Sorry, you need to enable JavaScript to visit this website.

അഴിമതി: ആര്യന്‍ ഖാനെ കുടുക്കിയ സമീര്‍ വാങ്കഡെക്കെതിരെ സി.ബി.ഐ കേസെടുത്തു

ന്യൂദല്‍ഹി- ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ക്രൂയിസ് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട അഴിമതിയില്‍ മുന്‍ മുംബൈ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്ക്കും മറ്റ് മൂന്ന് പേര്‍ക്കുമെതിരെ സിബിഐ കേസെടുത്തു.
മുംബൈ, ദല്‍ഹി, റാഞ്ചി (ജാര്‍ഖണ്ഡ്), കാണ്‍പൂര്‍ (ഉത്തര്‍പ്രദേശ്) എന്നിവിടങ്ങളിലെ 29 സ്ഥലങ്ങളില്‍ ഏജന്‍സി റെയ്ഡ് നടത്തി.
ആര്യന്‍ ഖാനെതിരായ മയക്കുമരുന്ന് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ കഴിഞ്ഞ ദിവസം സര്‍വ്വീസില്‍ നിന്ന് നീക്കിയിരുന്നു. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ രജിസ്റ്റര്‍ ചെയ്ത കേസ് ആദ്യം അന്വേഷിച്ച വിശ്വ വിജയ് സിംഗ് എന്ന ഉദ്യോഗസ്ഥനെയാണ് ദല്‍ഹി സോണിന് കീഴിലുള്ള എന്‍സിബി അന്വേഷണത്തിന് പിന്നാലെ നീക്കിയത്. ആഡംബര കപ്പലില്‍ ലഹരി വസ്തുക്കളുമായി കണ്ടെത്തിയെന്ന ആരോപണത്തിലായിരുന്നു ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ കേസില്‍ ആര്യന്‍ ഖാനെ പിന്നീട് കുറ്റവിമുക്തനാക്കി.  
എന്‍സിബിയുടെ മുംബൈ ഓഫീസിലെ സൂപ്രണ്ടായിരുന്നു വിശ്വ വിജയ് സിംഗ്. ആര്യന്‍ ഖാനെതിരായ കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനും വിശ്വ വിജയ് സിംഗ് ആയിരുന്നു. ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ് ലഭിച്ചതിന് പിന്നാലെ എന്‍സിബി ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണത്തിന് പിന്നിലെ അഴിമതി ആരോപണങ്ങള്‍ അടക്കമുള്ളവ അന്വേഷിക്കാന്‍ മറ്റൊരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. സസ്‌പെന്‍ഷനില്‍ തന്നെ തുടരുകയായിരുന്ന വിശ്വ വിജയ് സിംഗിനെതിരെ 2019 മുതല്‍ അന്വേഷണം നടന്നിരുന്നു.
ഇതിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ഇയാളെ സര്‍വ്വീസില്‍ നിന്ന് നീക്കിയത്. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ സിംഗപ്പൂരിലേക്ക് പോയ മറ്റൊരു ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായ വിശ്വനാഥ് തിവാരിയെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. എന്‍സിബിയുടെ വിജിലന്‍സ് അന്വേഷണത്തില്‍ ഉദ്യോഗസ്ഥരുടെ വീഴ്ചകളും ചില സ്ഥാപിത താല്പര്യങ്ങളും കണ്ടെത്തിയിരുന്നു. ചില ഉദ്യോഗസ്ഥരുടെ സ്വത്തില്‍ പെട്ടന്ന് വര്‍ധനവുണ്ടായെന്നും വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ലഹരിമരുന്ന് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ആര്യന്‍ ഖാനും മറ്റ് അഞ്ച് പേര്‍ക്കുമെതിരെ തെളിവില്ലെന്ന് കോടതി കണ്ടെത്തിയിരുന്നു. ലഹരി മരുന്ന് പിടികൂടുമ്പോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ കൃത്യമായി ഉദ്യോഗസ്ഥര്‍ കൃത്യമായി പാലിച്ചില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്. പ്രതികളോട് ഉദ്യോഗസ്ഥര്‍ പ്രത്യേകം സമീപനം സ്വീകരിച്ചെന്നും എന്‍സിബിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 2021 ഒക്ടോബറിലാണ് ആഡംബര കപ്പലില്‍ നടത്തിയ റെയ്ഡില്‍ ആര്യന്‍ ഖാന്‍ അടക്കമുള്ളവരെ എന്‍സിബി പിടികൂടിയതും ലഹരി മരുന്ന് കൈവശം വച്ചെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തതും.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News