ്ടും സ്റ്റേ ചെയ്തത്.