അമ്മയാകുന്ന സന്തോഷം പങ്കുവെച്ച് സ്വര ഭാസ്‌കര്‍, പുതിയ ലോകത്തേക്ക് ചുവടുവെക്കുന്നു

അമ്മയാകുന്ന സന്തോഷം പങ്കുവെച്ച് സ്വര ഭാസ്‌കര്‍. 'ചില സമയത്ത് നിങ്ങളുടെ എല്ലാ പ്രാര്‍ഥനകള്‍ക്കും ഒരുമിച്ച് ഉത്തരം ലഭിക്കും. ഞങ്ങള്‍ ഒരു പുതിയ ലോകത്തേക്ക് ചുവടുവെക്കുമ്പോള്‍ അനുഗ്രഹീതരും നന്ദിയുള്ളവരും ആവേശഭരിതരും ആയി മാറുന്നു' എന്ന കുറിപ്പോടെയാണ് ഭര്‍ത്താവ് ഫഹദിനൊപ്പമുള്ള ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. രണ്ടു വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് നടി സ്വര ഭാസ്‌കറും സമാജ്‌വാദി പാര്‍ട്ടി നേതാവ് ഫഹദ് അഹമ്മദും വിവാഹിതരായത്.
സൂര്യാസ്തമയത്തിന്റെ പശ്ചാത്തലത്തില്‍ എടുത്ത ചിത്രങ്ങളില്‍ സ്വരയുടെ നിറവയര്‍ ചേര്‍ത്തുപിടിക്കുന്ന ഫഹദുമുണ്ട്. 2009ല്‍ റിലീസായ 'മധോലാല്‍ കീപ്പ് വാക്കിങ്' എന്ന ചിത്രത്തിലൂടെയാണ് സ്വര ഭാസ്‌കര്‍ സിനിമയിലെത്തുന്നത്. 'തനു വെഡ്‌സ് മനു' എന്ന ചിത്രത്തിലൂടെയാണ് താരം കൂടുതല്‍ ശ്രദ്ധ നേടുന്നത്. ചില്ലര്‍ പാര്‍ട്ടി, ഔറംഗസേബ്, രാഞ്ജന, പ്രേം രത്തന്‍ ധന്‍ പായോ, വീരെ ദി വെഡ്ഡിംഗ് തുടങ്ങിയവയാണ് നടിയുടെ മറ്റ് ശ്രദ്ധേയ ചിത്രങ്ങള്‍. മുപ്പത്തിയൊന്നുകാരനായ ഫഹദ് സമാജ്‌വാദി യുവജന്‍ സഭയുടെ മഹാരാഷ്ട്ര പ്രസിഡന്റാണ്.
നേവല്‍ ഓഫീസറായിരുന്ന സി. ഉദയ്ഭാസ്‌കറുടെയും ദല്‍ഹി ജവാഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയില്‍ ചലച്ചിത്രപഠനവിഭാഗം പ്രൊഫസറായ ഇറ ഭാസ്‌കറുടെയും മകളാണ് സ്വര.

 

Latest News