Sorry, you need to enable JavaScript to visit this website.

തോറ്റത് മോഡിയും അമിത് ഷായും; രാമചന്ദ്ര ഗുഹയുടെ വിലയിരുത്തല്‍

ബംഗളൂരു-കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ടത്  പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേയും ആഭ്യന്തര മന്ത്രി അമിത്ഷായുടേയും പരാജയമാണെന്ന് പ്രശസ്ത കോളമിസ്റ്റും ഗ്രന്ഥകാരനുമായ രാമചന്ദ്ര ഗുഹ. അഴിമതിയും വര്‍ഗീയതയും മാത്രം നിറഞ്ഞുനിന്ന ഭരണത്തിനാണ് ജനങ്ങള്‍ അറുതി കുറിച്ചത്. ബിജെപി കര്‍ണാടക ഘടകത്തിന്റെ മാത്രം പരാജയമല്ല ഇത്. ഇത് പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും പരാജയം കൂടിയാണ്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അജണ്ടകള്‍ തീരുമാനിച്ചതും നടപ്പിലാക്കിയതും മേല്‍നോട്ടം വഹിച്ചതും അമിത് ഷായുടെ നേതൃത്വത്തിലുളള സംഘമാണ്. ഓരോ ജാതി വിഭാഗങ്ങളെയും നേരില്‍ക്കണ്ട് വര്‍ഗീയമായി അവരെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചും കോണ്‍ഗ്രസ് നേതാക്കള്‍ ഹിന്ദുവിന്റെ വികാരങ്ങള്‍ക്ക് എതിരാണെന്ന് പ്രചരിപ്പിച്ചുമാണ് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനംവരെ മുന്നോട്ടുപോയത്. ബജ്‌റംഗ് ബലി, ഹിജാബ്, ലവ് ജിഹാദ്, ഹലാല്‍, ടിപ്പു സുല്‍ത്താന്‍ തുടങ്ങി അമിത് ഷാ കഴിഞ്ഞ രണ്ടുവര്‍ഷമായി കര്‍ണാടകയില്‍ വന്ന് പ്രസംഗിച്ചതെല്ലാം അത്യന്തം വര്‍ഗീയമായ കാര്യങ്ങളായിരുന്നു. ടിപ്പു സുല്‍ത്താനെ വധിച്ച് കര്‍ണാടകയുടെ മാനം കാത്തത് രണ്ട് ഗൗഡമാരാണ് എന്ന കെട്ടുകഥയടക്കം അദ്ദേഹം പ്രചരിപ്പിച്ചു. കുറുവടിയുമായി നടക്കുന്ന ബജ്‌റംഗ്ദളിനെ പിടിച്ചുകെട്ടുമെന്ന് കോണ്‍ഗ്രസ് പരസ്യമായി പറഞ്ഞപ്പോള്‍ അത് ബജ്‌റംഗ് ബലിയെ അവഹേളിക്കുന്നതിനു തുല്യമാണെന്ന തരത്തില്‍ പ്രചാരണം നടത്തിയതും അമിത് ഷായാണ്. മോഡി അതേറ്റുപിടിക്കുക മാത്രമാണ് ചെയ്തത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടേണ്ട വിഷയമായിരുന്നു അത്.  കര്‍ണാടകയിലെ ജനങ്ങള്‍ ആ ബട്ടണില്‍ അമര്‍ത്തിയില്ല.അത്തരം വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഭാഷണങ്ങള്‍ ഗുജറാത്ത്, യുപി പോലുളള ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ ബിജെപിക്ക് ഗുണം ചെയ്‌തേക്കാം. എന്നാല്‍ എല്ലാ സംസ്ഥാനങ്ങളും അങ്ങനെയല്ല. കോണ്‍ഗ്രസും അതേറ്റുപിടിച്ചില്ല. മറിച്ച് അവര്‍ ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിച്ചത് അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കണക്കുകളാണ്. അത് ജനങ്ങള്‍ക്ക് അക്ഷരംപ്രതി ബോധ്യമായി എന്നതിന്റെ തെളിവാണ് കോണ്‍ഗ്രസ് നേടിയ വിജയം. ഇപ്പോള്‍ സൗത്ത് ഇന്ത്യ ബിജെപി മുക്തമായിരിക്കുകയാണ്.
കര്‍ണാടകയില്‍ ബിജെപിയുടെ പ്രചാരണത്തിന്റെ മുഖം നരേന്ദ്രമോഡിയായിരുന്നു. പ്രാദേശിക മാധ്യമങ്ങളിലെല്ലാം ബിജെപി നല്‍കിയ പരസ്യങ്ങളിലെ മുഖവും മോഡിയുടേത് മാത്രമായിരുന്നു. നേരേമറിച്ച് കോണ്‍ഗ്രസിന്റെ പരസ്യങ്ങളില്‍ നിറഞ്ഞുനിന്നിരുന്നത് ഡി കെ ശിവകുമാറും സിദ്ധരാമയ്യയുമടക്കമുളള പ്രാദേശിക നേതാക്കളായിരുന്നു. മോഡി കര്‍ണാടകയിലുടനീളം 29 റോഡ് ഷോകളാണ് നടത്തിയത്. ബംഗളൂരുവില്‍ സീറ്റുകളുടെ എണ്ണത്തില്‍ കോണ്‍ഗ്രസിനൊപ്പമെത്താനായി എന്നതല്ലാതെ മറ്റിടങ്ങളിലൊന്നും അത് ഒരു ചലനവുമുണ്ടാക്കിയില്ല. അതുകൊണ്ട് ഇത് മോഡിയുടെ പരാജയമാണോ എന്ന് ചോദിച്ചാല്‍ മറിച്ചൊന്നും ആലോചിക്കാതെ അതെ എന്ന് ഉത്തരം പറയാം.
മറ്റൊരു കാര്യം, കോണ്‍ഗ്രസിന്റെ വിജയം രാഹുല്‍ ഗാന്ധിയുടെയും അദ്ദേഹം നടത്തിയ ഭാരത് ജോഡോ യാത്രയുടെയും വിജയം കൂടിയാണെന്ന തരത്തില്‍ ചില നേതാക്കള്‍ പ്രചാരണം നടത്തുന്നുണ്ട്. അതില്‍ കുറേയൊക്കെ ശരികളുണ്ടെങ്കിലും പൂര്‍ണ്ണമായും രാഹുല്‍ ഇഫക്ട് അല്ല കര്‍ണാടകയില്‍ പ്രവര്‍ത്തിച്ചതെന്ന് കാണാനാവും. ഞാനിതു പറയുന്നത് ഒരു ചരിത്ര വിദ്യാര്‍ത്ഥി എന്ന നിലയിലല്ല, കര്‍ണാടകയില്‍ സ്ഥിരമായി താമസിക്കുന്ന ഇവിടുത്തെ ഒരു വോട്ടര്‍ എന്ന നിലയിലാണ്.

