കോഴിക്കോട്- വിദ്വേഷം വിളമ്പുന്ന സിനിമയായ ദി കേരള സ്റ്റോറിക്കു ശേഷമുണ്ടായ ദുരനുഭവം പങ്കുവെച്ച് പ്രശസ്ത വ്‌ളോഗര്‍ മൃണാള്‍ദാസ് വെങ്ങലാട്ട്.
ചെന്നൈ എയര്‍പോര്‍ട്ടിലുണ്ടായ അനുഭവമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. എയര്‍പോര്‍ട്ടില്‍ വിമാനം കാത്തിരിക്കുമ്പോള്‍ അമ്മയുടെ പ്രായമുള്ള ഒരു സ്ത്രീയെ പരിചയപ്പെട്ടുവെന്നും ധാരാളം കാര്യങ്ങള്‍ സംസാരിച്ച അവര്‍ താന്‍ കേരളത്തില്‍നിന്നാണെന്ന് അറിഞ്ഞതോടെ മിണ്ടാതായെന്നുമാണ് അദ്ദേഹം പറയുന്നത്.
അന്വേഷിച്ചപ്പോഴാണ് കേരള സ്‌റ്റോറിയെ കുറിച്ച് പറയുന്നത്. മുസ്ലിം ന്യൂനപക്ഷത്തേയും കേരളത്തെയും അപമാനിക്കുന്ന വിദ്വേഷ സിനിമയായാണ് കേരള സ്റ്റോറി വിലയിരുത്തപ്പെടുന്നത്.
കോയമ്പത്തൂര്‍ സ്വദേശിയായ സ്ത്രീക്ക് കേരള സ്റ്റോറി കണ്ടതിനുശേഷമാണ് മലയാളികളോട് പ്രശ്‌നം തോന്നിത്തുടങ്ങിയതെന്ന് കാസര്‍കോട് സ്വദേശിയായ മൃണാള്‍ ദാസ് പറയുന്നു.
കര്‍ണാടയില്‍ നാല് വോട്ട് കൂടുതല്‍ കിട്ടുന്നതിനുവേണ്ടി ഇതുപോലുള്ള സിനിമകള്‍ അംഗീകരിക്കുമ്പോള്‍ ഞങ്ങളുടെ കൂടി പ്രധാനമന്ത്രിയാണെന്ന കാര്യം നരേന്ദ്ര മോഡിയെ ഓര്‍മിപ്പിച്ചുകൊണ്ടാണ് മൃണാള്‍ദാസ് തന്റെ ദുരനുഭവം വിശദീകരിച്ചിരിക്കുന്നത്.
ഒരു ഹിന്ദുവായ തന്റെ അനുഭവം ഇങ്ങനെയാണെങ്കില്‍ കേരളത്തിലെ മുസ്ലിംകളുടെയും ക്രിസ്ത്യാനികളുടേയും അവസ്ഥ എന്തായിരിക്കും. ഉത്തര്‍പ്രദേശിലെ റോഡിലിറങ്ങിയാൽ ആക്രമിക്കില്ല എന്നതിന് എന്താണ് ഉറപ്പെന്നും അദ്ദേഹം ചോദിക്കുന്നു.