കൊച്ചി- മൈഡിയര്‍ കുട്ടിച്ചാത്തനു ശേഷം ഒറിജിനല്‍ ത്രി ഡി ക്യാമറയില്‍ ചിത്രീകരിച്ച ആദ്യ ഇന്ത്യന്‍ ത്രി ഡി ചിത്രം സാല്‍മണ്‍ ജൂണ്‍ 30ന് റിലീസാകുന്നു. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായി ഏഴു ഭാഷകളിലാണ് സാല്‍മണ്‍ ത്രി ഡി തയ്യാറാക്കിയിരിക്കുന്നത്. അഞ്ച് ഭാഷകളിലാണ് ജൂണ്‍ 30ന് റിലീസ് ചെയ്യുന്നത്.
ഡോള്‍സ്, കാട്ടുമാക്കാന് എന്നീ സിനിമകള്‍ക്കു ശേഷം ഷലീല്‍ കല്ലൂര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് സാല്‍മണ്‍ ത്രിഡി. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി, മറാഠി, ബംഗാളി ഭാഷകളിലാണ് സിനിമ ലോകത്താകമാനം വെള്ളിത്തിരയിലെത്തുക.
വിജയ് യേശുദാസ് നായകനായെത്തുന്ന സിനിമയില്‍ ജോനിറ്റ ഡോഡ, നേഹ സക്സേന, ചരിത് ബലാപ്പ, രാജീവ് പിള്ള, ഷിയാസ് കരീം, ജാബിര്‍ മുഹമ്മദ്, ഇബ്രാഹിം കുട്ടി, ബഷീര്‍ ബഷി, നവീന്‍ ഇല്ലത്ത്, മീനാക്ഷി ജയ്സ്വാള്‍, പ്രേമി വിശ്വനാഥ്, തന്വി കിഷോര്‍, ആഞ്ജോ നയാര്‍, ഷിനി അമ്പലത്തൊടി, ബേബി ദേവാനന്ദ, ബേബി ഹെന തുടങ്ങിയവരാണ് അഭിനയിക്കുന്നത്. അഭിനേതാവ് കൂടിയായ സംവിധായന് ഷലീല്‍ കല്ലൂരും സാല്‍മണില്‍ വേഷമിടുന്നുണ്ട്.
റൊമാന്റിക് സസ്പെന്‍സ് ത്രില്ലര്‍ ജോണറിലുള്ള സാല്‍മണ്‍ ത്രിഡി എം. ജെ. എസ് മീഡിയയുടെ ബാനറില്‍ ഷാജു തോമസ് (യു. എസ്. എ), ജോസ് ഡി പെക്കാട്ടില്‍, ജോയ്സന്‍ ഡി പെക്കാട്ടില്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
ജനിച്ചു വീഴുമ്പോള്‍ തന്നെ അനാഥാകുമ്പോഴും പ്രതികൂല കാലാവസ്ഥകളെ തരണം ചെയ്ത് കടല്‍ മാര്‍ഗ്ഗം ഭൂഖണ്ഡങ്ങള്‍ മാറി സഞ്ചരിക്കുന്ന സാല്‍മണ്‍ മത്സ്യത്തിന്റെ പേരാണ് സിനിമയ്ക്ക് നല്‍കിയിരിക്കുന്നത്. പ്രതികൂലാവസ്ഥകളെ തരണം ചെയ്ത് ജീവിതംകൊണ്ട് ഭൂഖണ്ഡാന്തര യാത്ര നടത്തുന്ന നായകന് തന്നെയാണ് സാല്‍മണ്‍ എന്ന പേരിലേക്ക് സിനിമയെ എത്തിക്കുന്നത്.
ദുബൈയില്‍ ഭാര്യ സമീറയും മകള്‍ ഷെസാനുമൊത്ത് ജീവിക്കുന്ന സര്‍ഫറോഷ് അവധിക്കാലത്ത് ഭാര്യയും മകളും നാട്ടില്‍ പോയപ്പോള്‍ സുഹൃത്തുക്കളുമായി നടത്തുന്ന ആഘോഷം ജീവിതത്തിലെ നിര്‍ണായക സംഭവങ്ങളിലേക്ക് എത്തുന്നതാണ് സാല്‍മണില്‍ സസ്പെന്‍സ് ത്രില്ലറായി എത്തുന്നത്.
ടി സീരിസ് ലഹിരിയിലൂടെ പുറത്തിറങ്ങിയ സാല്‍മണിലെ ഗാനങ്ങള്‍ ഇതിനകം ഇന്ത്യന്‍ യുവത്വത്തിന്റെ ചുണ്ടുകളില്‍ ലഹരിയായി പടര്‍ന്നുകഴിഞ്ഞു. വിജയ് യേശുദാസും ജോനിറ്റ ഡോഡയും രംഗത്തെത്തിയ 'കാതല്‍ എന്‍ കവിതൈ' എന്ന ഗാനം യൂട്യൂബിലും ഇന്‍സ്റ്റ റീല്‍സിലും വൈറലായിരുന്നു. ഒന്നരക്കോടിയിലേറെ കാഴ്ചക്കാരാണ് ടി സീരിസ് ലഹിരിയുടെ യൂട്യൂബ് ചാനലില്‍ മാത്രം ഈ ഗാനത്തിനുണ്ടായത്. പത്ത് ലക്ഷത്തോളം പേര് റീല്‍സ് ചെയ്യാന്‍ ഈ ഗാനം ഉപയോഗിച്ചു.
രാഹുല്‍ മേനോനാണ് ക്യാമറ. ത്രിഡി സ്റ്റിറോസ്കോപിക് ഡയറക്ടറായി ജീമോന്‍ പുല്ലേലിയും സൗണ്ട് ഡിസൈനറായി ഗണേഷ് ഗംഗാധരനും ത്രിഡി സ്റ്റീരിയോ ഗ്രാഫറായി ജീമോന്‍ കെ. പി (കുഞ്ഞുമോന്), സംഗീതം ശ്രീജിത്ത് എടവനയും നിര്‍വഹിക്കുന്നു.
തിയേറ്ററില്‍ മികച്ച കാഴ്ചാ അനുഭവവും അതോടൊപ്പം കുടുംബത്തേയും കുട്ടികളേയും ത്രസിപ്പിക്കുകയും ചെയ്യുന്ന ചിത്രമാണ് സാല്‍മണ്‍ ത്രി ഡി.