ന്യൂദൽഹി- വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് അന്താരാഷ്ട്ര നമ്പറുകളിൽനിന്നുള്ള മിസ്ഡ് കോളുകൾ ശല്യമായി തുടരുന്നു. ബിസിനസ് അക്കൗണ്ടായി രജിസ്റ്റർ ചെയ്ത് നമ്പറുകളിൽ നിന്നാണ് കഴിഞ്ഞ രണ്ടാഴ്ചയായി ധാരാളം ഉപയോക്താക്കൾക്ക് മിസ്ഡ് കോളുകളും മെസേജുകളും ലഭിക്കുന്നത്.
ഉപയോക്താക്കളുടെ ഭാഗത്തുനിന്ന് വ്യാപക പരാതികൾ ഉയർന്നതിനെ തുടർന്ന് വാട്സ്ആപ്പിന് നോട്ടീസ് അയക്കുമെന്ന് അറിയിച്ചിരിക്കയാണ് കേന്ദ്ര സർക്കാർ. മിസ്ഡ് കോൾ ലഭിക്കുന്ന നമ്പറുകളിലേക്ക് തിരിച്ചുവിളിച്ചാൽ വീട്ടിൽനിന്നുള്ള ജോലികളും സമ്മാനങ്ങളുമാണ് വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയിലെ ധാരാളം ഉപയോക്താക്കൾക്ക് വലിയ ശല്യമായി മാറിയിരിക്കെ വാട്സ്ആപ്പിൽ നിന്ന് വിശദീകരണം ആവശ്യപ്പെടുമെന്ന് അറിയിച്ചിരിക്കയാണ് കേന്ദ്ര ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്ര ശേഖർ അറിയിച്ചിരിക്കുന്നത്. നിർമിത ബുദ്ധി സംവിധാനങ്ങളും മെഷീൻ ലേണിംഗും ശക്തമാക്കിയിട്ടുണ്ടെന്നും ഉടൻ തന്നെ ഇത്തരത്തിലുള്ള തട്ടിപ്പ് കോളുകൾ പകുതിയായി കുറയുമെന്നാണ് വാട്സ്ആപ്പ് അറിയിച്ചിരിക്കുന്നത്.
കമ്പനിയുടെ വാഗ്ദാനമുണ്ടെങ്കിലും അന്താരാഷ്ട്ര നമ്പറുകളിൽനിന്നുള്ള വ്യാജ കോളുകളിൽ ഒട്ടും കുറവ് വന്നിട്ടില്ലന്ന് ഉപയോക്താക്കൾ പരാതിപ്പെടുന്നു. ഫോൺ നമ്പറുകൾ വെരിഫൈ ചെയ്ത ശേഷം മാത്രമേ സൈനപ്പ് അനുവദിക്കുകയുള്ളൂവെന്ന് വാട്സ്ആപ്പ് അവകാശപ്പെടുന്നുണ്ടെങ്കിലും എങ്ങനെ ഇത്രമാത്രം വ്യാജ കോളുകൾ വരുന്നുവെന്ന ചോദ്യത്തിന് വാട്സ്ആപ്പിനു മറുപടി നൽകാനായിട്ടില്ല. ക്ലോൺ ചെയ്ത മൊബൈൽ നമ്പറുകളിൽ നിന്ന് സൈനപ്പ് അനുവദിക്കാൻ പാടില്ലന്നും ആ വീഴ്ച പരിഹരിക്കുകയാണ് വേണ്ടതെന്ന് മന്ത്രി രാജീവ് ചന്ദ്രശേഖർ പറയുന്നു.