Sorry, you need to enable JavaScript to visit this website.

നാല് വിവാഹം ചെയ്യാമെന്ന് കരുതുന്നവരുണ്ട്, രാജ്യത്ത് ഇനിയത് നടപ്പില്ലെന്ന് അസം മുഖ്യമന്ത്രി

ഹൈദരാബാദ്-രാജ്യത്ത് ഏകീകൃത സിവില്‍ കോഡ്  ഉടന്‍ തന്നെ നടപ്പാക്കുമെന്നും ബഹുഭാര്യത്വം അവസാനിപ്പിക്കുമെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. തെലങ്കാന ബി.ജെ.പി അധ്യക്ഷനും ലോക്‌സഭാ എം.പിയുമായ ബണ്ടി സഞ്ജയ് കുമാര്‍ കരിംനഗറില്‍ സംഘടിപ്പിച്ച ഹിന്ദു ഏകതാ യാത്രയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നാല് സ്ത്രീകളെ വിവാഹം കഴിക്കാമെന്ന് കരുതുന്ന ചിലര്‍ ഇന്ത്യയിലുണ്ട്. പക്ഷേ, ഇനി നാല് വിവാഹം ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയില്ലെന്ന് ഞാന്‍ പറയുന്നു. ആ ദിവസങ്ങള്‍ അവസാനിക്കാന്‍ പോകുകയാണ്. അത് അത്ര വിദൂരമല്ല. ഇന്ത്യയില്‍ ഏക സിവില്‍ കോഡ്  വരാന്‍ പോകുന്നു. ഇന്ത്യയെ ഒരു യഥാര്‍ത്ഥ മതേതര രാഷ്ട്രമാക്കാനുള്ള സമയവും വന്നിരിക്കയാണ്- ശര്‍മ്മ പറഞ്ഞു.
അസമില്‍ ബഹുഭാര്യത്വം നിരോധിക്കുന്ന കാര്യം പരിശോധിക്കാന്‍ നാലംഗ വിദഗ്ധ സമിതിയെ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചതായി മുഖ്യമന്ത്രി അടുത്തിടെ പറഞ്ഞിരുന്നു.
തെലങ്കാനയില്‍ 'രാജ ഭരണത്തിന്' പകരം 'രാമരാജ്യം' വരുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ പേര് പരാമര്‍ശിക്കാതെ മുതിര്‍ന്ന ബിജെപി നേതാവ് കൂടിയായ ശര്‍മ്മ പറഞ്ഞു.
തെലങ്കാനയില്‍ 'രാമരാജ്യം' വേണം, അതാണ് ഞങ്ങളുടെ ലക്ഷ്യം. ഹിന്ദു നാഗരികതയുടെ അടിസ്ഥാനത്തില്‍ തെലങ്കാനയില്‍ 'രാമരാജ്യം' ഉണ്ടാക്കണം-അദ്ദേഹം പറഞ്ഞു.
തെലങ്കാനയില്‍ ഈ വര്‍ഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തെ തുടര്‍ന്ന് ഹിന്ദുവിന്റെ പേരില്‍ ഇനിയൊന്നും രാജ്യത്ത് സംഭവിക്കില്ലെന്ന് ചിലര്‍ പറയുന്നത് ടെലിവിഷനില്‍ കേട്ടു. സൂര്യനും ചന്ദ്രനും ഉള്ളിടത്തോളം കാലം ഇന്ത്യയില്‍  ദേശീയതയും സനാതന ധര്‍മവും ഉണ്ടാകുമെന്ന് അസം മുഖ്യമന്ത്രി പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News