ഹിമാചല്‍ പ്രദേശില്‍ ഭരണവിരുദ്ധ വികാരംപോലും മറികടന്ന് കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍ പല നിരീക്ഷകരും പറഞ്ഞിരുന്നത് അത് രാഹുല്‍ ഗാന്ധി അവിടെ പ്രചാരണത്തിന് പോകാതിരുന്നതുകൊണ്ട് മാത്രം ലഭിച്ച വിജയമാണ് എന്നായിരുന്നു. അതുകൊണ്ട് രാഹുല്‍ ഗാന്ധിയെപ്പറ്റിയുളള ഇത്തരം പ്രചാരണങ്ങളില്‍ കാമ്പുണ്ടെന്ന് തോന്നുന്നില്ല. ഭാരത് ജോഡോ യാത്ര ജനങ്ങളില്‍ മതിപ്പുണ്ടാക്കിയിട്ടുണ്ടാകാം. പക്ഷെ അതിനേക്കാള്‍ വലുതാണ് ഇവിടെയുണ്ടായിരുന്ന ഭരണവിരുദ്ധ വികാരം. അഴിമതിയും കെടുകാര്യസ്ഥതയും വിലക്കയറ്റവും തൊഴിലില്ലായ്മയും പ്രാദേശിക നേതാക്കളുടെ തമ്മില്‍ത്തല്ലുമെല്ലാം ജനങ്ങളുടെയുളളില്‍ ബിജെപിയോട് അവമതിപ്പുണ്ടാകാന്‍ പ്രധാന കാരണമായി.
2014നു ശേഷം കോണ്‍ഗ്രസ് നേടിയ ഏറ്റവും വലിയ വിജയമാണിതെന്ന് ഞാന്‍ പറയും. രാജസ്ഥാന്‍, ചത്തീസ്ഗഡ്, ഹിമാചല്‍പ്രദേശ് തുടങ്ങി പല സംസ്ഥാനങ്ങളിലും അതിനുശേഷം കോണ്‍ഗ്രസ് വിജയിച്ചിട്ടുണ്ടെങ്കിലും ഈ വിജയത്തിന്റെ തിളക്കം ഒന്നുവേറെയാണ്. അത് രാജ്യമാകെയുളള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജവും ആവേശവും പകരും.

 

Latest News