Sorry, you need to enable JavaScript to visit this website.

മാനഭംഗക്കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും മാനഭംഗശ്രമം; പ്രതി പിടിയില്‍

കൊച്ചി-മാനഭംഗക്കേസില്‍ കോടതിയില്‍നിന്ന് ജാമ്യം ലഭിച്ചയാള്‍ വീണ്ടും വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റില്‍. ഞാറയ്ക്കല്‍ മണപ്പുറത്ത് വീട്ടില്‍ ആനന്ദനെ(42)യാണ്  ഞാറയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകിട്ട് പുതുവൈയ്പ്പ് ഭാഗത്ത് വച്ചായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വീട്ടമ്മയുടെ സമീപം സ്‌കൂട്ടറിലെത്തിയ ഇയാള്‍ എല്‍.എന്‍.ജി യില്‍ ജോലി ഒഴിവുണ്ടെന്നും ഇപ്പോള്‍ തന്നെ ചെന്നാല്‍ വീട്ടമ്മയ്‌ക്കോ പരിചയത്തിലുള്ള മറ്റാര്‍ക്കെങ്കിലുമോ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് തന്ത്രപൂര്‍വ്വം സ്‌കൂട്ടറില്‍ കയറ്റുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ സ്‌കൂട്ടറില്‍ കയറിയ വീട്ടമ്മയെ പുതുവൈപ്പ് എല്‍.എന്‍.ജി ഭാഗത്തുള്ള ആളൊഴിഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോയി. ഇയാളുടെ പ്രവര്‍ത്തിയില്‍ സംശയം തോന്നിയ വീട്ടമ്മ പലവട്ടം സ്‌കൂട്ടര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ത്താതിരുന്നതിനെ തുടര്‍ന്ന് സ്‌കൂട്ടറില്‍ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു സ്‌കൂട്ടറില്‍ നിന്നുള്ള വീഴ്ചയില്‍ വീട്ടമ്മയ്ക്ക് സാരമായ പരിക്കേറ്റു. മുന്‍പ് ഇതേ രീതിയിലുള്ള മറ്റ് രണ്ട് കേസുകളും ആനന്ദനെതിരെ ഞാറയ്ക്കല്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2016 ല്‍ ബസ്സ് കാത്ത് നിന്ന 67 വയസ്സുള്ള സ്ത്രീയെ ഹോസ്പിറ്റലില്‍ അഡ്മിറ്റായിരിക്കുന്ന ഭര്‍ത്താവിന്റെ സമീപത്ത് എത്തിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സ്‌കൂട്ടറില്‍ കയറ്റി കളമശ്ശേരി എച്ച്.എം.റ്റി ക്വാര്‍ട്ടേഴ്‌സ് ഭാഗത്തെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മാനഭംഗപ്പെടുത്തിയിരുന്നു. ഈ കേസില്‍ ആനന്ദനെ എറണാകുളം അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെക്ഷന്‍സ് കോടതി പത്ത് വര്‍ഷത്തെ കഠിന തടവും, 25000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. പിന്നീട് ഹൈക്കോടതിയില്‍ നിന്നും ജാമ്യത്തില്‍ പോകുകയായിരുന്നു. ജാമ്യത്തിലിരിക്കേയാണ് ഇപ്പോള്‍ സമാനമായ കേസില്‍ പ്രതിയാകുന്നത്. കൂടാതെ 2021 ല്‍ 53 വയസ്സുള്ള മറ്റൊരു വീട്ടമ്മയെ സ്‌കൂട്ടറില്‍ കയറ്റി പുതുവൈപ്പ് എല്‍.എന്‍.ജി ഭാഗത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. നിസാര പരിക്കുകളോടെ വീട്ടമ്മ അന്ന് രക്ഷപ്പെടുകയായിരുന്നു.ഇയാളുടെ ജാമ്യം റദ്ദ് ചെയ്യുന്നതിന് കോടതിയില്‍ പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. അന്വേഷണ സംഘത്തില്‍ഇന്‍സ്‌പെക്ടര്‍ രാജന്‍ കെ അരമന, എസ്.ഐ മാരായ അഖില്‍ വിജയകുമാര്‍. വന്ദന കൃഷ്ണന്‍, എ.എസ്.ഐ കെ.എ.റാണി, എസ്. സി.പി.ഒ മാരായ കെ.ജെ. ഗിരിജാവല്ലഭന്‍, എ.യു, ഉമേഷ്, സി.പി.ഒ മാരായ സൂജേഷ് കുമാര്‍, ആന്റെണി ഫ്രെഡി, ഒ.ബി.സുനില്‍, എ.എ. അഭിലാഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News