ജയ്പൂര്‍-കര്‍ണാടകയില്‍ ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്ന തെഞ്ഞെടുപ്പ് വാഗ്ദാനം നല്‍കിയ കോണ്‍ഗ്രസിനെ അധികാരത്തിലുള്ള രാജസ്ഥാനില്‍ അതു ചെയ്തു കാണിക്കാന്‍ ബി.ജെ.പി വെല്ലുവിളിച്ചു.
അധികാരത്തിലുള്ള രാജസ്ഥാനില്‍ വലതുപക്ഷ സംഘടനയായ ബജ്‌റംഗ് ദളിനെ നിരോധിച്ചാല്‍ അതിന്റെ പ്രത്യാഘാതം കാണാമെന്നാണ് ബി.ജെ.പി കോണ്‍ഗ്രസിനെ ഭീഷണിപ്പെടുത്തുന്നത്.
ജാതിയുടെയും മതത്തിന്റെയും പേരില്‍ വിദ്വേഷം പരത്തുന്ന വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കുമെതിരെ ശക്തമായ നടപടിയെടുക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വ്യക്തമാക്കിയിരുന്നു. അധികാരത്തിലെത്തിയാല്‍ ഇത്തരം സംഘടനകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെ നിയമാനുസൃതവും നിര്‍ണായകവുമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് ബജ്‌റംഗ് ദള്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നീ സംഘടനകളുടെ പേരെടുത്ത് പറഞ്ഞുകൊണ്ട് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തത്.
കര്‍ണാടകയില്‍ ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്നാണ് സോണിയ ഗാന്ധി പറയുന്നത്. സോണിയാ ഗാന്ധിക്ക് ധൈര്യമുണ്ടെങ്കില്‍ രാജസ്ഥാനില്‍ ബജ്‌റംഗ്ദളിനെ നിരോധിക്കൂ. ഹനുമാന്‍ ഭക്തരായ ബജ്‌റംഗ്ദളിന്റെ ശക്തി അവര്‍ക്ക് അറിയാന്‍ കഴിയും. അങ്ങനെ ചെയ്താല്‍ രാജസ്ഥാനില്‍ മാത്രമല്ല, ഇന്ത്യയൊട്ടാകെ കോണ്‍ഗ്രസ് ഇല്ലാതാകും- സവായ് മധോപൂരില്‍ നടന്ന ജന്‍ ആക്രോശ് മഹാസഭയില്‍ രാജസ്ഥാന്‍ ബിജെപി അധ്യക്ഷന്‍ സി.പി ജോഷി പറഞ്ഞു.
പിഎഫ്‌ഐ പോലുള്ള തീവ്രവാദ സംഘടനകളെ കോണ്‍ഗ്രസ് പ്രോത്സാഹിപ്പിക്കുകയും ഹിന്ദു ആഘോഷങ്ങള്‍ നിരോധിക്കുകയും ചെയ്യുന്നുവെന്ന് ബി.ജെ.പി ആരോപിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)