അഡാര്‍ ലൗ വീണ്ടും പ്രശ്നത്തില്‍. റിലീസ് തീയതി നീളുന്നു. സംവിധായകന് ഒമര്‍ ലുലുവിനെതിരെ പരാതിയുമായി നിര്‍മാതാവ് ഔസേപ്പച്ചന് വാഴക്കുഴി. ഒമര്‍ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രമായ അഡാര്‍ ലൗവിന്റെ നിര്‍മാതാവാണ് ഔസേപ്പച്ചന്. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്. സിനിമ ചെയ്യാന്‍ മുപ്പത് ലക്ഷം കൈപ്പറ്റിയെന്നും എന്നാല്‍ ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ലെന്നുമാണ് പരാതി. നിശ്ചിത സമയത്ത് സിനിമ ചെയ്ത് തീരാത്തതിനാല്‍ തനിക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് വന്നിരിക്കുന്നതെന്നും നിര്‍മാതാവ് പരാതിയില്‍ പറയുന്നു. നിര്‍മാതാവിന്റെ ആരോപണങ്ങള്‍ ശക്തമായി നിഷേധിക്കുന്നുവെന്ന് ഒമര്‍ ലുലു പറഞ്ഞു. ചില അഭിപ്രായവ്യത്യാസങ്ങളാണ് പ്രശ്നങ്ങള്‍ രൂക്ഷമാക്കിയത്. സിനിമയുടെ കഥയെ സംബന്ധിച്ചും ലാഭവിഹിതം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ടും തര്‍ക്കങ്ങളുണ്ട്. പ്രിയ പ്രകാശിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന പിടിവാശിയിലാണ് നിര്‍മാതാവ്. എന്നാല്‍ സിനിമയുടെ കഥയില്‍ അങ്ങിനെ വലിയ മാറ്റം വരുത്താനാകില്ല. ഇത് ഒരു കൂട്ടം പുതുമുഖങ്ങളുടെ സിനിമയാണ്. ജൂലൈ പതിനഞ്ചിന് ഫെഫ്കയില്‍ ഇത് സംബന്ധിച്ച ചര്‍ച്ച നടക്കും. ആരുടെ കയ്യില്‍ നിന്നും കാശ് വാങ്ങി പറ്റിച്ചിട്ടില്ല. അന്ന് എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ഒമര്‍ ലുലു പറഞ്ഞു.