മുംബൈ-വിവാഹ നിശ്ചയ വേളയില്‍ ബോളിവുഡ് നടി പരിനീതി ചോപ്രയും ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദയും നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മിക്ക സിംഗ് സ്‌റ്റേജില്‍ പാടുന്ന 'ഗാല്‍ മിത്തി മിത്തി'യിലാണ് ദമ്പതികള്‍ ആവേശം കൊണ്ട് ഡാന്‍സ് ചെയ്തത്. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, പരിനീതിയുടെ കസിന്‍ പ്രിയങ്ക ചോപ്ര എന്നിവരുള്‍പ്പെടെ 150 ഓളം അതിഥികള്‍ ചടങ്ങില്‍ പങ്കെടുത്തു.
ഏറെ നാളായി ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് വിവാഹനിശ്ചയം കഴിഞ്ഞ വിവരം ഇരുവരും വെളിപ്പെടുത്തിയത്. ഞാന്‍ യെസ് പറഞ്ഞു എന്ന അടിക്കുറിപ്പോടെയാണ് വിവാഹനിശ്ചയ ചിത്രങ്ങള്‍ നടി പരിനീതി പങ്കുവച്ചത്.
1988 ഒക്ടോബര്‍ 22ന് ഹരിയാനയിലെ അംബാലയില്‍ പഞ്ചാബി കുടുംബത്തിലാണ് പരിനീതിയുടെ ജനനം. അച്ഛന്‍ പവന്‍ ചോപ്ര, അമ്മ റീന ചോപ്ര. നടിമാരായ പ്രിയങ്ക ചോപ്ര, മീര ചോപ്ര എന്നിവര്‍ ബന്ധുക്കളാണ്.
രണ്‍വീര്‍ സിങ്, അനുഷ്‌ക ശര്‍മ എന്നിവരോടൊപ്പം റൊമാന്റിക് കോമഡിയായ ലേഡീസ് വേഴ്‌സസ് റിക്കി ബാല്‍ എന്ന ചിത്രത്തിലെ ഒരു സഹകഥാപാത്രമായാണ് പരിനീതി ചോപ്ര തന്റെ സ്‌ക്രീനില്‍ അരങ്ങേറ്റം കുറിച്ചത്. ചംകീല, കാപ്‌സൂള്‍ ഗില്‍ എന്നിവയാണ് പുതിയ റിലീസുകള്‍.